Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തവണ ചൈനീസ് രുചികളിലേക്കു ചക്രമുരുട്ടുന്നു, യാത്രകളുടെ കൂട്ടുകാരൻ

wheels

യാത്രകൾ രണ്ടുതരത്തിൽ പോവാം 

ഒന്ന്: എത്തേണ്ടിടം മാത്രം മനസ്സിലുറപ്പിച്ച്, എത്തുംവരെ മറ്റൊന്നും ചിന്തിക്കാതെ, വേഗത്തിൽ

രണ്ട്: ലക്ഷ്യത്തെ സാധ്യതകളിലൊന്നു മാത്രമായി അറിഞ്ഞ്, യാത്രയുടെ ഓരോ നിമിഷത്തെയും ഒരു കവിൾ വീഞ്ഞുപോലെ ആസ്വദിച്ച് അങ്ങനെ...

ഭക്ഷണം കഴിക്കുന്നത് ഒരുതരത്തിൽ യാത്ര പോകുംപോലെയാണ്. വിശപ്പുതീർക്കാൻ മാത്രമോ നിറവും മണവും രുചിയുമറി‍ഞ്ഞ് ആസ്വദിച്ചോ ആവാം അത്. വീൽസ് എം ഡി സുരേഷ് ബാബു പറയുന്നത്, ആഹരിക്കൽ ജീവിതത്തെ അറിയാനുള്ള സഞ്ചാരപാതകളിലൊന്നാണെന്നാണ്; വീൽസ് എന്നു പേരുള്ള ഭക്ഷണശാല ആ ചിന്തയുടെ ആവി പറക്കുന്ന ഉദാഹരണവും. നിത്യചൈതന്യ യതിയുടെ ശിഷ്യൻ തന്റെ ആഹാരശാലയിൽ അതുകൊണ്ടുതന്നെ പുസ്തകങ്ങളും സംഗതവും കൂടി വിളമ്പുന്നു. ഭക്ഷണവും പുസ്തകങ്ങളും ചിത്രങ്ങളും സംഗീതവും വായനയും യാത്രയും നല്ല സിനിമകളുമെല്ലാം ജീവിതത്തിന്റെ രുചികളാണെന്ന് സുരേഷ് ബാബു പറയുന്നു. 

wheels-5

കോട്ടയം കഞ്ഞ​ിക്കുഴിയിലെ വീൽസ് റസ്റ്ററന്റ് നേരത്തേതന്നെ ഭക്ഷണപ്രിയരുടെയും പുസ്തകപ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ്. പാട്ടുകേട്ടോ പുസ്തകം വായിച്ചോ ഭക്ഷണം ആസ്വദിക്കാനുള്ള ഒരിടം. എല്ലാ വർഷവും നവംബറിൽ വീൽസ്  വ്യത്യസ്ത തീമുകളിൽ ഫുഡ് ഫെസ്റ്റിവൽ നടത്താറുണ്ട്. ചെട്ടിനാട്, ഇറ്റാലിയൻ മെനുവാണ് മുൻ വർഷങ്ങളിൽ അവതരിപ്പിച്ചതെങ്കിൽ ഇത്തവണ ചൈനീസ് വിഭവങ്ങളാണ് വീൽ‌സിന്റെ അടുക്കളയിൽ ഒരുങ്ങുന്നത്. 

ചോപ്സ്റ്റിക്സ് എന്ന പേരിലുള്ള ഭക്ഷണമേള നവംബർ ഒന്നു മുതൽ ഇരുപതു വരെയാണ്. ക്ലാസിക് സ്പൈസി ചൈനീസ് വിഭവങ്ങൾ തനതായ രുചിക്കൂട്ടിൽ ലഭ്യമാണെന്നതാണ് ചോപ്സ്റ്റിക്സ് ഫെസ്റ്റിന്റെ പ്രത്യേകത. രാവിലെ 11 മുതൽ രാത്രി 11 വരെ വ്യത്യസ്തമായ 10 ചൈനീസ് വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. 

നമുക്ക് ഭാവനയിൽപോലും കാണാനാകാത്തത്ര വൈവിധ്യവും വൈചിത്ര്യവുമുള്ള വിഭവങ്ങളുണ്ട് ചൈനയിൽ. ഭക്ഷണമൊരുക്കാൻ അധികം സമയം കളയാത്തവരാണ് അവർ. അടുക്കള സ്‌ത്രീയുടെ മാത്രം പണിയിടവുമല്ല. പത്തു വിഭവങ്ങളാണ് ഈ ഫുഡ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി ചെയ്ത ചേരുവകളുടെ ലഭ്യത കണക്കിലെടുത്താണ് വിഭവങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ചില സോസുകൾ ഇവിടെതന്നെ തയാറാക്കേണ്ടി വരും. മറ്റു ചിലത് വാങ്ങാൻ കിട്ടും. ചില്ലി ഗാർലിക് ചിക്കൻ സൂപ്പ്, ഡ്രാഗൺ ചിക്കൻ, സ്റ്റിയർ ഫ്രൈഡ് ഫിഷ് വിത്ത് ബ്രൊക്കോളി ഇൻ സോസ്, ഹണി ഡാർസൻ... രുചിവൈവിധ്യങ്ങളുടെ ലിസ്റ്റ് ഇങ്ങനെ പോകുന്നു.

വീൽസിലെ ഭക്ഷ്യമേളയെപ്പറ്റിയും നാവിന്റെയും മനസ്സിന്റെയും വ്യത്യസ്ത രുചികൾ തിരഞ്ഞുള്ള തന്റെ യാത്രകളെപ്പറ്റിയും സുരേഷ് ബാബു സംസാരിക്കുന്നു.

suresh-babu സുരേഷ് ബാബു

യാത്ര, ഭക്ഷണം

യാത്ര ജീവിതവുമായി ബന്ധപ്പെട്ടതാണ്. യാത്രയിൽ പലതരത്തിലുള്ള ഭക്ഷണരുചികൾ പരീക്ഷിക്കാറുണ്ട്. ആ രുചികൾ എല്ലാം ഇവിടെ പരീക്ഷിക്കാൻ പറ്റില്ല. യാത്രയിൽ പരിചയപ്പെടുന്ന രുചികൾ പരീക്ഷിക്കുന്നതിനു ചില തടസ്സങ്ങളുണ്ട്. ഒന്ന്, പല ഭക്ഷണങ്ങളും ഇവിടെ സ്വീകാര്യമല്ല. രണ്ട്, ചേരുവകളുടെ ലഭ്യതക്കുറവാണ്. അതുകൊണ്ടുതന്നെ നമ്മുടെ യാത്രയിൽ ലഭിച്ച സ്വാദ് കിട്ടിയെന്നു വരില്ല. യാത്രയിൽ രുചിച്ച വിഭവങ്ങളിൽ ചിലത് റസ്റ്ററന്റിൽ വീക്കെൻഡ് സ്പെഷലായും ഫുഡ് ഫെസ്റ്റിവലിലും പരീക്ഷിക്കാറുണ്ട്. ഇത്തരം വിഭവങ്ങളുടെ റെസിപ്പി പ്രിന്റ് ചെയ്ത് താൽപര്യമുള്ളവർക്കു നൽകുകയും ചെയ്യും. സീക്രട്ട് ഒന്നും ഇല്ല, നമുക്കുള്ള അറിവുകൾ മറ്റുള്ളവരോടു പങ്കു വയ്ക്കുന്നതിൽ സന്തോഷം മാത്രം.

‘The world is a book and those who do not travel read only one page’

യാത്രയ്ക്ക് ഭക്ഷണത്തേക്കാൾ ബന്ധം ജീവിതവുമായിട്ടാണ്. റസ്റ്ററന്റ് നടത്തുന്നുണ്ടെങ്കിലും അതിൽ പ്രതിഫലിക്കുന്നത് എന്റെ ജീവിതമാണ്. വെറുതേ കുറച്ചു ഭക്ഷണം മാത്രമല്ല അവിടെ പുസ്തകങ്ങളുണ്ട്, സംഗീതമുണ്ട്, നിറങ്ങൾ ചാലിച്ച മുറികളുണ്ട്... ജീവിതത്തിലെ സഹൃദയത്വവും മനോഹാരിതയുമാണ് ഭക്ഷണശാലയുടെയും മുഖമുദ്ര. മനുഷ്യജീവിതത്തെക്കുറിച്ച് ആലോചിച്ചാൽ, ജനിച്ചു, കുറച്ചു നാൾ ജീവിക്കുന്നു പിന്നെ മരിക്കുന്നു. ഇതിനിടയ്ക്ക് നമ്മുടേതായ ജീവിതം ജീവിക്കുന്നത് എങ്ങനെയാണ്? ആർട്ട് ഫെസ്റ്റിവലിനു പോകുന്നതും നല്ല സിനിമകൾ കാണുന്നതും നല്ല പുസ്തകങ്ങൾ വായിക്കുന്നതും പല സ്ഥലങ്ങളിൽ പോകുന്നതും പലരുമായിട്ടുള്ള സംവാദങ്ങളിലൂടെ വെളിവാകുന്നതുമൊക്കെയാണ് ജീവിതം; അതിന്റെയൊക്കെ ആകെത്തുക. ഒരേ നിലയിൽത്തന്നെ ജീവിച്ചു മരിച്ചിട്ടു കാര്യമില്ലല്ലോ?. എല്ലാ സ്ഥലങ്ങളിലേക്കും പോകാനോ എല്ലാ പുസ്തകങ്ങളും വായിക്കാനോ നമുക്കു സാധിച്ചെന്നു വരില്ല.  പലതരം ചിന്തകളിലേക്കുള്ള വഴികളാണ് യാത്രയും വായനയും ഫിലിം ഫെസ്റ്റിവലുകളുമെല്ലാം. ചിലർക്ക് മഴയിലൂടെ നടക്കുന്നതു പോലും അനുഭവമാണ്.

wheels-2

ലോകം മുഴുവൻ സഞ്ചരിക്കാൻ പറ്റുമെന്നതു കൊണ്ടാണ് ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ തിരഞ്ഞെടുത്തത്. ഏറ്റവും പ്രിയപ്പെട്ട യാത്രകൾ ഹിമാലയത്തിലേക്കുള്ളതായിരുന്നു. സുവോളജിയിൽ ഗ്രാജ്വേഷനു ശേഷമാണ് ഫുഡിനെക്കുറിച്ച് പഠിച്ചത്. താജിൽ ജോലി ചെയ്തിട്ടുണ്ട്. റസ്റ്ററന്റ് എന്ന സംരംഭത്തിലേക്കു വരുമ്പോൾ, അറിയാവുന്ന വിഷയം അതിന്റെ മൂല്യം ഉൾക്കൊണ്ട് നടത്താനുള്ള ശ്രമമാണ്. ചെറിയ സ്ഥലത്തു മാത്രം ജീവിക്കുമ്പോൾ നമ്മളുടെ ചിന്തകളും ചുരുങ്ങിപ്പോകും ഒരു പുതിയ സ്ഥലത്തു ചെല്ലുമ്പോൾ ആ സ്ഥലത്തെ മണ്ണിന്റെ ഗന്ധമറിയുക, അവിടുത്തെ ആൾക്കാരുമായി സംസാരിക്കുക, അവിടുത്തെ ഭക്ഷണം കഴിക്കുക. ആൾക്കാരുമായി ഇടപെടുമ്പോൾ നമ്മുടെ പിടിവാശികൾ, മസിലുപിടുത്തം എല്ലാം കുറയും. ഇത്രയൊക്കെയേ ഉള്ളു ജീവിതം എന്ന സംഭവം! പലയിടത്തും പല കോണുകളിലും പല വിശ്വാസങ്ങളുമായി പലരും ജീവിക്കുന്നു. നമ്മളും അതുപോലൊരാൾ. കുറച്ചു നാളത്തേക്ക് ഭൂമിയിൽ ജീവിക്കാൻ വന്നവർ, സമാധാനമായിട്ടു ജീവിക്കുക.

wheels-4

യാത്രകളിലെ രുചി

ഭൂട്ടാനിലെ പരമ്പരാഗത വിഭവങ്ങൾ വളരെയധികം രുചികരമായി തോന്നി. അതുപോലെ കശ്മീരി ഫുഡും. ഏറ്റവും രുചികരമായി തോന്നിയത് കോണ്ടിനെന്റൽ ഭക്ഷണമാണ്. ആർട്ടിസ്റ്റിക്കാണ്, ഭക്ഷണം തയാറാക്കുന്നതിൽ മാത്രമല്ല ഗാർനിഷ് ചെയ്യുന്നതിലും അവർ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണം കഴിക്കേണ്ടത് കണ്ണു കൊണ്ടാണെന്നാണ് അവിടെ പറയുന്നതുതന്നെ. ഓരോ തരം ഭക്ഷണത്തിനുമൊപ്പം വളരെ പ്രത്യേകതയുള്ള സൈഡ് ഡിഷും കാണും. കോണ്ടിനെന്റൽ ക്യുസീനും ഫ്രഞ്ച് ക്യുസീനുമാണ് ഇത്തരത്തിൽ പ്രിയപ്പെട്ടത്. ഫ്രാൻസുകാരാണ് കുക്കിങ്ങിനെ സയൻസാക്കി മാറ്റിയത്. ഏറ്റവും കൂടുതൽ കുക്കറി സ്കൂൾ ഉള്ളത് ഫ്രാൻസിലാണ്. കുക്കിങ്ങിൽ ഉപയോഗിക്കുന്ന പല വാക്കുകളും ഫ്രഞ്ചാണ്. മെനു എന്നുള്ളത് ഫ്രഞ്ച് വാക്കാണ്. ഫ്രാൻസിൽ ഏറ്റവും നല്ല ഷെഫിനെ ആദരിക്കാറുണ്ട്, കാരണം അത് അവരുടെ സംസ്കാരത്തോടു ചേർന്നിരിക്കുന്ന ഒന്നാണ്. അവിടെ കുക്കിങ് അടുക്കളയ്ക്കുള്ളിൽ നടക്കുന്ന സംഭവം മാത്രമല്ല, കലാപരമായൊരു സംഗതി കൂടിയാണ്. കുക്കിങ് അടിസ്ഥാനം കൂടുതൽ മെച്ചപ്പെട്ടതുകൊണ്ടാകാം അവരുടെ സംസ്കാരത്തോട് കുക്കിങ് ലയിച്ചു ചേർന്നിരിക്കുന്നത്. 

തപോവനം

എരുമേലിക്കടുത്ത് കുറുവാമുഴിയിൽ മണിമലയാറിന്റെ തീരത്ത് രണ്ടര ഏക്കറിലൊരുക്കിയിരിക്കുന്ന ‘തപോവനം’ എന്ന ബൊട്ടാണിക്കൽ ഗാർഡൻ, 500 ൽ പരം മരങ്ങൾ ഇവിടെ നട്ടു വളർത്തിയിട്ടുണ്ട്. ജീവിതത്തിലിപ്പോൾ യാത്രയെക്കാൾ  പ്രാധാന്യം ഇപ്പോൾ തപോവനത്തിനാണ് നൽകുന്നത്. ധാരാളം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഇവിടം സന്ദർശിക്കാൻ എത്താറുണ്ട്.

ഡിസംബർ 1,2,3 തീയതികളിൽ നാഗാലാൻഡിലെ ട്രഡീഷനൽ ഹോൺ ബിൽ ഫെസ്റ്റിവൽ യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് സുരേഷ്. ഫുഡ്, ഡാൻസ്, കൾച്ചർ, സംഗീതം, ആർട്ട്ഫോംസ്, ആർക്കിടെക്ചർ, ഭാഷ, ലാൻഡ് സ്കേപ്പ്... എല്ലാം അതിന്റെ തനതായ രൂപത്തിൽ ആസ്വദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ. പുതിയ യാത്രകളിൽ നിന്നു ലഭിക്കുന്ന ആശയങ്ങൾ വരും നാളുകളിലെ ഭക്ഷ്യഉത്സവങ്ങളായി മാറുമെന്നു പ്രതീക്ഷിക്കാം.