കൊൽക്കത്ത ടു കോട്ടയം, റോൾ സ്പെഷൽ തട്ടുകട

വഴിയരികിൽനിന്നു ഭക്ഷണം കഴിക്കാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. തട്ടുകടയും ബജിക്കടകളും കേരളത്തിലെ വഴിയോരങ്ങളിൽ സർവസാധാരണമാകാൻ കാരണവും അതുതന്നെ. രുചികരമായ ഭക്ഷണം, കൺമുന്നിലുണ്ടാക്കുന്നതിനാൽ ഫ്രഷ് ആയി കഴിക്കാം, ചെലവു കുറവ് അങ്ങനെ ഈ ഇഷ്ടത്തിനു കാരണങ്ങളും പലത്. പല തട്ടുകടക്കാരും തങ്ങളുടെ മാത്രം സ്പെഷൽ വിഭവങ്ങൾ അവതരിപ്പിച്ചാണ് ആരാധകരെ നേടുന്നത്. കോട്ടയം ജില്ലയിലെ വാരിശേരിയിലുള്ള തട്ടുകട രുചിപ്രേമികൾക്കു മുന്നിൽ ചൂടോടെ അവതരിപ്പിക്കുന്നത് കൊൽക്കത്ത സ്പെഷൽ ഫൂഡാണ്. പലതരം ഫില്ലിങ്ങുള്ള റോളുകൾ. വളരെപ്പെട്ടെന്നുതന്നെ ഈ കൊൽക്കത്ത റോളുകൾ ആളുകൾക്കു പ്രിയങ്കരമായി.

കൊൽക്കത്ത സ്പെഷൽ റോൾ  കട

കുക്കിങ് ക്ലാസിനൊന്നും പോയിട്ടല്ല കൊൽക്കത്തക്കാരൻ ബാപ്പു രുചിയുള്ള ആഹാരത്തിന്റെ മുതലാളിയായത്. 17 വർഷം മുമ്പാണ് ബാപ്പു കേരളത്തിലെത്തിയത്; ഹോട്ടലിലെ സഹായിയായി. പ്രധാന പാചകക്കാർക്കൊപ്പം നിന്ന് പതിയെ പാചകം പഠിച്ചു. രുചിക്കൂട്ടു തെറ്റില്ലെന്ന് ഉറപ്പായ ശേഷമാണ് വഴിയരികിൽ തട്ടുക‌ട തുടങ്ങിയത്. ഇവിടെ ബാപ്പുവിനു നല്ല കച്ചവടമുണ്ട്. കൊൽക്കത്തയിൽ ഇത്തരം ധാരാളം കടകളുണ്ട്. ആളുകളെ ആകർഷിക്കാൻ പുതുതായി എന്തു വിളമ്പണമെന്ന് ആലോചിച്ചപ്പോഴാണ് കൊൽക്കത്തയിലെ വഴിയോരക്കടകളിൽ പതിവുള്ള റോൾസ് പരീക്ഷിക്കാമെന്നു തോന്നിയത്. ചിക്കനും മീറ്റും എഗും നിറച്ച റോൾസ് ബാപ്പുവിന്റെ കണക്കു തെറ്റിച്ചില്ല, ഹിറ്റായി. ദിവസവും 15 – 18 കിലോ മൈദ മാവാണ് ഉപയോഗിക്കുന്നത്. ചിക്കൻ റോളിൽ ബോൺലസ് ചിക്കനാണ് ചേർക്കുന്നത്. മീറ്റ് റോളിൽ ബീഫ് എഗ്ഗ്റോളിൽ എഗ്ഗും കൂടാതെ സാലഡ്സ്, സോസ്, പച്ചമുളക്, നാരങ്ങ, ചാട്ട് മസാല, ഉപ്പ് എന്നിവയും ചേർക്കും. 

രുചികരമായ റോളിന്റെ കൂട്ട്

മൈദ മാവിൽ വനില ഐസ്ക്രീം, പാൽ, പഴം, മുട്ട എന്നിവ ചേർത്ത് കുഴച്ച് ചപ്പാത്തി ഉരുളകൾ പോലെയാക്കി, ചപ്പാത്തി പരത്തുന്നതുപോലെ പരത്തി ദോശക്കല്ലിൽ ഇട്ട് ചൂടായശേഷം അതിന്റെ പുറത്ത് മുട്ട പൊട്ടിച്ച് ഒഴിച്ച് വേവിച്ചെടുക്കും. ഇതിനുള്ളിൽ സാലഡായി കുക്കുമ്പർ, സോസ്, മയണൈസ് എന്നിവ നിറച്ചാണ് റോൾ തയാറാക്കുന്നത്. ഈ നാട്ടിലൊന്നും പരിചയമില്ലാത്ത രുചിക്കൂട്ടായതു കൊണ്ട് നല്ല വിൽപനയാണ്.. 

ലൊക്കേഷൻ

കോട്ടയം നഗരത്തില്‍നിന്ന് ചാലുകുന്ന് – മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ വാരിശ്ശേരിയില്‍നിന്ന് 100 മീറ്റർ മാറി തിരുവാറ്റയിലാണ് റോൾ സ്പെഷൽ കട.