അച്ചപ്പവും കുഴലപ്പവുമൊക്കെ ചീപ്പപ്പമല്ലേ?

കണ്ണൂരോ കോഴിക്കോട്ടോ കാസർകോട്ടോ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും വീട്ടിൽ ചെന്നുകയറിയിട്ടുണ്ടോ? പരിചയക്കാരുടെ വീട്ടിൽത്തന്നെ വേണമെന്നില്ല. ഒരു പരിചയവുമില്ലാത്ത വീട്ടിലായാലും മതി.

തനി നാടൻ ശൈലിയിൽ പരിചയപ്പെടൽ.  ‘ങ്ങളേട്ന്നാ?’ ‘എങ്ങോട്ടാ പോവ്ന്നേ? ..’ തുടങ്ങിയ അക്ഷരങ്ങൾ പിശുക്കിപ്പിശുക്കിയുള്ള നാട്ടുഭാഷ. പക്ഷേ വഴി ചോദിക്കാൻ കയറിയ ആളോടുപോലും ‘ ങ്ങള് ഇരിക്കീ.. ചായെട്ക്കട്ടെ..’ എന്നു പറയുന്നതാണ് രീതി. പിന്നെ ചായയായി, ഒരു മേശനിറയെ പലതരം പലഹാരമായി. ‘വറ്ത്തായ’ എന്നു വിളിപ്പേരുള്ള  കായ വറുത്തത് അഥവാ കായ ചിപ്സ്, ‘എരൂള്ള മിച്ചറ്’ അഥവാ എരിവുള്ള മിക്സ്ചർ എന്നിവ തീർച്ചയായും ഇതിൽ കാണും. ഇതിനു പുറമേ നാടൻപാട്ടിന്റെ ചേലിൽ പല പല പേരുള്ള പലഹാരങ്ങളും കാണും. അത്തരമൊരു പലഹാരമാണ് ചീപ്പപ്പം.

ചീപ്പപ്പത്തിന്റെ പലപല വകഭേദങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിലും കാണാം. അച്ചപ്പവും കുഴലപ്പവുമൊക്കെ ചീപ്പപ്പമല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. പക്ഷേ മലബാറിലെ ചീപ്പപ്പത്തിന്റെ രുചിയിൽ നേരിയ വ്യത്യാസമുണ്ട്.

വാഴത്തണ്ടു കൊണ്ടോ ചീപ്പു കൊണ്ടോ രൂപഭംഗി വരുത്തി വറുത്തുകോരിയെടുക്കുന്ന ചീപ്പപ്പത്തിന്റെ ഡിസൈനിൽ പോലും വ്യത്യാസമുണ്ട്.

ചീപ്പല്ല, ചീപ്പപ്പം

രണ്ടു കപ്പ് പച്ചരി പൊടിച്ച് ആവശ്യത്തിന് ഉപ്പും ഒരു മുട്ടയും കൂടി ചേർത്ത് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. ഇതു നെല്ലിക്കാവലിപ്പത്തിൽ ഉരുട്ടിയെടുക്കുക. വാഴത്തണ്ട് കീറിയതിലോ ചീപ്പിലോ വെച്ച് അമർത്തിയാൽ വരവരയുള്ള ഡിസൈൻ ലഭിക്കും. ഇതു എണ്ണയിൽ വറുത്തുകോരുക. ഒരു കപ്പ് പഞ്ചസാര ഒരു പാത്രത്തിലിട്ട് ഒന്നര കപ്പ് വെള്ളമൊഴിച്ച് പാനിയാക്കുക. വറുത്തെടുത്ത അപ്പം അതിലിട്ട് ഇളക്കി എടുക്കുക. ചീപ്പപ്പം തകർക്കും.