സ്വാദുള്ളൊരു ചക്കക്കുരു ലഡു

ചക്കക്കുരു കൊണ്ട് നല്ലൊരു  ലഡു തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചക്കക്കുരു ലഡു ചേരുവകൾ:

ചക്കക്കുരു രണ്ടു കപ്പ്, തേങ്ങ ചിരകിയത് മൂന്നു കപ്പ്, പുഴുക്കലരി രണ്ടു കപ്പ്, ശർക്കര അരക്കിലോ ചീകിയെടുത്തത്,ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂൺ, അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ആവശ്യത്തിന്.

തയാറാക്കുന്ന വിധം:

ചക്കക്കുരു തൊലികളഞ്ഞു നാലു വിസിലിൽ വേവിച്ചെടുക്കുക. തണുക്കുമ്പോൾ മിക്സിയിൽ അരച്ചെടുത്തു ചട്ടിയിൽ ചൂടാക്കി നല്ലതുപോലെ വറ്റിച്ചെടുക്കുക. തേങ്ങയും ചൂടാക്കി ഇതുപോലെ ജലാംശം കളയണം. കട്ടിയുള്ള പാനിൽ അരി ലൈറ്റ് ബ്രൗൺ നിറത്തിൽ വറുത്ത്, ചൂടാറുമ്പോൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം തേങ്ങ ചിരകിയതും അരിപ്പൊടിയും ശർക്കരയും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, ഏലയ്ക്ക പൊടിച്ചത് എന്നിവയും അരച്ചെടുത്ത ചക്കക്കുരു മിശ്രിതവും ചേർത്തു കൈകൊണ്ടു നന്നായി യോജിപ്പിച്ച് ഉരുട്ടിയെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ചക്കക്കുരുവിന്റെ തൊലി കളയുമ്പോൾ ബ്രൗൺ നിറത്തിലുള്ളതു കളയണമെന്നില്ല. അരി വറുക്കുമ്പോൾ കരിഞ്ഞാൽ അരുചിയുണ്ടാകും. ലഡു മിശ്രിതം ഉരുട്ടുമ്പോൾ നന്നായി അമർത്തി ഉരുട്ടിയെടുക്കണം.