ബ്രിട്ടിഷ് ഓർമയുടെ വെസ്റ്റ് ഹിൽ, രുചിയോടെ ചൂടൻ പൊറോട്ടയും

സോഡിയം വേപ്പർലാംപിന്റെ നിറമുള്ള രാത്രികളായിരുന്നു ഒരിക്കൽ‍ ഈ നഗരത്തിൽ. ഇന്ന് തൂവെള്ള നിറമുള്ള തെരുവുവിളക്കുകൾ വഴിയോരത്ത് വെളിച്ചം കോരിച്ചൊരിയുന്നു. പക്ഷേ ആ മഞ്ഞവെളിച്ചത്തിലൂടെ നടക്കുന്നത് ഒരനുഭൂതിയായിരുന്നു.

ഉറക്കമില്ലാത്ത നഗരമാണ് കോഴിക്കോട്. കവി പാടിയതുപോലെ ‘നഗരരാത്രിതൻ നിർനിദ്രജീവിതം’ ഈ വഴികളിൽ അടുത്തറിയാം. നേരം പുലരുംവരെ കടപ്പുറത്തും മിഠായിത്തെരുവിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ. ഈ തണുപ്പിലലിഞ്ഞ്, ഈറൻകാറ്റേറ്റുള്ള നടത്തം. ഇരുണ്ട ഓരോ കോണിലും എന്തെങ്കിലുമൊക്കെ കഥകൾ കാത്തുവയ്ക്കുന്ന നഗരവീഥികൾ.

റോക്ക്ഹാൾ റോഡെന്ന് കേട്ടിട്ടുണ്ടോ? അങ്ങ് ഇംഗ്ലണ്ടിലെ തെരുവീഥിയൊന്നുമല്ല, ഇങ്ങു കോഴിക്കോട്ടെ ഒരു റോഡാണിത്. കൃത്യമായി പറഞ്ഞാൽ ബാരക്സിൽനിന്ന് വെസ്റ്റ്ഹില്ലിലേക്ക് വളഞ്ഞുപുളഞ്ഞു വരുന്ന റോഡ്.

പടിഞ്ഞാറേ കുന്നിൻമുകളിൽ ബ്രിട്ടിഷുകാർ നിർമിച്ച പട്ടാളക്യാംപ്. അവർ‍ ഈ കുന്നിനെ ഇംഗ്ലിഷിൽ ‘വെസ്റ്റ്ഹിൽ’ എന്നുവിളിച്ചു. അന്നത്തെ കലക്ടർ കനോലിക്ക് കുന്നിൻമുകളിലെ തന്റെ ബംഗ്ലാവിൽനിന്നു നോക്കിയാൽ നഗരം മുഴുവൻ കാണാമായിരുന്നു. ബ്രിട്ടിഷുകാർ ‘റോക്ക് ആൻഡ് റോൾ’ ഡാൻസ് കളിക്കാൻ സ്ഥാപിച്ച നൃത്തശാല ഈ കുന്നിൻമുകളിൽ എവിടെയോ ആയിരുന്നു. റോക്ക് ഹാളിലേക്കുള്ള വഴിയായതിനാലാണ് ഈ റോഡിനു റോക്ക്ഹാൾ റോഡെന്നു പേരുവീണത്. 1905ലെ നഗരസഭാ രേഖകളിൽ റോക്ക്ഹാൾ റോഡെന്ന പരാമർശം കാണാം. കാലം മാറി. ബ്രിട്ടിഷുകാർ നാടുവിട്ടു, പ്രദേശം ഇന്ത്യൻ പട്ടാളക്കാരുടെ കയ്യിലായി. മദിരാശി സംസ്ഥാനത്തുനിന്ന് വേർപെട്ട് മലബാർ തിരു–കൊച്ചിയോടു ചേർന്നു കേരളത്തിനു രൂപം നൽകി. വെസ്റ്റ്ഹില്ലിനു മുകളിൽ പട്ടാള ബാരക്കുകളായി. കുന്നിൻചെരുവിലെ കൂർത്ത പാറക്കല്ലുകൾ തേഞ്ഞുതേഞ്ഞ് പതംവന്നു.  അറബിക്കടലിൽനിന്നു വീശുന്ന കാറ്റേറ്റ് ഇതിലേ നടക്കുമ്പോൾ മനസിലേക്ക് ഓടി വരിക ആ പോയകാലത്തിന്റെ കഥകളാണ്.

ഓരോന്നോർത്തു നടന്നതുകൊണ്ട് വിക്രം മൈതാനവും പോളിടെക്നിക്കും കടന്നത് അറിഞ്ഞേയില്ല. വന്നുനിൽക്കുന്നത് വെസ്റ്റ്ഹിൽ ജംക്‌ഷനിലാണ്. ദേശീയപാതയോടു ചേർന്ന് ഹോട്ടൽ രത്നാകര തലയുയർത്തി നിൽക്കുന്നു. കടകൾക്കുമുന്നിൽ ബദാംമരം വളർത്തുന്നത് കോഴിക്കോട്ടെ പ്രത്യേകതയാണെന്ന് തോന്നുന്നു.

പുട്ടും ബീഫും പോയ കാലവും

ചൂടോടെ പുട്ടും ബീഫും പൊറോട്ടയും ചിക്കൻ കറിയും കടലക്കറിയുമൊക്കെ മുന്നിലെത്തി. റെഡിമെയ്ഡ് മസാലപ്പൊടികളുടെ രുചിയല്ല ഒരുകറിക്കും. തനി നാടൻ ചേരുവകളുടെ ആഘോഷം. മല്ലിപ്പൊടിയും ജീരകവും  വെളുത്തുള്ളിയുമൊക്കെ ചേരുന്ന കലക്കൻ രുചിക്കൂട്ടുകൾ. തനിനാടൻ രുചിയുടെ ഉണർവ്.

രാത്രിയും പകലും തുറന്നിരിക്കുന്ന ഹോട്ടലായിരുന്നു അടുത്തകാലം വരെ രത്നാകര. ഒന്നര വർഷമായി ഹോട്ടൽ രാവിലെ അഞ്ചു മണിക്കു തുറന്ന് അടുത്ത ദിവസം രാവിലെ മൂന്നരയ്ക്ക് അടയ്ക്കും. ഇരുപത്തിയൊന്നര മണിക്കൂറും അടുപ്പിലെ തീയെരിയും. 

മേശയിൽ പ്ലേറ്റുകൾ നിരക്കും. ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് എത്ര വൈകിയാലും രത്നാകരയിൽ ഭക്ഷണം കിട്ടുമെന്ന് ഉറപ്പാണ്.

തനി നാടൻ കോഴിക്കോടൻ രുചിയാണ് മേശയിൽ പരക്കുന്നത്. പുട്ടും കോഴി പാട്സും ഉപ്പുമാവുമൊക്കെയായിരുന്നു രത്നാകരയിൽ ഒരുകാലത്ത് രുചിയുടെ പൂരം തീർത്തത്. ഇപ്പോൾ കാലം മാറി. പുട്ട്–ബീഫ് കറി, പുട്ട്–ബീഫ് പാട്സ്, പൊറോട്ട–ചിക്കൻ പൊരിച്ചത് തുടങ്ങി വൈവിധ്യങ്ങളാണ് രാത്രി പുലരുവോളം മേശ കീഴടക്കുന്നത്.

എ.ജെ. തോൺസ് എന്ന സായിപ്പ് മലബാർ കലക്ടറായിരുന്ന കാലത്താണ് ഹോട്ടൽ രത്നാകരയും തുറന്നത്. കൃത്യമായി പറഞ്ഞാൽ 99ലെ വെള്ളപ്പൊക്കത്തിനുശേഷം!. 1926–28 കാലഘട്ടത്തിൽ വെസ്റ്റ്ഹിൽ സ്വദേശി രാഘവനാണ് ഇവിടെ ഹോട്ടലിനു തുടക്കമിട്ടത്. നാടൻ ഭക്ഷണവും കറികളും മാത്രം കിട്ടുന്ന  ഒരു ഹോട്ടൽ. അന്ന് ഹോട്ടലിനു പേരില്ല. രാഘവന്റെ കാലശേഷം മകൻ രത്നാകരനും സഹോദരൻമാരും ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തു.  

മൂന്നാംതലുറമുയിലെ വികാസും റികീഷുമാണ് ഇപ്പോൾ ഹോട്ടലിന്റെ നടത്തിപ്പുകാർ. രുചിയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച് അച്ഛനും ചെറിയച്ഛനും മക്കളുമൊക്കെ ചേർന്നു നടത്തുന്ന ഹോട്ടൽ തലമുറകളിലേക്ക് കൈമാറി യാത്ര തുടരുകയാണ്.