ജഡ്ഡുവെന്ന ഇന്ത്യൻ വിജയ ലഡ്ഡു; ജഡേജയെങ്ങനെ ഇങ്ങനെയായി???

വീഞ്ഞുപോലെയാണ് രവീന്ദ്ര ജഡേജ. പഴകുന്തോറും വീര്യമേറുന്ന മധുരം. അല്ലെങ്കിൽ ഒന്നോർത്തുനോക്കൂ. ഏകദിന സ്പെഷലിസ്റ്റായും ട്വന്റി20 അടിക്കാരനായും ശ്രദ്ധനേടിയ ഈ രജപുത്രവീര്യം, എത്ര പെട്ടെന്നാണ് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളുടെ കുന്തമുനയായി മാറിയത്! ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീം ഇന്ത്യയ്ക്കു വിശ്വസിക്കാവുന്ന ടെസ്റ്റ് താരമായി മാറിയത്. ഇന്ത്യൻ ബോളിങ്ങിനെ ഏറെക്കാലം ചുമലിലേറ്റിയ രവിചന്ദ്ര അശ്വിനെക്കാളും ഗുണകാരിയായ ബോളറായി മാറിയത്...?

സമീപകാല ടെസ്റ്റ് വിജയങ്ങളുടെ കഥയെഴുതുമ്പോൾ ടീം ഇന്ത്യ അടിവരയിട്ട് ആവർത്തിക്കുന്ന പേരുകളിൽ പ്രധാനം രവീന്ദ്ര ജഡേജയുടേതു തന്നെയാണ്.
മഹേന്ദ്രസിങ് ധോണി എന്ന ക്രിക്കറ്റ് തമ്പുരാന്റെ പ്രിയസുഹൃത്തായ ജഡേജ അന്നുമുതലിന്നോളം ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലുണ്ണിയാണ്. ധോണി മാറി വിരാട് കോഹ്‌ലിയെന്ന ആവേശം ക്രിക്കറ്റ് ക്യാപ്റ്റനായപ്പോഴും ജഡേജയുടെ റോളിനൊരു മാറ്റവുമില്ല. എന്നുമാത്രമല്ല, ചുമതലകൾ കൂടുകയും ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് ജഡേജയുടെ കരിയറിലെ അവസാന നേട്ടം. ഓൾറൗണ്ട് മികവുമായാണ് ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ജ‍ഡ്ഡു മാൻ ഓഫ് ദ് ടൂർണമെന്റായത്. നാലു ടെസ്റ്റുകളിൽ നിന്ന് 25 വിക്കറ്റുകൾ! ബാറ്റിങ്ങിലും മോശമാക്കിയില്ല. രണ്ട് അർധസെഞ്ചുറികൾ അടക്കം 127 റൺസ്. വിധിനിർണായകമായ ധരംശാല ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കു ലീഡ് നേടിക്കൊടുത്ത 63 റൺസ് സെഞ്ചുറിയേക്കാൾ മൂല്യമുള്ളതായിരുന്നു.

ഇതുവരെയുള്ള ജഡേജയുടെ കളിക്കണക്കുകളിങ്ങനെ വായിക്കാം:

30 ടെസ്റ്റിൽനിന്ന് 1051 റൺസ്, ഉയർന്ന സ്കോർ 90, വിക്കറ്റുകൾ 142, അഞ്ചു വിക്ക‌റ്റ്– 8 തവണ, 10 വിക്കറ്റ് ഒരു തവണ.

129 ഏകദിനങ്ങളിൽനിന്നായി 1888 റൺസ്, ഉയർന്ന സ്കോർ 87, വിക്കറ്റുകൾ 151, 36 റൺസിന് അ‍ഞ്ചു വിക്കറ്റ് മികച്ച പ്രകടനം.

വറചട്ടിയിലെ എണ്ണയിലിട്ട കടുകുപോലെയാണു ജഡേജ. തുള്ളിത്തെറിച്ചുകൊണ്ടിരിക്കും. ടീമിനു മുഴുവൻ ചാലകശക്തിയാകുന്ന വിധത്തിലുള്ള ഒരു ഊർജം ജഡേജയിൽനിന്ന് എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കും. പിരിച്ചുവച്ച മീശയ്ക്കു പിന്നിലൊളിപ്പിച്ച ചെറുചിരിയാൽ എതിരാളികളെ അരിഞ്ഞുവീഴ്ത്തും. അർധസെഞ്ചുറിയോ മറ്റോ നേടുമ്പോൾ ആ ആഹ്ലാദപ്രകടനത്തിൽ നിറയുന്ന വീര്യം കാണേണ്ടതാണ്. ഒരു പോരാളിയുടെ കയ്യിലെ വാളെന്നവണ്ണമാണ് അപ്പോൾ ജഡേജയുടെ ബാറ്റ്. വാൾ ചുഴറ്റുംപോലെ ജഡേജ ബാറ്റിനെ വായുവിൽ ചലിപ്പിക്കുന്നതു കാണുന്നതുതന്നെ ഒരഴകാണ്. രജപുത്രനായതിനാൽ രക്തത്തിലലിഞ്ഞതാണ് ഈ ആക്ഷനെന്ന് ജഡേജ തന്നെ പറ‍ഞ്ഞിട്ടുണ്ട്. എതിരാളിയെ അരിഞ്ഞിടുന്ന വീര്യത്തിന് വിജയാഹ്ലാദംകൊണ്ടൊരു തിലകം.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബോളർമാരിൽ ഒന്നാം റാങ്കിലെത്തിയതാണ് ജഡേജയുടെ പുതിയ വിശേഷങ്ങളിൽ അതിപ്രധാനം.‌ അശ്വിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട ജഡേജ, ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ റാഞ്ചിയിൽ നേടിയ ഒൻപതു വിക്കറ്റുകളോടെയാണ് ഒന്നാം റാങ്കിലേക്കു തനിച്ചു കയറിയത്. ബിഷൻ സിങ് ബേദിക്കും അശ്വിനും ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോളറാണിദ്ദേഹം. ഇതിനുമെത്രയോ മുമ്പ് ഏകദിന ബോളർമാരിൽ ഒന്നാംസ്ഥാനക്കാരനായിരുന്നിട്ടുണ്ട് ജഡേജ. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യൻ ബോളർ. 1996 ൽ അനിൽ കുംബ്ലെയാണ് ജഡേജയ്ക്കു മുമ്പ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്ത് എത്തിയത്. കപിൽദേവ്, മനീന്ദർ സിങ് എന്നിവർ നേരത്തേതന്നെ ഈ നേട്ടം കയ്യടക്കിയിരുന്നു. ഓൾ റൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനമെന്ന നേട്ടവും ജഡേജയ്ക്ക് അഴകായിരുന്നു.

അത്യാവശ്യം റൺസെടുക്കുന്ന ബാറ്റ്സ്മാൻ, കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തുന്ന ബോളർ, വായുവിൽനിന്നു പറന്നു പന്തുകൾ പിടിയിലൊതുക്കുന്ന ഫീൽഡർ... ഏതു വിധത്തിലും ടീമിന് അനുയോജ്യനാണു ജഡേജ. ഏകദിന – ട്വന്റി20 ഫോര്‍മാറ്റുകളില്‍ ജഡേജ ഫീൽഡിങ് മികവിലൂടെ രക്ഷപ്പെടുത്തുന്ന 20 റൺസ് പലപ്പോഴും ടീമിന്റെ വിജയത്തിൽ നിർണായകമാകുന്നതായി കണക്കുകൾ തെളിയിക്കുന്നു.

ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റർ എന്ന റെക്കോർഡും ജഡേജയ്‌ക്കുതന്നെ. 2012 സീസണിലായിരുന്നു ഇത്. ഡോൺ ബ്രാഡ്‌മാൻ, ബ്രയാൻ ലാറ, ഗ്രെയിം ഹിക്ക് തുടങ്ങിയവരുടെ നിരയിലായി ഇതോടെ ജഡേജ. പ്രായമപ്പോൾ 23 മാത്രവും. ഒഡിഷയ്ക്കെതിരെ 314 (2011 നവംബർ), ഗുജറാത്തിനെതിരെ 303 നോട്ടൗട്ട് (2012 നവംബർ), റയിൽവേസിനെതിരെ 331 (2012 ഡിസംബർ) എന്നിവയായിരുന്നു ബാറ്റു കൊണ്ടുള്ള ആ വിസ്മയ പ്രകടനങ്ങൾ. 2008 രഞ്ജി സീസണിൽ 42 വിക്കറ്റും 739 റൺസും നേടിയതോടെയാണ് ജഡേജയെ സെലക്ടർമാർ ശ്രദ്ധിച്ചത്. അങ്ങനെ ഏകദിന ടീമിലെത്തിയ താരം പിന്നീടെഴുതിച്ചേർത്തത് എത്രയോ വിജയകഥകൾ.

2008 ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്ക് എതിരെയായിരുന്നു ഏകദിന, ട്വന്റി20 അരങ്ങേറ്റങ്ങൾ. ഏകദിന അരങ്ങേറ്റ മൽസരത്തിൽ 77 പന്തിൽ 60 റൺസ്. 2012 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിൽ ടെസ്‌റ്റ് അരങ്ങേറ്റവും. ആദ്യ ഇന്നിങ്സിൽ രണ്ടു വിക്കറ്റും 12 റൺസും. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും. ഇംഗ്ലണ്ട് താരം ജോ റൂട്ട് അരങ്ങേറിയതും ഇതേ മൽസരത്തിലാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർതാരമായി തുടങ്ങിയ ജഡേജയാണ് ഐപിഎല്ലിൽ ഏറെ നേട്ടമുണ്ടായ താരങ്ങളിലൊരാൾ. സ്‌പിൻ ബോളിങ് മാന്ത്രികതയൊന്നും ജഡ്‌ഡു ബോളിങ്ങിൽ കാണാനാകില്ല. പക്ഷേ, റൺസ് ഒഴുക്കു തടയാനും വിക്കറ്റ് കൊയ്യാനും പ്രത്യേക വൈഭവമുണ്ട്. വാതുവയ്പു വിവാദത്തിലും ജഡേജ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ കിങ്സ് താരങ്ങളായ സുരേഷ് റെയ്നയും ജഡേജയും വെസ്റ്റ് ഇൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയും വാതുവയ്പു സംഘങ്ങളുമായി ബന്ധപ്പെട്ടെന്ന് വെളിപ്പെടുത്തിയതു മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിതന്നെയാണ്. 2016ൽ ഗുജറാത്ത് ലയൺസ് ജഡേജയെ ലേലത്തിനെടുത്തത് 9.5 കോടി രൂപയ്ക്കാണ്. കേരള ടസ്കേഴ്സ് ടീമിലും ജഡേജയുണ്ടായിരുന്നു.

കളത്തിലെ പെരുമാറ്റത്തിന്റെ കാര്യത്തിലും ജഡേജ പഴി കേട്ടിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനകാലത്ത് ടെന്റ്ബ്രിജിലെ ആദ്യ ടെസ്റ്റിനിടെ ഇംഗ്ലിഷ് ബോളർ ജയിംസ് ആൻഡേഴ്സണുമായി കൊരുത്തതിന്റെ പേരിൽ ജഡേജയ്ക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയാണ് തീരുമാനം മാറ്റിയത്. ജഡേജയോടു താൻ മോശമായി സംസാരിക്കുകയായിരുന്നെന്ന് ആൻഡേഴ്സൺ പിന്നീടു സമ്മതിക്കുകയും ചെയ്തു.