ജ്യൂസ് ജ്യൂസ് ‘ഫ്രാപ്പെ’ ജ്യൂസ്!

കടൽക്കാറ്റേറ്റാണ് ഈ നഗരം ഉറങ്ങുന്നതും ഉണരുന്നതും. പോയ കാലത്തേക്കുള്ള ഓരോ കിളിവാതിലുകളും തള്ളിത്തുറന്ന് കടൽക്കാറ്റ് കടന്നുവരുന്നു.. ഓർമകളിലേക്ക്. ചിന്തകളിലേക്ക് മനസിൽ കുഞ്ഞു നൊമ്പരങ്ങൾ വരുമ്പോൾ നേരെ ബീച്ചിലേക്കൊരു യാത്ര. കടൽക്കാറ്റേറ്റ്, തിരകളിലേക്ക് നോക്കിയിരിക്കുമ്പോൾ മനസൊന്നു തണുക്കും. ചിന്തകളുടെ ഗതി മാറും. 

ഈ കടലു കടന്നാണ് പണ്ടൊരിക്കൽ വാസ്കോഡഗാമ വന്നത്. തീരത്തുകൂടെ തെക്കോട്ടു യാത്ര നടത്തി കുറ്റിച്ചിറയ്ക്കു സമീപമുള്ള പഴയ കൊട്ടാരത്തിൽ പോയി സാമൂതിരിയെ കണ്ട ഗാമ, പക്ഷേ കൂടും കുടുക്കയുമെടുത്ത്  നാടുവിട്ടതു ചരിത്രം.

ഈ കടലിനെ വരച്ച വരയിൽ നിർത്താനാണ് കുഞ്ഞാലിയെന്ന സ്ഥാനപ്പേരു നൽകി നാലു തലമുറകളിലെ മരയ്ക്കാർമാരെ സാമൂതിരി കൂടെക്കൂട്ടിയത്. കടലിലേക്കു നീണ്ടുകിടന്ന ഒരു സാമ്രാജ്യം.

ആകാശവാണിയുടെ നീലക്കെട്ടിടവും ബ്രിട്ടീഷുകാർ പണിത ബീച്ച് ആശുപത്രിക്കെട്ടിടവും പിന്നിട്ട് തെക്കോട്ടു നടന്നാൽ പഴമയുടെ പ്രൗഡിയുള്ള ഒരു കെട്ടിടം കാണാം. കോഴിക്കോട്ടുകാരുടെ സ്വന്തം ഗുജറാത്തി സ്കൂൾ . 

150ാം പിറന്നാളിലേക്ക് കാലെടുത്തു വെയ്ക്കുകയാണ് ഈ ഗുജറാത്തി വിദ്യാലയമെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ! വാണിജ്യവും വ്യവസായവുമായി ഈ നഗരത്തെ സ്വന്തം ദേശമാക്കി മാറ്റിയവരാണ് ഗുജറാത്തി സമൂഹം. 

1869ൽ ഗുജറാത്തി കുട്ടികൾക്കായി സ്ഥാപിച്ച സ്കൂളിന്റെ ആദ്യത്തെ പേര് കാലിക്കറ്റ് ഗുജറാത്തി പ്രൈവറ്റ് സ്കൂൾ എന്നായിരുന്നു. പിന്നീട്  ബീച്ച് റോഡിലെ പുതിയ കെട്ടിത്തിൽ‍ 1952ൽ പ്രവർത്തനം തുടങ്ങിയപ്പോൾ സ്കൂളിന്റെ പേര് ശ്രീ നരഞ്ജി പുരുഷോത്തമ വിദ്യ ഭുവൻ എന്നായി. 1969ൽ ഹൈസ്കൂളായി സംസ്ഥാന സർക്കാർ അംഗീകരിച്ചു. 

1970ലായിരുന്നു സ്കൂൾ നൂറാം പിറന്നാൾ ആഘോഷിച്ചത്. അടുത്ത വർഷം സ്കൂളിനു 150 തികയുകയാണ്. മലയാളിയുടെ പ്രിയയാത്രികനാണ് എസ്.കെ. പൊറ്റെക്കാട്. ഈ ദേശത്തെ, ഈ തെരുവുകളെ ഇത്രമേൽ സ്നേഹിച്ച, സ്നേഹിക്കാൻ പഠിപ്പിച്ച മറ്റൊരാളുണ്ടോ എന്നതു സംശയമാണ്. എസ്.കെ.പൊറ്റെക്കാട് അധ്യാപകനായാണ് തന്റെ ജീവിതം ആരംഭിച്ചത്. 23 വയസു മാത്രമുള്ള യുവാവായ ശങ്കരൻകുട്ടിയെ എസ്.കെ.പൊറ്റെക്കാടാക്കി വളർത്തിയതിൽ ആ അധ്യാപക ജീവിതത്തിനും വലിയ പങ്കുണ്ട്. 1936 മുതൽ 1939 വരെ അദ്ദേഹം ഗുജറാത്തി സ്കൂളിലെ അധ്യാപകനായിരുന്നു.

കുപ്പിയിലെ കൊടുങ്കാറ്റ്

ഈ തീരത്തു കടൽക്കാറ്റേറ്റു നിന്നാൽ ഓരോന്നോർത്തുപോവും. ഓരോ തിരയും വന്നു കാലിൽ തൊടുന്നത് ഓരൊ പഴങ്കഥയുമായാണ്. സ്കൂളിനെക്കുറിച്ചോർത്ത് നിൽക്കുമ്പോഴാണ് മരത്തടികൾ കൊണ്ടു  പണിതതുപോലുള്ള ചേലുള്ളൊരു കുഞ്ഞു കട കണ്ണിൽ പെട്ടത്. കടയുടെ വശങ്ങളിൽ കുഞ്ഞുചട്ടികളിൽ ചെടികൾ. മൊത്തത്തിൽ മനസിൽ ഒരു പച്ചപ്പ്.  കറുപ്പിൽ വെള്ള അക്ഷരങ്ങൾകൊണ്ട് ഫ്രാപ്പെ സ്റ്റോം എന്നു രേഖപ്പെടുത്തിയ ബോർഡുകൾ.

ജ്യൂസും  ഷെയ്ക്കുമല്ലാതെ ‘ഫ്രാപ്പെ’ എന്ന പേര് നമ്മക്കത്ര പരിചയമില്ലല്ലോ. ഫ്രാപ്പുച്ചിനോ എന്ന പേരിന്റെ ചുരുക്കമാണത്രേ ഫ്രാപ്പെ. സംഗതി നല്ല സ്മൂത്തായ ബ്ലെൻഡഡ്, ബീറ്റൺ ഷെയ്ക്കാണെന്ന് ഒറ്റവാക്കിൽ പറയാം. ഒരു പോപ്പ് സീക്രട്ട് ഫ്രാപ്പെ ഓർഡർ ചെയ്തു. ലളിതമായ ഇന്റീരിയറിലും കുഞ്ഞു ചെടികൾ തലയാട്ടി നിൽക്കുന്നു.കടയിലെ സഹീറെന്ന കാസർകോട്ടുകാരൻ പയ്യൻ ഒരു കുപ്പിയിൽ ഫ്രാപ്പെയും കടലാസ് കൊണ്ടുള്ള സ്ട്രോയും നീട്ടി.

അടപ്പുതുറന്ന് സ്ട്രോ അകത്തേക്കു താഴ്ത്തി, കുപ്പിയുടെ ആകൃതിയിലേക്ക് പാളി നോക്കി. ശ്ശെടാ.. ഇതു നാടോടിക്കാറ്റിൽ ദാസനും വിജയനും കടയിൽ കൊടുത്ത ആ പഴയ പാൽക്കുപ്പിയല്ലേ..!

ഫ്രാപ്പെകുപ്പിയിൽ കൊടുങ്കാറ്റാവുമോ എന്ന പേടി ശടേന്ന് മാറി. തണുത്ത ഫ്രാപ്പെ ഉള്ളിലൊരു തലോടലായി മാറുന്നു. പാലിനൊപ്പം കടലയുടെ രുചി എവിടെയോ ഓർമപ്പെടുന്നു. കുടിച്ചുകഴിഞ്ഞപ്പോൾ പയ്യന്റെ വക ഫ്രീയായൊരു ഉപദേശം. വേണമെങ്കിൽ കുപ്പി കൊണ്ടുപോവാം. മൊത്തത്തിൽ പ്രകൃതിരമണീയം മാത്രമല്ല, പ്രകൃതി സൗഹൃദം കൂടിയാണ് ഫ്രാപ്പെ സ്റ്റോം.