പലഹാരത്തിന്റെ പേര് ‘പുളിവാരൽ’

പ്രതാപം വിട്ടുമാറാത്ത മലബാറിലെ തറവാടുകൾ. സൽക്കാരവേളയിൽ വെടിച്ചില്ലുപോലെ പേരുള്ള, കണ്ടാൽ വായിൽ വെള്ളമൂറുന്ന കിടുക്കാച്ചി ഐറ്റംസ് മുന്നിൽ വേണമെന്ന് നിർബന്ധമുള്ള കാർന്നോമ്മാര്!  ആ വീട്ടില് വന്നുകയറുന്ന പുയ്യാപ്ലക്ക് ഭക്ഷണകാര്യം കുശാലാവാൻ വേറെന്താണുവേണ്ടത്?

എല്ലാവർക്കും സുപരിചിതമായ മുട്ടമാലയും അലീസയുമൊക്കെ ഉണ്ടാക്കുന്നതിനുമുൻപ്് സുപ്പറയിൽ ആദ്യം വരേണ്ടത് മറ്റൊരു വിഭവമാണ്. കക്ഷിയുടെ പേരാണ് പുളിവാരൽ.

പേരു കേട്ടപ്പോൾ നാലാംക്ലാസിൽ പഠിപ്പിച്ച മാഷിന്റെ പുളിവാറൽ കൊണ്ടുള്ള അടി ഓർത്തുപോയോ. ഇതത്ര നീറുന്ന സംഗതിയല്ല. നല്ല ഒന്നാന്തരം മധുരപലഹാരമാണ്.

നല്ല വാളൻപുളിയുടെ ആകൃതിയിലും നിറത്തിലുമുള്ള വിഭവമാണ് പുളിവാരൽ. മെലിഞ്ഞു നീണ്ട വിഭവം. ഏത്തപ്പഴത്തിന്റെയത്ര നീളമില്ല. എന്നാൽ പൂവൻ പഴത്തേക്കാൾ നീളമുണ്ട്. 

വിഭവത്തിന്റെ ആകൃതി നോക്കി പേരിടുന്ന മലബാറിലെ രീതിയാണ് പുളിവാരലിനു പിന്നിലും. ഇങ്ങനെ കവിഹൃദയമുള്ള കാരണവൻമാർ പണ്ടൊരു വിഭവത്തിനു പേരിട്ടതിനെക്കുറിച്ച‌ു  പ്രചരിക്കുന്ന തമാശക്കഥയുണ്ട്. മുന്തിരിയും അണ്ടിപ്പരിപ്പും മുതൽ നാട്ടിൽ കിട്ടാവുന്ന സകല സാധനവുമിട്ട് മലബാറിലെ ഒരു വീട്ടമ്മ പലഹാരമുണ്ടാക്കാൻ തുടങ്ങി. സംഗതി വൻ തോൽവിയായിരുന്നു. പാത്രത്തിൽ പരസ്പരം ശ്വാസംമുട്ടിവെന്തുകിടക്കുന്ന വിഭവത്തിനു കാരണവർ  ഇട്ട പേരാണ് ‘വാഗൺ ട്രാജഡി’!

പുളിവാരൽ പക്ഷേ ഉണ്ണിയപ്പത്തെ മത്സരിച്ചു തോൽപ്പിക്കുന്ന മലബാറി ഐറ്റമാണ്. ഒരു കൈ പരീക്ഷിച്ചാൽ പിന്നെ പുളിവാരലിന് അടിമപ്പെട്ടുപോവും, ഉറപ്പ്.  

വാരാം മധുരപ്പുളി

കാൽക്കപ്പ് വെള്ളത്തിൽ അരക്കപ്പ് ശർക്കര പൊടിച്ചിട്ട് ഇളക്കി ഉരുക്കിയെടുക്കുക. ശർക്കരയിൽ തരികളുണ്ടെങ്കിൽ അരിച്ചെടുക്കാം. ഇതു വാങ്ങി ചൂടാറാൻ വയ്ക്കുക. രണ്ട് നേന്ത്രപ്പഴമോ റോബസ്റ്റ പഴമോ നന്നായി ചതയ്ക്കുക.. ഉരുക്കിവച്ച ശർക്കരയിലേക്ക് രണ്ട് സ്പൂൺ തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക.ഇത് പഴത്തിലേക്ക് ചേർക്കുക. ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കാൽസ്പൂൺ ഉപ്പ് ചേർക്കണം. 

ഒരു കപ്പിൽ കാൽ സ്പൂൺ ബേക്കിങ് സോഡയും (വേണമെങ്കിൽ മാത്രം)   ഒരു സ്പൂൺ നാളികേരപ്പാലും ചേർക്കുക. പഴത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഓരോ സ്പൂൺ വീതം അരിപ്പൊടിയും ഗോതമ്പുപൊടിയും മാറിമാറി ചേർത്ത് കട്ടിയാക്കിയെടുക്കുക. അഞ്ചു സ്പൂൺ ആവുമ്പോഴേക്ക് ഏകദേശം കട്ടിയാവും. കട്ടിയായില്ലെങ്കിൽ ഒരു പഴം കൂടി ഉടച്ചുചേർക്കാം. രുചിച്ചുനോക്കുമ്പോൾ മധുരം പോരെങ്കിൽ അൽപം പൊടിച്ച ശർക്കര ചേർക്കാം.

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. കയ്യിൽ ഒരു പിടി മാവെടുത്ത് ചൂടായ എണ്ണയിലേക്ക് വാളൻപുളിയുടെ ആകൃതിയിലൊഴിക്കണം. ഇതു ചെറുചൂടിൽ വറുത്തുകോരാം. കാണാൻ വാളൻപുളിയുടെ ആകൃതിയാണെങ്കിലും നല്ല മധുരമുള്ള വിഭവമാണ് പുളിവാരൽ.