ഓർമകളുടെ മണമുള്ള ക്രിസ്മസ് കേക്ക്

കേക്കില്ലാതെയെന്ത് ക്രിസ്മസ് ആഘോഷം. സ്വന്തം കൈകൊണ്ട് തയാറാക്കിയെടുക്കുന്ന സുഖം എവിടെ നിന്നെങ്കിലും കിട്ടുമോ? വീട്ടിൽ കേക്കുണ്ടാക്കുന്നത് 'വലിയ' കാര്യമാണന്ന ചിന്തയൊന്നും വേണ്ട. ഒന്നു മെനക്കെട്ടാൽ വീട്ടിലും ബേക്ക് ചെയ്യാം രുചികരമായ ക്രിസ്മസ് കേക്ക്. ആത്മവിശ്വാസമുണ്ടെങ്കിൽ ആദ്യ പ്രാവശ്യം തന്നെ രുചികരമായ കേക്ക് അനായാസം തയാറാക്കാം. കേക്ക് തയാറാക്കുന്നത് ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്കു കൂടിയാണ്. കൊച്ചി പാലാരിവട്ടം മന്ന കുക്കറി സ്കൂളിൽ നിന്നും അനിത െഎസക് ഒരുക്കിയ റം ആൻഡ് റെയ്സിൻ കേക്കിന്റെ രുചിക്കൂട്ട് 40 മിനിറ്റുകൊണ്ട് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

Click here to read this recipe in English

ചേരുവകൾ 

മൈദ – 200 ഗ്രാം
ബട്ടർ – 200 ഗ്രാം
പഞ്ചസാര പൊടിച്ചത് – 250 ഗ്രാം
ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ
മുട്ട – 4 എണ്ണം
വനില എസൻസ് – 1 1/2 ടീസ്പൂൺ
ഉണക്കമുന്തിരി – 1/2 കപ്പ് (കേക്ക് തയാറാക്കുന്നതിന് തലേദിവസം അരകപ്പ് റമ്മിൽ കുതിർത്തു വയ്ക്കണം)
റം – 1/2 കപ്പ്

തയാറാക്കുന്ന വിധം

∙മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞെടുക്കാം.

∙ഒരു ബൗളിൽ ബട്ടറും പഞ്ചസാര പൊടിച്ചതും ബീറ്റർ ഉപയോഗിച്ച് നന്നായി പതഞ്ഞു പൊങ്ങുന്നതു വരെ അടിച്ചെടുക്കാം. 

∙ഇതിലേക്ക് ഓരോ മുട്ട വീതം ചേർത്തു കൊടുക്കാം. വനില എസൻസും ചേർക്കണം. മൈദയുമായി ഈ കൂട്ട് യോജി പ്പിച്ചെടുക്കണം. ഇതിലേക്ക് റം ഒഴിച്ചു വച്ചിരിക്കുന്ന ഉണക്കമുന്തിരയും ചേർത്ത് 

നന്നായി മിക്സ് ചെയ്യാം. പ്രീ ഹീറ്റ് ചെയ്തിരിക്കുന്ന അവ്നിൽ  180°C ൽ 30–40 മിനിറ്റ് ബേക്ക് ചെയ്താൽ റം ആൻഡ് റെയ്സിൻ കേക്ക് റെഡി.