Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രീസിലെ കൊടുങ്കാറ്റുകൾ

മനോജ് തെക്കേടത്ത്
Hardik Pandya

‘ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽനിന്ന് കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.’

എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ ശ്രദ്ധേയമായൊരു ഭാഗമാണിത്. എത്രയോ വട്ടം പലരും എടുത്തുപയോഗിച്ച വാക്കുകൾ. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിലെ അവസാനത്തെ നാല് ഓവറുകൾ കണ്ടപ്പോൾ എംടിയുടെ വാക്കുകൾ ഓർത്തത് യാദൃശ്ചികം. പാക്കിസ്ഥാൻ ബോളിങ്ങിലെ വമ്പനായ വഹാബ് റിയാസിനോടും ഇടംകൈ സ്പിന്നർ ഇമാദ് വസീമിനോടുമൊക്കെ വിരാട് കോഹ്‌ലിയും യുവരാജ് സിങ്ങും ഹാർദിക് പാണ്ഡ്യയുമൊക്കെ ചെയ്ത ചെയ്ത്തുകൾ അത്തരത്തിലുള്ളതായിരുന്നു. പത്തി നോക്കിയുള്ള ഉശിരൻ അടികൾ. ഇക്കളിയിലെന്നല്ല, അടുത്ത കളികളിൽ പോലും അവർ മറക്കില്ല ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽനിന്നു പിറന്ന ഷോട്ടുകൾ.

Britain Cricket Champions Trophy

കൊടുങ്കാറ്റിനെ ചങ്ങലയ്ക്കിടാനാകില്ലെന്ന് അക്ഷരാർഥത്തിൽ തെളിയിച്ചത് യുവരാജ് സിങ്ങായിരുന്നു. അതൊരു തുടക്കമായിരുന്നു. രോഹിത് ശർമയും ശിഖർ ധവാനും ചേർന്നു നൽകിയ മാന്യമായ തുടക്കത്തിനു മേമ്പൊടിയായ വെടിക്കെട്ട്. ഇന്ത്യൻ ഇന്നിങ്സിന്റെ സ്വഭാവം മാറ്റിമറിച്ച യുവരാജ് ഷോ! അതിർത്തിലേക്കു വെടിയുണ്ടകൾ പോലെ പായുന്ന യുവി ഷോട്ടുകൾ ക്യാപ്റ്റൻ കോഹ്‌ലിയെപ്പോലും വിസ്മയിപ്പിച്ചു. യുവിയുടെ ഷോട്ടുകളുടെ വന്യമായ കരുത്തിന് മറുവശത്തുനിന്നു സാക്ഷിയായപ്പോൾ കോഹ്‌ലിയുടെയും ആവേശം വാനോളയമുർന്നു. പിന്നീട് ആ വെടിക്കെട്ടിനൊപ്പം കോഹ്‌ലിയും പെയ്തിറങ്ങി. മഴ നിറഞ്ഞ മാനം പോലും ഒരു വേള പെയ്യാതെ കാത്തുനിന്നു, ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ടു തീരാൻ.

Yuvraj Singh

താൻ നിസ്സാരക്കാരനല്ലെന്ന് യുവി തെളിയിച്ചത് ഇതാദ്യമൊന്നുമല്ല. ആദ്യ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിലെ ആറുപന്തും ഗാലറിയിലേക്ക് പറത്തിയത് ഓർമയില്ലേ. രക്തം മുഴുവൻ വാർന്ന്, മുഖം കടലാസ്സുപോലെ വിളറി കരയണോ ചിരിക്കണോ എന്നറിയാതെനിന്ന ബ്രോഡിന്റെ മുഖം ആരാണു മറക്കുക. അടിക്കു തിരിച്ചടി എന്ന യുവിയുടെ മന്ത്രം ഇന്ത്യയെ എത്രമാത്രം വിജയങ്ങളിലേക്കാണു കൊണ്ടെത്തിച്ചിരിക്കുന്നത്. കളിയിൽ മാത്രമായിരുന്നില്ല യുവിയുടെ പോരാട്ടവീര്യം. ജീവിതത്തെ തിരിച്ചുവിളിക്കാനെത്തിയ അർബുദത്തെ ജീവിതം കൊണ്ടയാൾ തോൽപ്പിച്ചത് ലോകം മുഴുവനും കണ്ടതാണല്ലോ. ആരും തകർന്നുപോകുമായിരുന്ന ആ ഘട്ടത്തിൽപോലും ചിരിച്ചുനിന്ന യുവി വീണ്ടും ടീം ഇന്ത്യയുടെ ഭാഗമായപ്പോൾ നമ്മളൊക്കെയും സന്തോഷിച്ചതാണ്.

എന്തായാലും പാക്കിസ്ഥാനെതിരായ പ്രകടനത്തോടെ യുവിയുടെ താരമൂല്യം ഒന്നുകൂടി കൂടി; സ്വർണത്തിനു സുഗന്ധം വച്ചാലെന്നതുപോലെ. 91 റൺസെടുത്ത രോഹിത് ശർമയും 81 റൺസോടെ പുറത്താകാതെനിന്ന കോഹ്‌ലിയും ഉണ്ടായിട്ടും 53 റൺസെടുത്ത യുവരാജിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകിയതു തന്നെ ആ ഇന്നിങ്സിന് മൽസരത്തിൽ എത്രമാത്രം വിലയുണ്ടായിരുന്നെന്നതിനു തെളിവാണ്. 32 പന്തിൽനിന്നാണ് യുവിയുടെ 53 റൺസ്. അതിൽ എട്ടു ഫോറും ഒരു സിക്സും. സാമാന്യവേഗത്തിൽ പോയിക്കൊണ്ടിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ അസാമാന്യവേഗത്തിലേക്ക് പറത്തിവിട്ടു എന്നിടത്താണ് ഈ ഇടംകൈക്കരുത്തിന്റെ വിജയം.

തല്ലിത്തകർക്കാൻ വന്നവനെപ്പോലെയായിരുന്നു യുവി ക്രീസിൽ. രണ്ടു തവണ ക്യാച്ചിൽനിന്നു രക്ഷപ്പെട്ടിട്ടും ആ ബാറ്റിന്റെ ചൂടൊട്ടും കുറഞ്ഞില്ല. നമ്മുടെയൊക്കെ മനസ്സിൽ ചെറുപ്പമാണ് യുവിയെങ്കിലും പ്രായം 36നോട് അടുക്കുന്നു. എന്നിട്ടും ഫീൽഡിൽ എല്ലാവർക്കും ഊർജം പകരുന്ന സാന്നിധ്യമായല്ലേ ഈ താരം നിൽക്കുന്നത്.

ടീം സ്കോർ 285ൽ നിൽക്കെ യുവി പുറത്താകുമ്പോൾ 300 കടക്കുമെന്ന കാര്യം ഉറപ്പാക്കിയിരുന്നു. യുവിയുടെ ബാറ്റിങ് കണ്ടു പ്രചോദിതനായ കോഹ്‌ലി പിന്നീട് നടത്തിയ വെടിക്കെട്ടുകൂടി ഇതിനൊപ്പം വയ്ക്കണം. എന്തിനു കോഹ്‌ലി മാത്രം! അവസാന ഓവറിൽ (48) ഹാർദിക് പാണ്ഡ്യ പറത്തിയ മൂന്നു നെടുനീളൻ സിക്സറുകളും യുവിയാൽ പ്രചോദിതമായിരുന്നെന്നുറപ്പ്. ചാംപ്യൻസ് ട്രോഫി കിരീടം നിലനിർത്താനുള്ള ശ്രമത്തിന് ഗംഭീര തുടക്കമാണ് ഇന്ത്യക്കു കിട്ടിയിരിക്കുന്നത്. ഇക്കളി തുടർന്നാൽ കോഹ്‌ലിപ്പട ഇക്കുറി മിന്നിക്കുമെന്നുറപ്പ്.

ആകെയുള്ള സങ്കടം ഇതു മാത്രമാണ്; വല്ലാതെ ഏകപക്ഷീയമായിപ്പോയി മൽസരം. ആവേശം ഒരു വശത്തുമാത്രം. സാധാരണ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റിൽ പ്രതീക്ഷിക്കുന്ന നാടകീയതകളോ സംഭവബഹുലതകളോ ഒന്നുമില്ലാതെ ശാന്തമായി ഇന്ത്യ വിജയത്തിന്റെ കര തൊട്ടു. പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യൻ കൊടുങ്കാറ്റ് പാക്കിസ്ഥാന്റെ ആവേശത്തിന്റെ വേരറുക്കുന്നതായിരുന്നല്ലോ.

related stories