Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരീടത്തിലെത്തുമോ, പാക്കിസ്ഥാന്റെ ഭാഗ്യം?

മനോജ് തെക്കേടത്ത്
Pakistan celebrates

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യം നോക്കണേ! തോല്‍ക്കുമെന്നുറപ്പിച്ച ഒരു കളിയിലാണ് അവർ വിജയം പിടിച്ചെടുത്തതും ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നതും. വിജയിക്കുന്നവർ സെമിയിലെത്തും എന്നുറപ്പുള്ള അവസാന ഗ്രൂപ്പ് മൽസരത്തിൽ ശ്രീലങ്കയുടെ കയ്യിൽനിന്നാണ് പാക്കിസ്ഥാൻ വിജയം തട്ടിപ്പറിച്ചത്. അങ്ങനെ പറയുന്നതു ശരിയല്ല; ശ്രീലങ്ക വിജയം താഴെയിടുകയായിരുന്നല്ലോ.

പാക്കിസ്ഥാന്റെ ആരാധകർ പോലും ഗാലറിയിൽ മുഖംപൊത്തിയിരുന്ന അവസ്ഥയിൽനിന്നാണ് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്, ബോളർ മുഹമ്മദ് ആമിറിനെ കൂട്ടുപിടിച്ച് അവിസ്മരണീയമായ സെമിബർത്ത് ഉറപ്പാക്കിയത്. അഭേദ്യമായ എട്ടാംവിക്കറ്റിൽ അവർ കൂട്ടിച്ചേർത്തത് 75 റൺസ്. ശ്രീലങ്കൻ താരങ്ങൾ പാഴാക്കിയ രണ്ടു ക്യാച്ചുകളും പാക്കിസ്ഥാന് സമ്മാനിച്ച ഓവർ ത്രോകളും കൈവിട്ട ബൗണ്ടറികളും ഇതിൽപ്പെടും.

Seekugge drops പാക്ക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് നൽകിയ ക്യാച്ച് അവസരം കൈവിടുന്ന ലങ്കൻ താരം.

എന്നാലും വിജയം വിജയമാണല്ലോ. ചാംപ്യൻസ് ട്രോഫിയിൽ ഇനിയൊരങ്കത്തിനു ബാല്യമില്ലാത്ത ബോളർ ലസിത് മലിംഗയുടെ പന്തുകളിലാണ് രണ്ടുവട്ടവും ലങ്കൻ ഫീൽഡർമാർ സർഫ്രാസിന് ജീവൻ നൽകിയത്. അതിലേതെങ്കിലുമൊരു ക്യാച്ചിൽ സർഫ്രാസ് വീണിരുന്നെങ്കിൽ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത് ശ്രീലങ്കയായിരുന്നേനെ. 

ഇതിലൊതുങ്ങുന്നില്ല പാക്ക് പടയുടെ ഭാഗ്യം. നേരത്തേ, നന്നായി കളിച്ചുകൊണ്ടിരുന്ന ലങ്കൻ ബാറ്റ്സ്മാൻമാർ എത്ര പെട്ടെന്നാണു കവാത്ത് മറന്നത്. അതിനു മുമ്പ് അവരുടെ റൺനിരക്ക് മോശമല്ലാതെ മുന്നേറുമ്പോഴാണ് മഴയെത്തിയതും വിക്കറ്റുകൾ പൊടുന്നനെ നഷ്ടമായി സ്കോറിങ് മന്ദഗതിയിലായതും. ലങ്ക കുറിച്ച 236 റൺസ് പാക്കിസ്ഥാനെ സംബന്ധിച്ച് ബാലികേറാമലയായിരുന്നില്ല. പക്ഷെ, എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന ചീട്ടുകൊട്ടാരമാണ് തങ്ങളുടേതെന്ന് അവർ പലകുറി തെളിയിച്ചിട്ടുണ്ട്. മലിംഗയെപ്പോലൊരു ബോളർ അമരത്തുനിന്നു നയിക്കുമ്പോൾ പാക്കിസ്ഥാന് ആശങ്കകൾ ഉണ്ടായിരുന്നുതാനും.

Lasith Malinga പാക്കിസ്ഥാനെതിരായ മൽസരശേഷം ലങ്കൻ താരം ലസിത് മലിംഗ.

അച്ചടക്കമുള്ള സിംഹള ബോളിങ്ങിനുമുന്നിൽ ഏഴു വിക്കറ്റിന് 162 എന്ന നിലയിൽ പാക്കിസ്ഥാൻ വീണതാണ്. അതും 30 ഓവർ ആയപ്പോൾത്തന്നെ. പിന്നെ ശേഷിക്കുന്ന അംഗീകൃത ബാറ്റ്സ്മാൻ സർഫ്രാസ് മാത്രമായിരുന്നു. വാലറ്റത്തെ മൂന്നു വിക്കറ്റുകൾ ബാക്കിനിൽക്കെ ജയത്തിലേക്ക് 75 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാൻ ഈ വിജയം പ്രതീക്ഷിച്ചില്ല എന്നുതന്നെ പറയണം. 

എന്നാൽ അവരെ പ്രചോദിപ്പിച്ച് ലങ്കൻ ഫീൽഡിങ് കുട്ടിക്കളിയായതോടെ ചാംപ്യൻസ് ട്രോഫിയിൽ ഒരു കിരീടമെന്ന സ്വപ്നത്തിലേക്ക് പാക്കിസ്ഥാൻ ഒരു പടികൂടി അടുത്തു. 39–ാം ഓവറിൽ മിഡ് ഓണിൽ തിസാര പെരേര ക്യാച്ച് വിട്ടുകള‍ഞ്ഞതു സർഫ്രാസ് പോലും അത്ഭുതത്തോടെയാണു കണ്ടത്. കയ്യിലൊതുങ്ങിയ പന്താണ് താഴെയിട്ടത്. രണ്ട് ഓവറുകൾക്കപ്പുറം വീണ്ടും സർഫ്രാസിന് അതിജീവനം. ഇക്കുറി ക്യാച്ചിൽ പിഴച്ചത് പകരക്കാരനായിറങ്ങിയ ഫീൽഡർ എസ്. പ്രസന്നയ്ക്ക്. നിർഭാഗ്യവാനായ ബോളർ മലിംഗയല്ലാതെ മറ്റാര്? ആത്മവിശ്വാസം വീണ്ടുകിട്ടിയ സർഫ്രാസും ആമിറും പൊരുതിയതോടെ ലങ്കൻ ഫീൽഡർമാരുടെ കൈ ചോരുകയും ചെയ്തു. ലങ്കൻ പ്രകടനം കണ്ടപ്പോൾ ഇക്കളിക്ക് ഒരൊത്തുകളിയുടെ ഛായയുണ്ടെന്ന് തോന്നിയ ആരാധകരെ കുറ്റം പറയാനാകില്ല. കളി ജയിക്കുമ്പോൾ സർഫ്രാസ് 61 ഉം ആമിർ 28 റൺസും എടുത്തിരുന്നു.  

Sri Lanka side പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ ലങ്കൻ താരങ്ങൾ.

ഇന്ന് വൈകീട്ട് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ ഇതുപോലൊരു ഭാഗ്യത്തിന്റെ ഓർമ പാക്കിസ്ഥാനെ വീണ്ടും ഉത്തേജിപ്പിക്കും. 1992 ലോകകപ്പിലായിരുന്നു അത്. അക്കുറി കന്നി ലോകകപ്പ് സ്വന്തമാക്കാൻ പാക്കിസ്ഥാൻ തോൽപ്പിച്ചത് ഇംഗ്ലണ്ടിനെ; 22 റൺസിന്. മെൽബണിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാന്റെ 249 റൺസിനെതിരെ ഇംഗ്ലണ്ട് 227 നു പുറത്തായി. ഇമ്രാൻ ഖാനെന്ന പാക്ക് ക്രിക്കറ്റിലെ ഏറ്റവും തലപ്പൊക്കമുള്ള ക്യാപ്റ്റൻ മികച്ച പ്രകടനത്തോടെ കിരീടം ഏറ്റുവാങ്ങുമ്പോൾ അതൊരു ചരിത്രമായിരുന്നു. ഭാഗ്യം പക്ഷെ, ഈ ഫൈനലിലായിരുന്നില്ല. അതിനുമുമ്പത്തെ റൗണ്ട് റോബിൻ ലീഗിലായിരുന്നു.

ഒൻപതു രാജ്യങ്ങൾ മാറ്റുരച്ച ലോകകപ്പിൽ എല്ലാ ടീമുകളും പ്രാഥമിക ഘട്ടത്തിൽ ഏറ്റുമുട്ടണമായിരുന്നു. കളിക്കാർക്ക് നിറമുള്ള കുപ്പായങ്ങൾ വന്ന ആദ്യ ലോകകപ്പായിരുന്നു അത്. ആദ്യത്തെ അഞ്ചു കളികൾ കഴിഞ്ഞപ്പോൾ പാക്കിസ്ഥാന്റെ അക്കൗണ്ടിലുണ്ടായിരുന്നത് ഒറ്റ വിജയം. പിന്നീടുള്ള മൂന്നുകളികൾ ജയിച്ചാണ് അവർ പോയിന്റ് പട്ടികയിലെ നാലാമത്തെ ടീമായി സെമിയിലെത്തിയതും അവിടെ ന്യൂസീലൻഡിനെ തോൽപ്പിച്ചതും.

PTI12_7_2013_000112a മുൻ പാക്ക് താരം ഇമ്രാൻ ഖാൻ.

ലീഗിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിലായിരുന്നു ക്രിക്കറ്റിന്റെ ദൈവം പാക്കിസ്ഥാൻകാരനായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഓൾഔട്ടായത് വെറും 74 റൺസിന്. 41–ാമത്തെ ഓവറിൽ‌ അവർ എല്ലാവരും പുറത്തായപ്പോൾ ഇംഗ്ലണ്ടിന്റെ ജയം സുനിശ്ചിതമായി. എന്നാൽ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 24 റൺസെടുത്തുനിൽക്കെ മഴ പെയ്തു. ആ മഴയാണ് തോരാതെ പെയ്ത് പാക്കിസ്ഥാനും ഇംഗ്ലണ്ടിനും ഓരോ പോയിന്റ് പങ്കുവച്ചു നൽകിയത്. അന്നു കിട്ടിയ ഒരു പോയിന്റിന്റെ ബലത്തിലാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ അ‍ഞ്ചാംസ്ഥാനത്തേക്കു പിന്തള്ളിയത്. ക്രിക്കറ്റിലെ ഏറ്റവും വലിയ ഭാഗ്യത്തിന്റെ നേർക്കാഴ്ചയായിരുന്നു പാക്കിസ്ഥാന്റെ പിന്നീടുള്ള കുതിപ്പും കിരീടവും.

ഇന്ന് അതേ ഇംഗ്ലണ്ടാണ് പാക്കിസ്ഥാനെ നേരിടുന്നത്. ഭാഗ്യമുള്ള ടീമാണെന്ന് പാക്കിസ്ഥാൻ ലങ്കയ്ക്കെതിരെ തെളിയിച്ചുകഴിഞ്ഞു. ഇനി ആ ഭാഗ്യം കിരീടത്തിലെത്തുമോ എന്നാണറിയേണ്ടത്. എന്തായാലും അതിനു തടയിടാൻ കോഹ്‌ലിയും സംഘവും ഉണ്ടാകണേ എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രാർഥന. 

related stories