ADVERTISEMENT

വെല്ലിങ്ടൻ∙ വിക്കറ്റിനു മുന്നിൽ മഹേന്ദ്രസിങ് ധോണി പഴയ ധോണിയോ പുതിയ ധോണിയോ ആകട്ടെ. ആ ബാറ്റുകൾക്ക് ശക്തി കൂടുകയോ കുറയുകയോ ചെയ്യട്ടെ. വിക്കറ്റിനു പിന്നിൽ ധോണി അന്നും ഇന്നും കൊടുങ്കാറ്റാണ്. വെല്ലിങ്ടനിലെ അഞ്ചാം ഏകദിനവും ഇക്കാര്യം അടിവരയിട്ടു. ന്യൂസീലൻഡ് ഇന്നിങ്സിൽ നിലയുറപ്പിച്ചുവന്ന ജയിംസ് നീഷാമിനെ റണ്ണൗട്ടാക്കിയ ധോണിയുടെ കുശാഗ്രബുദ്ധിയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ.

253 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനായി ഏഴാം വിക്കറ്റിൽ ജയിംസ് നീഷാമും മിച്ചൽ സാന്റ്നറും ചേർന്നതോടെ ഇന്ത്യ കളി കൈവിട്ടെന്നു തോന്നിച്ചതാണ്. എന്നാൽ നീഷാമിനെ ധോണി റണ്ണൗട്ടാക്കിയത് കളിയുടെ ഗതി മാറ്റി. കേദാർ ജാദവ് എറിഞ്ഞ 37–ാം ഓവറിലെ രണ്ടാം പന്തിൽ നീഷാമിനെതിരെ അപ്പീൽ വന്നെങ്കിലും അംപയർ അനുവദിച്ചില്ല. പന്ത് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച നീഷാം, റൺസിനായി ക്രീസിനു വെളിയിൽ വന്നിരുന്നു. താൻ ക്രീസിനു പുറത്താണെന്ന കാര്യം അപ്പീലിന്റെ ബഹളത്തിൽ നീഷാം മറന്നു. അതീവ ശ്രദ്ധയോടെ വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ച ധോണി അവസരം മുതലെടുത്ത് ബെയ്‍ൽസ് തെറിപ്പിച്ചു. തിരിച്ചുവരാനുള്ള ന്യൂസീലൻഡിന്റെ എല്ലാ മോഹവും തകർത്തത് ഈ വിക്കറ്റ് തന്നെ!

∙ മൗണ്ട് മോൻഗനൂയിയിൽ നടന്ന രണ്ടാം ഏകദിനത്തിലും സമാനമായൊരു പ്രകടനം ധോണി പുറത്തെടുത്തിരുന്നു. ഇന്ത്യ ഉയർത്തിയ 325 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലൻഡ് 17 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സെടുത്തു നിൽക്കെയാണ് ധോണി കിവീസിനു മേൽ ഇടിത്തീയായി പതിച്ചത്. 18–ാം ഓവർ ബോൾ ചെയ്യാനെത്തിയത് കേദാർ ജാദവ്. ക്രീസിൽ റോസ് ടെയ്‌ലറും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ടോം ലാഥവും. സ്റ്റംപിനു കണക്കാക്കി ജാദവ് എറിഞ്ഞ പന്ത് ടെയ്‌ലറിന്റെ പ്രതിരോധം തകർത്ത് ബാറ്റിനും കാലിനും ഇടയിലൂടെ ധോണിയുടെ കൈകളിലേക്ക്. മിന്നൽ വേഗത്തിൽ ധോണി സ്റ്റംപിളക്കി. ധോണിയും ചാഹലും അപ്പീൽ ചെയ്തതോടെ തീരുമാനം തേർഡ് അംപയറിന്.

സ്ലോ മോഷനിൽ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം എല്ലാവർക്കും മനസ്സിലായത്. ജാദവിന്റെ പന്ത് പ്രതിരോധിക്കാനുള്ള ആയാസത്തിനിടെ ടെയ്‌ലറിന്റെ കാൽപ്പാദം ഒരു സെക്കൻഡ് വായുവിലുയർന്നു. കൃത്യമായി ഈ സമയത്താണ് ധോണി സ്റ്റംപിളക്കിയത്. ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കിയശേഷം തേർഡ് അംപയറിന്റെ തീരുമാനമെത്തി; ടെയ്‌ലർ ഔട്ട്! രാജ്യാന്തര ക്രിക്കറ്റിൽ ഒരുപക്ഷേ ധോണിക്കു മാത്രം സാധ്യമാകുന്ന ഐറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com