തൃശൂർ കോർണിഷെയിൽ രുചിയോടെ വിശ്രമിക്കാം

കോർണിഷെ റസ്റ്റോറന്റ്

ബ്രുഷേറ്റോയിലെ ഗാർലിക് ബ്രെഡ് ചീസിൽ മുക്കി കഴിച്ചിട്ടുണ്ടോ. പ്രോൺ െടമ്പുറയിലെ വറുത്ത ചെമ്മീൻ കഴിച്ചിട്ടുണ്ടോ. തൃശൂർ കോളജ് റോഡിലെ ആമ്പക്കാടൻ ജംക്‌ഷന് സമീപമുള്ള കോർണിഷെ റസ്റ്റോ എന്ന റസ്റ്ററന്റിലെ മെനുവിലൂടെ യാത്ര ചെയ്താൽ ഇതെല്ലാം കിട്ടും. ബ്രുഷേറ്റോ എന്നാൽ ഇലകളും വേരുകളും മറ്റും ചേർത്തുണ്ടാക്കുന്ന പ്രത്യേക തരം ഗാർലിക് ബ്രെഡാണ്. അതു ടൊമാറ്റോ സോസും ചീസും ചേർ‌ത്തു കഴിക്കാം. വിദേശത്തു പകലെന്നോ രാത്രിയെന്നോ നോക്കാതെ കഴിക്കുന്ന വിഭവമാണിത്. പ്രോൺ ടെമ്പുറ എന്നാൽ ഫ്രൈ ചെയ്ത പ്രോൺ പ്രത്യേക തരം മസാലകൾക്കും സോസുകൾക്കുമൊപ്പം നൽകുന്നതാണ്. 

എംബിഎക്കാരനും ഭക്ഷണവും

മാനേജുമെന്റു പഠനത്തിനിടയിൽ ബെംഗളൂരൂവിലെ തട്ടുകടളിലെയും റസ്റ്ററന്റുകളിലെയും രുചികൾ തേടി നടന്ന കുരിയച്ചിറയിലെ ജോസഫ് ജോയ് എന്ന ചെറുപ്പക്കാരനാണ് കോർണിഷെ തുടങ്ങിയത്. അതിനു മുൻപ് ഒരു വർഷത്തോളം ചെന്നൈയിലെ വിവിധ റസ്റ്ററന്റുകളിൽ പരിചയത്തിനു േവണ്ടി ജോലികൾ ചെയ്തു. കോർണിഷെയിലെ മേശ തുടയ്ക്കാനും ഓർഡർ എടുക്കാനും ഓടി നടക്കുന്ന മനസ്സ് ജോസഫിനുണ്ടായത് ഈ കാലത്താണ്. മൂന്നുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണു  റസ്റ്ററന്റ് തുടങ്ങുന്നത്. കോണ്ടിനെന്റൽ ഭക്ഷണം അതേ രീതിയിൽ നൽകിയാൽ പലപ്പോഴും കേരളത്തിൽ പച്ചപിടിക്കില്ലെന്നു ജോസഫിനു തോന്നി. അങ്ങനെയാണ് ഇന്ത്യൻ രീതികൾ കൂടി ചേർത്തു സെമി കോണ്ടിനെന്റൽ വികസിപ്പിച്ചത്. തനതു കോണ്ടിനെന്റൽ  വിഭവങ്ങൾക്കു പുറമെയാണിത്. മെനു ചോദിച്ചു മനസ്സിലാക്കി കഴിക്കാനെത്തുന്നവരാണ് ഭൂരിഭാഗവും. ഫൊക്കേഷ്യ എന്ന പ്രത്യേക ബ്രെഡ് ഉപയോഗിച്ചുള്ള വിഭവങ്ങളും ഇവിടെയുണ്ട്. അതുമാത്രം അന്വേഷിച്ചെത്തുന്നവരുണ്ട്. 

ബർഗർ മുതൽ പീസ വരെ

കീശയ്ക്കു വലിയ കനമില്ലാത്ത കുട്ടികൾക്കുവേണ്ടി 70 രൂപമുതൽ ബർഗറും കുറഞ്ഞ വിലയ്ക്കു പീസകളും നൽകുന്നുണ്ട്.15 തരം ബർഗറുകളുണ്ട്. 300 രൂപവരെ വിലവരുന്നവയും ഇതിൽപ്പെടും.  ലാഭത്തേക്കാളുപരി തന്റെ കുട്ടിക്കാല സ്വപ്നംപോലെ രുചി തേടി നടക്കുന്ന വിദ്യാർഥികൾക്കുള്ള പ്രത്യേക സമ്മാനമാണിതെന്നു ജോസഫ് പറയുന്നു. ഓംലറ്റുകൾക്കു മാത്രം  മെനുവിൽ പ്രത്യേക ഇടമുണ്ട്.  ചിക്കൻ സ്ട്രൊഗണോഫ് എന്നതു ഗ്രിൽഡ് ചിക്കന്റെ സ്ട്രിപ്പുകൾ കടുകും കൂണും ചുവപ്പു വൈനും വിവിധ ക്രീമുകളും ചേർത്തുണ്ടാക്കുന്നതാണ്. 

സ്പെഷൽ മെനു

കേരളീയർക്കു അരിയോടുള്ള പ്രിയം ഈ കോണ്ടിനെന്റൽ റസ്റ്ററന്റിലെ മെനുവിലും കാണാം. റൈസ് ആൻഡ് കറി എന്ന വിഭവം വൈറ്റ് റൈസിനു മുകളിൽ മസാല നിരത്തിയ ശേഷം അതിനു മുകളിൽ ചിക്കനും മറ്റും നിരത്തിയുണ്ടാക്കുന്നതാണ്. ഏറ്റവും മുകളിൽ സണ്ണി സൈഡ് അപ്പ് മുട്ടയും. മുട്ടകൊണ്ടു മാത്രവും ഈ വിഭവമുണ്ടാക്കുന്നുണ്ട്. ബിരിയാണിയുടെ ഇറ്റാലിയൻ രൂപമാണിത്. കാപ്പിപ്പൊടിയുടെ രുചിയുള്ള ടിരാമിഡു ഇളനീരിനകത്തുതന്നെ ഉണ്ടാക്കുന്ന ടെണ്ടർ കോക്കനട്ട് മൂസ് തുടങ്ങിയവയാണ് മധുര രുചികൾ. കോർണിഷെ എന്ന ഫ്രഞ്ച് വാക്കിനർഥം ഒഴുകുന്ന വെള്ളളത്തിനടുത്തുള്ള മല എന്നാണ്. വിശ്രമത്തിനുവേണ്ടി വന്നിരിക്കാനുള്ളൊരു തീരം. ഈ റസ്റ്ററന്റിനെ ജോസഫ് കാണുന്നതും അങ്ങനെയാണ്. രുചിയോടെ വിശ്രമിക്കാനുള്ള സ്ഥലം.