സ്കൂൾ വിദ്യാർഥിനികളുടെ നൻമയുടെ മധുരമുള്ള കേക്ക്

നടക്കാവ് ഗവ. വിഎച്ച്എസ്എസ്സിലെ പൂർവവിദ്യാർഥികളായ കെ.അനഘ, പി. അർച്ചന, കെ. അനഘ എന്നിവർ ഇംഗ്ലിഷ് പള്ളിക്കു സമീപം കേക്കു വിൽപനയ്ക്കിടെ. ചിത്രം∙ സജീഷ് ശങ്കർ∙ മനോരമ

മഞ്ഞിൻപുതപ്പണിഞ്ഞ ഡിസംബർ രാത്രികൾ. കൺചിമ്മിത്തുറക്കുന്ന നക്ഷത്രങ്ങൾ. അങ്ങകലെ എവിടെയോനിന്ന് ഉയരുന്ന കരോൾ ഈരടികൾ. ഇന്നു രാത്രി പന്ത്രണ്ടടിക്കുമ്പോൾ, ദൈവപുത്രൻ ഭൂമിയിൽ സംജാതനായതിന്റെ ആഘോഷങ്ങൾ ഉണരുകയായി. ഈ രാവിനപ്പുറം ക്രിസ്മസ്...

മനുഷ്യരുടെ സകല പാപങ്ങളുടേയും വേദനകൾ‍ സ്വയം ഏറ്റെടുത്ത ദൈവപുത്രൻ. ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ, വിശുദ്ധിയുടെ മെഴുതിരി നാളമായി അവൻ മനസിൽ നിറയുകയായി.

എക്കാലവും ക്രിസ്മസിനു കേക്കിന്റെ രുചിയാണ്. വീഞ്ഞിൻതുള്ളികൾ നാവിൻതുമ്പിൽ തൊടുന്ന നിമിഷം. പ്ലം കേക്കിന്റെ തരികൾ നാവിലുണർത്തുന്ന രുചിയോർമ. ഏതു വിശേഷദിവസവും മനസുനിറഞ്ഞ് ആഘോഷിക്കുന്ന കോഴിക്കോട്ടെ തെരുവുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.

നന്മയിലേക്ക് ഒരു മധുരവഴി

ഒരു ബാഗു നിറയെ കേക്കുകളുമായാണ് രണ്ട് അനഘമാരും ഒരു അർച്ചനയും രാവിലെ നടക്കാൻ തുടങ്ങിയത്. നടക്കാവ് ഗേൾസ് വിഎച്ച്എസ്എസ്സിലെ പൂർവ വിദ്യാർഥികളാണ് ഈ മൂവർസംഘം. രണ്ട് അനഘമാരുടെയും ഇനീഷ്യൽ പോലും ഒന്നാണ്. കെ. അനഘയും കെ.അനഘയും ഒപ്പമൊരു പി. അർച്ചനയും! നടക്കാവ് സ്കൂളിനുമുന്നിൽനിന്നു നടന്നുതുടങ്ങിയ സംഘം വയനാട് റോഡ് വഴി ക്രിസ്ത്യൻ കോളജ് ക്രോസ്റോഡ് കടന്ന് തിരികെ കണ്ണൂർ റോഡിലൂടെ നടക്കാവിലേക്ക് നടക്കുകയാണ്.

ഓരോ കടയിലും വീട്ടിലും കയറി കേക്കു വിൽക്കുകയാണ് സംഘം. അരക്കിലോ കേക്കിന് 140രൂപ മാത്രമാണ് വില. എന്നാൽ ഈ കേക്കുകൾക്ക് മറ്റു വിലയേറിയ കേക്കുകളേക്കാൾ രുചികൂടുമെന്നാണ് ചുവന്ന ഉടുപ്പിട്ട കെ. അനഘയുടെ വാദം. കാരണം, ഓരോ  കേക്കിനും ഒരു ലക്ഷ്യമുണ്ട്. 

നന്മയുടെ രുചിയുള്ള കേക്കുമായാണ് നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിലെ കുട്ടികൾ ഈ ക്രിസ്മസ് ആഘോഷിക്കുന്നത്. നഗരത്തിന്റെ പല കോണുകളിലായി വിദ്യാർഥികൾ കേക്കുമായി എത്തുന്നു.  ഈ കേക്കു വാങ്ങി ഒരു കഷ്ണം മുറിച്ച് വായിലേക്കിടുമ്പോൾ നമ്മൾ ഒരു നന്മയുടെ ഭാഗമാവുകയാണ്. ഓരോ കേക്കും വെളിച്ചംവീശുന്നത് ഒരു കൂട്ടം വിദ്യാർഥികളുടെ സ്വപ്നത്തിലേക്കുള്ള വഴിയാണ്.

കേക്കിലൂടെ  ബാൻഡിലേക്ക്

നടക്കാവ് സ്കൂളിലെ എൻഎസ്എസ് ക്യാംപ് പുതിയങ്ങാടി തെരുവത്ത് ജിഎയുപി സ്കൂളിലാണ് നടക്കുന്നത്. സ്കൂളിലെ വിദ്യാർഥികളിൽ ഭൂരിഭാഗം പേരും തീരമേഖലയിൽനിന്നുള്ളവരാണ്. അറുപതു വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ബാൻഡ്മേളം ജീവനാണ്. ഇവരെ ബാൻഡ് പഠിപ്പിക്കാൻ സ്കൂളിൽ ഒരു അധ്യാപകനും  മുന്നിട്ടിറങ്ങി. 

യുപി സ്കൂളായതിനാൽ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും പല പരിപാടികളിലും ബാൻഡ് മേളം അവതരിപ്പിക്കാനുള്ള ഭാഗ്യം തേടിയെത്തുമെന്ന് കുട്ടികൾക്ക് ഉറപ്പാണ്. പക്ഷേ സർക്കാർ സ്കൂളുകൾക്ക് ബാൻഡ്സെറ്റ് ടീം രൂപീകരിക്കുക എന്നത് വൻചെലവുള്ള കാര്യമായതിനാൽ സ്വപ്നം കാണാൻ പോലും കഴിയാറില്ല. 

സ്നേഹത്തിന്റെ ബാൻഡടി മേളം!

നടക്കാവ് സ്കൂളിലെ വിഎച്ച്എസ്എസ് വിദ്യാർഥിനികളായ എൻഎസ്എസ് അംഗങ്ങൾ തെരുവത്ത് സ്കൂളിലെത്തിയപ്പോൾ അവിടുത്തെ കുട്ടികൾ ചോദിച്ചത് ഒരു ബാൻഡ് സെറ്റ് വാങ്ങി നൽകാമോ എന്നാണ്. 

ക്രിസ്മസ് കാലത്ത്് കേക്കുവാങ്ങാത്തവരായി ആരുമില്ല. എന്നാൽ കേക്കുവിറ്റു കിട്ടുന്ന പണം കൊണ്ട് ഒരു ബാൻഡ് സെറ്റ് വാങ്ങിയാലോ എന്നായി ആലോചന. അരക്കിലോ വരുന്നകേക്കുകൾ 140 രൂപയ്ക്ക് വിൽക്കാമെന്ന ആശയം കുട്ടികൾ മുന്നോട്ടുവച്ചു. 

2500 കേക്കുകൾ വിൽക്കാനാണ് ലക്ഷ്യമിട്ടത്. ഇന്നലെ ഉച്ചയോടെ 2400 കേക്കുകൾ വിറ്റുകഴിഞ്ഞതായി നടക്കാവ് സ്കൂളിലെ എൻഎസ്എസ്പ്രോഗ്രാം ഓഫിസർ സൗമ്യ ലി. ചന്ദ്രൻ പറഞ്ഞു. 50 എൻഎസ്എസ് അംഗങ്ങളും ബാക്കിയുള്ള 130 വിദ്യാർഥികളും പൂർവവിദ്യാർഥികളുമെല്ലാം കേക്കുമായി നാടുചുറ്റുകയാണ്. വാർഡ് കൗൺസിലർ റഫീഖാണ് ‘കേക്കിലൂടെ ബാൻഡിലേക്ക്’ എന്നുപേരിട്ട പരിപാടിയുടെ മറ്റൊരു ശക്തികേന്ദ്രം.

27ന് തെരുവത്ത് സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ബാൻഡ്സെറ്റ് കൈമാറാനെത്തുന്നത് എ. പ്രദീപ്കുമാർ എംഎൽഎയാണ്. അങ്ങനെ നന്മയുടെ വെളിച്ചവും കേക്കിന്റെ രുചിയും ഒത്തുചേരുകയാണ് ഈ ക്രിസ്മസിന്.