ചോക്ലേറ്റ് കേക്ക് തയാറാക്കാം, ബേക്കിങും മൈദയും വേണ്ട!

ബേക്കിങും മൈദയും ഇല്ലാത്ത ഒരു കേക്ക് ആയാലോ‌? ദോശകൾ പോലെ ക്രെയ്‌പ്‌ ഉണ്ടാക്കിയെടുത്ത് അത് നിരയായി വെച്ച് ചോക്ലേറ്റും ചേർത്താണ് കേക്ക് ഉണ്ടാക്കുന്നത് .

ചേരുവകൾ

വെണ്ണ - 3 ടേബിൾസ്‌പൂൺ
പാൽ - 1.5 കപ്പ്
ഗോതമ്പുപൊടി - ¾ കപ്പ്
ശർക്കര - ½ കപ്പ്
കൊക്കോ പൗഡർ - 4 ടേബിൾസ്പൂൺ
മുട്ട- 3
വാനില എസൻസ് - 1 ടീസ്പൂൺ

ചോക്ലേറ്റ് ഗനാഷ്

ചോക്ലേറ്റ് - 1 കപ്പ്
ഫ്രഷ് ക്രീം - 1 കപ്പ്

തയാറാക്കുന്ന വിധം

∙ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെണ്ണ ചേർക്കുക. വെണ്ണ ഉരുക്കി കഴിയുമ്പോൾ ഒരു പാത്രത്തിലേക്കു മാറ്റുക.

∙ പാനിൽ പാൽ ഒഴിച്ച് തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്യുക.

∙ ഒരു പാത്രത്തിൽ ഗോതമ്പുപൊടിയും ശർക്കരയും കൊക്കോ പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ അതിലേക്കു മുട്ടയും വാനില എസൻസും ചേർത്തിളക്കുക .

∙ ഈ കൂട്ടിലേക്ക്‌ ഇടവിട്ട് ഇടവിട്ട് വെണ്ണയും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ തയാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു തവി ചേർത്ത് ദോശ പോലെ 2 വശവും വേവിച്ചെടുക്കുക. അങ്ങനെ മുഴുവൻ കൂട്ടും ഉപയോഗിച്ച് ദോശകൾ ഉണ്ടാക്കി മാറ്റിവെക്കുക.

ഇനി ഒരു പാത്രത്തിൽ തിളപ്പിച്ച ഫ്രഷ് ക്രീം എടുക്കുക. ചോക്ലേറ്റ് നുറുക്കിയത് അതിലേക്ക് ചേർത്ത് 3 മിനിറ്റ് വെക്കുക. അതിനു ശേഷം ചോക്ലേറ്റ് നന്നായി അലിഞ്ഞു വരുന്നതുവരെ ഇളക്കി ക്രീമുമായി യോജിപ്പിക്കുക. മാറ്റിവച്ചിരിക്കുന്ന ദോശയിൽ ഒരെണ്ണം എടുത്തു അതിനു മുകളിൽ ചോക്ലേറ്റ് നന്നായി പുരട്ടുക . ഇനി അതിനു മുകളിൽ ഒരു ദോശ വെച്ച് ചോക്ലേറ്റ് പുരട്ടുക.

അങ്ങനെ എല്ലാ ദോശയും കഴിയുന്നവരെ തുടരുക. എല്ലാം നിരത്തി കഴിയുമ്പോൾ വശങ്ങളിലെല്ലാം ചോക്ലേറ്റ് പുരട്ടുക. ഇനി വേണമെങ്കിൽ ചെറുതായി അരിഞ്ഞ ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് എല്ലാ വശങ്ങളും അലങ്കരിക്കാവുന്നതാണ്. അതിനു ശേഷം ഫ്രിഡ്‌ജിൽ വെച്ച് 2 മണിക്കൂർ തണുപ്പിച്ചാൽ കേക്ക് തയാർ.