തക്കാളി, പച്ചക്കറിയാണോ ഫ്രൂട്ട് ആണോ?

തക്കാളിയില്ലാത്തൊരു തീൻമേശ ചിന്തിക്കാനാവുമോ? ലോകത്തെല്ലായിടത്തും ഇന്നു വിവിധ വിഭവങ്ങളിൽ തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. സാലഡ് മുതൽ സൂപ്പ്, ജ്യൂസ്, കെച്ചപ്പ് തുടങ്ങി തക്കാളിരുചി പുതിയകാലത്തെ രുചിയുടെ രസതന്ത്രമാണ്. ലോകത്തെ മിക്കവാറുമെല്ലാ ക്യുസീനുകളിലും തക്കാളിയുടെ സ്ഥാനം ഉറച്ചതാണ്. പലപ്പോഴും ഉയരുന്നൊരു ചോദ്യമാണ് തക്കാളി, പച്ചക്കറിയാണോ ഫ്രൂട്ട് ആണോ എന്നത്. ഇതിനു കൂടുതൽ ചേരുന്ന ഉത്തരം ഫ്രൂട്ട് എന്നു തന്നെയാണ്.  ഇറ്റലിക്കാർ ഗോൾഡൻ ആപ്പിൾ എന്നും ഫ്രഞ്ചുകാർ ലവ് ആപ്പിൾ എന്നുമൊക്കെ വിളിക്കുന്ന തക്കാളിയുടെ രുചിപ്പെരുമ ലോകമെങ്ങും നിറഞ്ഞു പരന്നതാണ്. 

രുചിയാത്രയുടെ തുടക്കം 

ദക്ഷിണ അമേരിക്കയിലെ ആൻഡിസ് പർവതങ്ങളിൽ കാട്ടുചെടിയായി വളർന്നിരുന്ന ഒന്നാണ് തക്കാളിയെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശം ഇന്നു പെറുവിന്റെയും ഇക്വഡോറിന്റെയും ഭാഗമാണ്. 700 ഏഡിയിലാണ് തക്കാളി മെക്സിക്കോയിലേക്ക് എത്തുന്നത്. ഇവിടുത്തെ പരമ്പരാഗത ജന വിഭാഗമായ ആസ്ടെക്കുകളുടെ പ്രധാന കൃഷിയായി പിന്നീടിതു മാറി. 16–ാം നൂറ്റാണ്ടിൽ മെക്സിക്കോയിലേക്ക് വന്ന സ്പെയിൻകാർ തിരികെ മടങ്ങിയത് തക്കാളി വിത്തുകളുമായാണ്. 

ഇറ്റാലിയൻ ഭിഷഗ്വരനായ പിയട്രോ ആൻഡ്രിയ മറ്റിയോലി 1544 ൽ തക്കാളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1550 ആയപ്പോൾ തക്കാളി ജർമനിയിലും നെതർലാൻഡിലുമെത്തി. ഇതേ സമയത്തു തന്നെയാണ് പോർച്ചുഗീസുകാർ തക്കാളിയുമായി ഇന്ത്യയിലേക്കെത്തുന്നതും. 

വളരെ വേഗം തക്കാളി ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലേക്കുമെത്തി. ദക്ഷിണേന്ത്യയിലെ സാമ്പാർ, ഉത്തരേന്ത്യയിലെ മട്ടർ പനീർ, പോർച്ചുഗീസ് പാരമ്പര്യമുള്ള വിന്താലു തുടങ്ങിയവയിലെല്ലാം തക്കാളി രുചിക്കൂട്ടായി ഇഴുകിച്ചേർന്നു. 19ാം നൂറ്റാണ്ടിലാണ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് തക്കാളിയെത്തുന്നത്. സിറിയൻ നഗരമായ അലപ്പോയിൽ ബ്രിട്ടിഷ് കൗൺസലായിരുന്ന ജോൺ ബാർക്കർ ആണ് ഇതവിടേക്ക് എത്തിച്ചത്. 

പീത്​സയും തക്കാളിയും

ആദ്യകാലങ്ങളിൽ തക്കാളിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. പലരും ഇതൊരു വിഷച്ചെടിയായാണ് കരുതിയിരുന്നത്. കാരണം ഇതിനോട് അടുത്തബന്ധമുള്ള ഉരുളക്കിഴങ്ങും ആദ്യകാലത്ത് വിഷമുള്ളതെന്നാണ് വിശ്വസിച്ചിരുന്നത്. വടക്കൻ യൂറോപ്പ്, വടക്കേ അമേരിക്കൻ കോളനികൾ എന്നിവിടങ്ങളിലേക്ക് രണ്ടു നൂറ്റാണ്ടോളം വൈകിയാണു തക്കാളിയെത്തിയത്. 16,17 നൂറ്റാണ്ടുകളിൽ അലങ്കാരച്ചെടിയായും യൂറോപ്പിൽ തക്കാളി വളർത്തിയിരുന്നു. 

മെഡിറ്ററേനിയൻ രാജ്യങ്ങളിൽ കഥ മറ്റൊന്നായിരുന്നു. ഇവിടുത്തെ കാലാവസ്ഥ തക്കാളി കൃഷിക്ക് അനുകൂലമായിരുന്നു. ഇതിനാൽ സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ വൻതോതിൽ തക്കാളിക്കൃഷി നടന്നു. 1540ൽ തന്നെ സ്പെയിനിലും സ്പെയിന്റെ കോളനികളിലും തക്കാളിക്കൃഷി തുടങ്ങിയിരുന്നു. 1692ൽ ഇറ്റലിക്കാരനായ അന്റോണിയോ ലാറ്റിനി എഴുതിയ പാചക പുസ്തകത്തിൽ സ്പാനിഷ് രീതിയിലുള്ള ടൊമാറ്റോ സോസ് റെസിപ്പിയുണ്ട്. 19 ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ നേപ്പിൾസിൽ റൊട്ടിക്ക് മുകളിൽ ടോപ്പിങ്സ് ആയി തക്കാളിയിട്ടുണ്ടാക്കിയ സ്ട്രീറ്റ് ഫുഡാണ് പിന്നീട് ലോകമെങ്ങും പ്രശസ്തമായ പീസ്തയുടെ തുടക്കം. 

ഒടുവിലെത്തി, മുന്നിലെത്തി

തക്കാളി അവസാനമായെത്തുന്നത് ചൈനയിലേക്കാണ്. 100 വർഷമേ ആകുന്നുള്ളൂ ചൈനയിൽ തക്കാളിയെത്തിയിട്ട്. എന്നാൽ ഇന്ന് ലോകത്തിലെ മൊത്തം തക്കാളി ഉൽപാദനത്തിന്റെ 30 ശതമാനവും ചൈനയിലാണ്. ഇന്ത്യയും അമേരിക്കയുമാണ് തക്കാളി ഉൽപാദനത്തിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ. ലോകമെങ്ങും തക്കാളിയെ കൂടുതൽ ജനപ്രിയമാക്കിയതിനു പിന്നിൽ അമേരിക്കയുടെ രണ്ടു കണ്ടെത്തലുകളുമുണ്ട്. 1801ൽ ഉണ്ടാക്കിയ ടൊമാറ്റോ കെച്ചപ്പ് ആണ് ഇതിലൊന്ന്. 1876ൽ അമേരിക്കയിലെ ഹെയ്ൻസ് ഫുഡ് പ്രോസസിങ് കമ്പനി ടൊമാറ്റോ കെച്ചപ്പ് പുറത്തിറക്കി. ഇപ്പോൾ യൂറോപ്പിലെ 80 ശതമാനവും അമേരിക്കയിലെ 60 ശതമാനവും വിപണിയുണ്ട് ഇതിന്. 1897ൽ പഴക്കച്ചവടക്കാരനായിരുന്ന ജോസഫ് ക്യാംപ്ബെൽ ടിന്നിലടച്ച ടൊമാറ്റോ ജ്യൂസ് പുറത്തിറക്കിയതാണ് മറ്റൊരു വലിയ നേട്ടം. അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന തോമസ് ജഫേഴ്സൺ വിർജീനിയയിലുള്ള സ്വന്തം പച്ചക്കറിത്തോട്ടത്തിൽ 1809 മുതൽ 1824 വരെ തക്കാളിക്കൃഷി ചെയ്തിരുന്നതായി രേഖകളുണ്ട്. ഇതിനിടയിലും ശ്രദ്ധേയമായ മറ്റൊരു കാര്യം അമേരിക്കക്കാർ ഇപ്പോഴും ഫ്രഷ് തക്കാളി കഴിക്കാറില്ലെന്നതാണ്.

രുചിയേറുന്നു

മെഡിറ്ററേനിയൻ ഭാഗത്ത് തക്കാളിവച്ചുള്ള ഒട്ടേറെ ഡിഷുകളുണ്ട്. സ്പെയിനിലെ ഗസ് പച്ചോ സൂപ്പ് പ്രശസ്തമായൊരു തക്കാളി ഡിഷാണ്. ഇറ്റാലിയൻ ഡിഷായ സ്പഗെറ്റി പൊമഡോറോ, ഫ്രഞ്ച് ഡിഷായ റട്ടാടുലെ, ഗ്രീക്ക് ഡിഷായ സ്റ്റഫ്ഡ് ടൊമാറ്റോ എന്നിവയും പേരുകേട്ട തക്കാളി വിഭവങ്ങളാണ്. സ്പെയിനും ഇറ്റലിയിലുമായാണ് തക്കാളിയുടെ പല ഇനം തക്കാളികളുടെ തുടക്കം. 

ചെറുതും മധുരമുള്ളതുമായ ചെറി ടൊമാറ്റോ മുതൽ വലുപ്പമുള്ള ബീഫ് ടൊമാറ്റോവരെയായി ലോകമെങ്ങും 7500 വ്യത്യസ്ത ഇനം തക്കാളികളാണ് ഇന്നുള്ളത്.

ലാ ടൊമാറ്റീന...ഫുഡ് ഫൈറ്റ്

താക്കാളിപ്പോര്, ലാ ടൊമറ്റീന

സ്പെയിനിൽ വലൻഷ്യയ്ക്കടുത്തുള്ള ബുനോൾ പട്ടണത്തിൽ നടത്തുന്ന ഫുഡ് ഫൈറ്റ് ആണ് ലാ ടൊമാറ്റീന. 20,000 പേർ 100 ടൺ പഴുത്ത തക്കാളി പരസ്പരം എറിയുന്ന വിനോദമാണിത്. 1945ൽ ആണ് രസകരമായ തക്കാളിപ്പോര് തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. കുട്ടികൾ തമ്മിൽ തക്കാളിയെറിഞ്ഞു നടത്തിയ പോരിൽ നിന്നാണ് ഇതിന്റെ തുടക്കമെന്നു പറയുന്നു. അതല്ല, പരേഡ് കാണാനെത്തിയ കാണികൾ വിൽക്കാൻ വച്ചിരുന്ന തക്കാളി പരസ്പരം എറിഞ്ഞതാണ് എന്ന മറ്റൊരു വാദവുമുണ്ട്. ഇതു രണ്ടുമല്ല, ലോറിയിൽ നിന്നു റോഡിലേക്കു തക്കാളികൾ വീണതാണ് എന്നു തുടങ്ങി  വേറെയും കഥകളുണ്ട്. തുടക്കം എങ്ങനെയായാലും ലോകമെങ്ങും ശ്രദ്ധിക്കുന്ന രസകരമായൊരു വിനോദമായി ലാ ടൊമറ്റീന തക്കാളിയേറ് മാറിയിട്ടുണ്ട്. 2013 മുതൽ ടിക്കറ്റ് വച്ചാണ് മൽസരം നടത്തുന്നത്. ഒരു മണിക്കൂറാണ് സമയം. പട്ടണത്തിലേക്ക് രാവിലെ 11 മണിയോടെ നിറയെ പഴുത്ത തക്കാളികളുമായി ട്രക്കുകളെത്തുന്നതോടെ മത്സരം തുടങ്ങും. ഓഗസ്റ്റ് മാസത്തിലാണ് ഈ തക്കാളിയേറ് നടക്കുന്നത്. മത്സര ശേഷം പട്ടണം കഴുകി വൃത്തിയാക്കും.