ശാസ്ത്രി ജയിച്ചു; ത്രിമൂർത്തികൾ തോറ്റു, ഭരത് അരുൺ തന്നെ ബോളിങ് പരിശീലകൻ

ഭരത് അരുൺ

ന്യൂഡൽഹി∙ രവി ശാസ്ത്രിക്കു മുന്നിൽ ബിസിസിഐ വഴങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായി ഭരത് അരുണിനെ നിയമിക്കണമെന്ന ശാസ്ത്രിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുൾപ്പെട്ട ഉപദേശക സമിതി ബോളിങ് പരിശീലകനായി ശുപാർശ ചെയ്ത സഹീർ ഖാനെ വെട്ടിയാണ് തന്റെ അടുത്ത സുഹൃത്തും തമിഴ്നാട് മുൻ മീഡിയം പേസ് ബോളറുമായ അരുണിനെ ബോളിങ് വിഭാഗത്തിന്റെ ചുമതലക്കാരനായി ശാസ്ത്രി പ്രതിഷ്ഠിച്ചത്. അടുത്ത ലോകകപ്പ് കഴിയുംവരെയാണ് അരുണിന്റെ കാലാവധി.

അരുൺ ബോളിങ് പരിശീലകനായതോടെ, സഞ്ജയ് ബാംഗറിനു സഹ പരിശീലകനായി സ്ഥാനക്കയറ്റം നൽകി. ഫീൽഡിങ് പരിശീലകനായി ആർ. ശ്രീധർ തുടരും. 2014 ഓഗസ്റ്റ് മുതൽ 2016 ഏപ്രിൽ വരെ ശാസ്ത്രി ടീം ഡയറക്ടറായിരുന്നപ്പോൾ ബോളിങ് പരിശീലകനായിരുന്നു അരുൺ. വിദേശ മണ്ണിൽ ഇന്ത്യൻ ബോളർമാർക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്ന വാദമുയർത്തി സഹീർ ഖാനെയും ബാറ്റിങ് പരിശീലകനായി രാഹുൽ ദ്രാവിഡിനെയും തിരഞ്ഞെടുത്ത ഉപദേശക സമിതി തീരുമാനത്തോടു ശാസ്ത്രിക്ക് എതിർപ്പുണ്ടായിരുന്നു. തനിക്ക് അരുണിനെ മതിയെന്ന് ഉപദേശക സമിതിയെ അദ്ദേഹം നേരിട്ട് അറിയിച്ചെങ്കിലും പരിശീലനം നൽകാൻ കൂടുതൽ യോഗ്യൻ സഹീറാണെന്നു വ്യക്തമാക്കി ശാസ്ത്രിയുടെ ആവശ്യം അവർ തള്ളുകയായിരുന്നു. മുഖ്യ പരിശീലകനെന്ന നിലയിൽ സഹ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാനുള്ള അധികാരം തനിക്കാണെന്ന ശാസ്ത്രിയുടെ വാദം ബിസിസിഐ അംഗീകരിച്ചത്, ഉപദേശക സമിതിക്കുള്ള തിരിച്ചടിയായി.

ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ ശാസ്ത്രി, തനിക്ക് ആവശ്യം അരുണിനെയാണെന്നു ശക്തമായി വാദിച്ചു. മുഖ്യ പരിശീലകനായ ശാസ്ത്രിക്കു പരിശീലക സംഘത്തെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരമുണ്ടെന്നു യോഗശേഷം ബിസിസിഐ വ്യക്തമാക്കി. ഉപദേശക സമിതിയുടെ ശുപാർശകൾ അതേപടി അംഗീകരിക്കുമെന്നു മുൻപു പറഞ്ഞ ബിസിസിഐ, ശാസ്ത്രിക്കു വഴങ്ങി നടത്തിയ മലക്കംമറിച്ചിലിനോടു സച്ചിനും സംഘവും എങ്ങനെ പ്രതികരിക്കുമെന്നതു കാത്തിരുന്നു കാണേണ്ട സംഗതി.

സഹീറിനെയും ദ്രാവിഡിനെയും നിയമിക്കണമെന്നതു സമിതിയുടെ ശുപാർശകൾ മാത്രമാണെന്നും അത് അന്തിമമല്ലെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സഹീറും ദ്രാവിഡും മികച്ച പ്രതിഭകളാണെന്നും ടീമുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി. ഇരുവരുമായി താൻ സംസാരിച്ചുവെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളർമാർക്കു മികവിലേക്കുള്ള രൂപരേഖ തയാറാക്കുന്നതിൽ മാത്രം സഹീറിന്റെ സേവനം ഒതുക്കി, അരുണിനെ മുഴുവൻ സമയ പരിശീലകനാക്കണമെന്ന് ആദ്യം മുതൽ വാദിച്ചിരുന്ന ശാസ്ത്രി, ബിസിസിഐയുടെ സഹായത്തോടെ തന്റെ ആവശ്യം നടപ്പാക്കിയതിലൂടെ നൽകുന്ന സന്ദേശം വ്യക്തം – തന്റെ അധികാരത്തിൽ ആരും കൈകടത്തേണ്ട, പരിശീലക സംഘത്തിന്റെ ബോസ് താൻ തന്നെ.