പ്രഭാത ഭക്ഷണത്തിനൊപ്പം മഷ്റൂം പനീർ മഞ്ചൂറിയൻ

ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് കൂൺ. ഇറച്ചിക്ക് പകരം ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് പോഷകഗുണം കൂട്ടും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കൂണിലുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയൊരു കൂൺ വിഭവം പരിചയപ്പെടാം.

ചേരുവകൾ

1 മഷ്റൂം വൃത്തിയാക്കി കുറച്ചു
വലിയ കഷണങ്ങളാക്കിയത് – 200 ഗ്രാം
2പനീർ ഒരിഞ്ച് ചതുരക്കഷണങ്ങളാക്കിയത് – 200 ഗ്രാം
3 മുളക് പൊടി – 2 ടീസ്പൂൺ
4 മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
5 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
6 ഉപ്പ് – ആവശ്യത്തിന്
7 വെജിറ്റബിൾ ഓയിൽ – ആവശ്യത്തിന്
8 കാരറ്റ്, കാപ്സിക്കം, സവാള, കുരുകളഞ്ഞ ടൊമാറ്റോ എന്നിവ മുക്കാൽ ഇഞ്ച് ചതുരക്കഷണങ്ങളാക്കിയത് – കുറേശ്ശെ
9 സോയാ സോസ്, ടൊമാറ്റോസോസ്, ചില്ലി സോസ് – ഒരു ടീസ്പൂൺ വീതം
10 സ്പ്രിങ് ഒനിയൻ കഷണങ്ങൾ – കുറച്ച്
11 മല്ലിയില അരിഞ്ഞത് – കുറച്ച്
12 കോഴിമുട്ട വെള്ള – കുറച്ച്
13 കുരുമുളക് പൊടി, ഗരം മസാല – ഒരു ടീസ്പൂൺ വീതം
14കോൺഫ്ലോർ – ഒരു ടേബിൾ സ്പൂൺ
15 മൈദ – ഒരു ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

മഷ്റൂം പനീർക്കഷണങ്ങൾ 3 മുതൽ 6 വരെ കുറേശ്ശെ എടുത്തു കോഴിമുട്ട വെള്ളയും അൽപം കോൺഫ്ലോർ എന്നിവയും യോജിപ്പിച്ചു പുരട്ടിവയ്ക്കണം. നോൺസ്റ്റിക് തവയിൽ കുറച്ചു വെജിറ്റബിൾ ഓയിൽ ഒഴിച്ചു മഷ്റൂം കഷണങ്ങൾ ഇരുവശവും അൽപം ചുവക്കെ വറുത്തു കോരണം. കുഴിയുള്ള നോൺസ്റ്റിക് പാത്രത്തിൽ അൽപം ഓയിൽ ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റിയതിലേക്കു കാരറ്റ്, സവാള, കാപ്സിക്കം, ടൊമാറ്റോ കഷണങ്ങൾ ഇട്ടു വഴറ്റണം. നിറം മാറിയാൽ മുളകുപൊടി, മഞ്ഞൾപ്പൊടി, സോസുകൾ എന്നിവ ചേർത്തു വഴറ്റിയതിലേക്കു വറുത്തു കോരിയ മഷ്റൂം പനീർ കഷണങ്ങളും ചേർത്തിളക്കണം. ഇതിലേക്കു സ്പ്രിങ് ഒനിയനും ഉപ്പും ചേർക്കാം. കുറച്ചു വെള്ളത്തിൽ കോൺഫ്ലോർ, മൈദ കലക്കി ഒഴിച്ചു ഗ്രേവിയുടെ പാകത്തിന് ആവശ്യമെങ്കിൽ അൽപം കൂടി വെള്ളമൊഴിച്ചു തിളയ്ക്കുമ്പോൾ കുരുമുളകു പൊടി, ഗരം മസാല, മല്ലിയില എന്നിവ വിതറി ഇളക്കി കുറുകിത്തുടങ്ങുമ്പോൾ ഇറക്കിവയ്ക്കാം. ഫ്രൈഡ്റൈസ്, ചപ്പാത്തി, വെള്ളയപ്പം, ചോറ് തുടങ്ങിയവയോടൊപ്പം കഴിക്കാൻ ഉത്തമം.