കുട്ടികൾക്കിഷ്ടപ്പെട്ടൊരു ബജി എളുപ്പത്തിൽ

വളരെ എളുപ്പത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാവുന്ന രുചികരമായ നാലുമണി പലഹാരമാണ് കിഴങ്ങുവട.

കിഴങ്ങുവട ചേരുവകൾ

ഉരുളക്കിഴങ്ങ് വലുത് – രണ്ടെണ്ണം
സവാള ഇടത്തരം – രണ്ടെണ്ണം
കടലമാവ് – രണ്ടു ടേബിൾ സ്പൂൺ
ഗരം മസാല – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – നാലെണ്ണം
മുളകുപൊടി – എരിവിനനുസരിച്ച്
വേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ചുരണ്ടിയെടുത്ത ശേഷം കൈ കൊണ്ടു നന്നായി പിഴിഞ്ഞ് വെള്ളം കളയണം. സവാള കനം കുറച്ച് അരിഞ്ഞെടുത്തു പാകത്തിന് ഉപ്പു ചേർത്തു ഞരടി പിഴിയുക. വെള്ളം കളയേണ്ടതില്ല. ഇതിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, വേപ്പില, മുളകുപൊടി, ഗരംമസാല, കടലമാവ് ഇവ ചേർത്തു നല്ലവണ്ണം യോജിപ്പിക്കുക. മിശ്രിതം ഉരുട്ടിയെടു ക്കാൻ പറ്റുന്ന പാകത്തിനുള്ള കടലമാവു ചേർത്താൽ മതി യാകും. ശേഷം കുറേശ്ശെ എടുത്തു വിരലുകൾ കൊണ്ടു പരത്തി നല്ലവണ്ണം ചൂടായ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തു കോരാം.

ശ്രദ്ധിക്കാൻ

കിഴങ്ങു തൊലി കളഞ്ഞു വെള്ളത്തിലിട്ടാൽ കളർ മാറില്ല. ചുരണ്ടിയെടുത്താൽ ഉടൻ തന്നെ ചേരുവകൾ ചേർത്തു വയ്ക്കുകയും വേണം. കടലമാവ് അധികമായാൽ വടയ്ക്കു രുചിയുണ്ടാകില്ല. വട എണ്ണയിലിട്ടു മുക്കാൽ ഭാഗം വേകു മ്പോൾ തിരിച്ചിട്ടു വേവിച്ചെടുക്കാം.