ധോണി ദേ, വീണ്ടും ഡ്രൈവിങ് സീറ്റിൽ; വിമർശകർ കാണുന്നില്ലേ?

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് സമ്മാനമായി ലഭിച്ച കാർ ഓടിക്കുന്ന മഹേന്ദ്ര സിങ് ധോണി.

എന്തുകൊണ്ട് മഹേന്ദ്രസിങ് ധോണി എന്ന ചോദ്യത്തിന് നല്ല തെളിഞ്ഞ ഭാഷയിൽ മറുപടി ലഭിച്ച ഏകദിന പരമ്പരയാണ് ഇന്നലെ കൊളംബോയിൽ അവസാനിച്ചത്. ടീമിലെ സ്ഥാനം തന്നെ സംശയത്തിന്റെ നിഴലിലായ അവസ്ഥയിൽ ലങ്കയിൽ കാലുകുത്തിയ ആരാധകരുടെ സ്വന്തം മഹി ഇന്ത്യയിലേക്കു തിരിച്ചു പറക്കുന്നത് വിമർശകരുടെ വായിലേക്ക് ഒരുപിടി റെക്കോർഡുകൾ കുത്തിനിറച്ചാണ്. 300 ഏകദിന മൽസരങ്ങളെന്ന നാഴികക്കല്ലു പിന്നിട്ട ധോണി, 2019 ലോകകപ്പിലും താൻ ടീമിലുണ്ടാകുമെന്ന ശക്തമായ പ്രഖ്യാപനം കൂടി നടത്തി.

ശ്രീലങ്കയ്ക്കെതിരായ രണ്ടും മൂന്നും ഏകദിനങ്ങളാണ് ധോണിയെ വീണ്ടും ഇന്ത്യൻ പ്രതീക്ഷകളുടെ നായകസ്ഥാനത്തേക്കു പ്രതിഷ്ഠിച്ചത്. 45, 67 റൺസുകളുടെ ഇന്നിങ്സ് പ്രതിസന്ധി ഘട്ടത്തിൽ ടീമിനു തുണയായി. ധോണിയുടെ മികവിൽ സംശയം ഉന്നയിച്ചിരുന്നവരുടെ വായടപ്പിച്ച പ്രകടനം. 2019 ലോകകപ്പിൽ ആരാവും വിക്കറ്റിനു പിന്നിൽ എന്നുകൂടി വ്യക്തമാക്കി ധോണിയുടെ ഇന്നിങ്സുകൾ. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർ എന്നറിയിപ്പെട്ടിരുന്ന ധോണി രണ്ട് ഇന്നിങ്സുകളിലും സാഹചര്യത്തിനൊപ്പിച്ചു വേഗം കുറച്ചു രോഹിത് ശർമയ്ക്കും ഭുവനേശ്വർകുമാറിനും പിന്തുണ നൽകുകയായിരുന്നു.

ഇനി, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ധോണിയുടെ നേട്ടങ്ങളിലേക്ക്:

സ്റ്റംപിങ്ങിൽ ‘സെഞ്ചുറി’

ഏകദിന ക്രിക്കറ്റിലെ സ്റ്റംപിങ്ങിൽ മഹേന്ദ്രസിങ് ധോണിക്കു ലോക റെക്കോർഡ്. ഇന്നലെ ശ്രീലങ്കയുടെ അഖില ധനഞ്ജയയെ പുറത്താക്കിയതോടെ സ്റ്റംപിങ്ങിലൂടെ 100 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ധോണി.

99 സ്റ്റംപിങ് നടത്തിയ മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയെയാണു മറികടന്നത്. ഏകദിനത്തിൽ ധോണി 283 ക്യാച്ചുകളും എടുത്തിട്ടുണ്ട്. 90 ടെസ്റ്റ് മൽസരങ്ങളിൽ ധോണി 256 ക്യാച്ചുകളും 38 സ്റ്റംപിങുകളും എടുത്തിട്ടുണ്ട്.

‘നോട്ടൗട്ട്’, ലോകറെക്കോർഡ്

മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ എം.എസ്. ധോണിക്ക് തിരിച്ചുകയറിയത് മറ്റൊരു റെക്കോർഡു കൂടി സ്വന്തമാക്കിയാണ്. ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ എന്ന പകിട്ടാണ് ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലെ നോട്ടൗട്ട് പ്രകടനത്തിലൂടെ മുൻ ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്കിനും ശ്രീലങ്കയുടെ ചാമിന്ദ വാസിനുമൊപ്പം 72 നോട്ടൗട്ടുകളുമായി മുന്നിലായിരുന്ന ധോണി നാലാം ഏകദിനത്തിലെ പ്രകടനത്തിലൂടെ ഇരുവരേയും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. അഞ്ചാം ഏകദിനത്തിലും ഒരു പന്തു മാത്രം നേരിടാൻ അവസരം ലഭിച്ച ധോണി പുറത്താകാതെ നിന്ന് റെക്കോർഡ് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഏകദിനത്തിൽ ‘റൺമെഷീൻ’

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ, വിമർശകരുടെ വായടപ്പിച്ച പ്രകടനത്തിലൂടെ ഫോമിലെത്തിയ ധോണി രണ്ടും മൂന്നും ഏകദിനങ്ങളിലെ ഇന്ത്യൻ വിജയത്തിൽ നങ്കൂരക്കാരനായി. രണ്ടാം ഏകദിനത്തിൽ മറ്റൊരു റെക്കോർഡും കൈവരിച്ച ധോണി ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ നാലാമത്തെ താരമായി.

സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇന്ത്യൻ നിരയിൽ മുന്നിലുള്ളത്. ഏകദിനത്തിൽ 301 മൽസരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞ ധോണിക്ക് 10,000 റൺസ് ക്ലബ്ബിലെത്താൻ ഇനി വേണ്ടത് വെറും 342 റൺ‌സ് മാത്രം!

ധോണി അഥവാ ‘മുന്നൂറാൻ’

രാജ്യാന്തര ഏകദിനത്തിൽ 300 ഏകദിനങ്ങൾ പൂർത്തിയാക്കുന്ന താരമായി ധോണി മാറുന്നതിനും ഈ പരമ്പര സാക്ഷ്യം വഹിച്ചു. ഇന്ത്യൻ താരങ്ങളിൽ 300 ക്ലബ്ബിൽ എത്തുന്ന ആറാമത്തെ താരമാണ് ധോണി.

സച്ചിൻ തെൻഡുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിനം കളിച്ചത് (463). രാഹുൽ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹുറുദ്ദീൻ (334), സൗരവ് ഗാംഗുലി (311), യുവരാജ് സിങ് (304) എന്നിവരും മൽസരങ്ങളുടെ എണ്ണത്തിൽ ട്രിപ്പിൾ സെഞ്ചുറി പിന്നിട്ടവരാണ്.

ഇപ്പോഴും മുപ്പത്തിയാറിന്റെ ‘ചെറുപ്പം’

പരമ്പരയിലെ ധോണിയുടെ പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ ശക്തമായ പിന്തുണയുമായി സാക്ഷാൽ രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കരിയറിന്റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകൾ. 2019 ലോകകപ്പിനുള്ള ടീമിൽ ധോണി ഉണ്ടാകുമെന്ന വ്യക്തമായ സൂചനയും ശാസ്ത്രി നൽകി.

‘ടീമിൽ ഇപ്പോഴും ഏറ്റവുമധികം സ്വാധീനമുള്ള കളിക്കാരനാണ് ധോണി. ഡ്രസിങ് റൂമിലെ ജീവിക്കുന്ന ഇതിഹാസമായ ധോണി, ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം കൂടിയാണ്. തന്റെ കരിയറിന്റെ പകുതി വഴി പോലും ധോണി പിന്നിട്ടിട്ടില്ലെന്നാണ് എന്റെ അഭിപ്രായം’ – ശാസ്ത്രി പറഞ്ഞു. ധോണിയുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവർക്ക് തെറ്റു പറ്റിയിരിക്കുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണിക്ക് അടുത്തു നിൽക്കാവുന്നവർ പോലും ഇപ്പോഴില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഇനി, ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വീരുവിന്റെ വാക്കുകളിലേക്ക്:

ധോണിക്കു പകരം വയ്ക്കാവുന്ന ഒരാൾപോലും ഇപ്പോഴില്ല. ഋഷഭ് പന്ത് മികച്ച താരമാണ്. എങ്കിലും ധോണിക്കു പകരക്കാരനാകാൻ ഇനിയും ഏറെ മുന്നേറാനുണ്ട്. 2019നു ശേഷമേ അതു നടക്കൂ. അക്കാലത്തു മാത്രമേ ധോണിക്കു പകരക്കാരനെ അന്വേഷിക്കേണ്ടതുള്ളൂ. അതുവരെ പന്ത് പരിചയസമ്പത്ത് നേടട്ടെ. ധോണി റൺസ് നേടുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല. ധോണി 2019 ലോകകപ്പ് വരെ പൂർണ കായികക്ഷമതയോടെ തുടരട്ടെ എന്നു പ്രാർഥിക്കാം.

മഹേന്ദ്ര സിങ് ധോണി

ജനനം: 1981, റാഞ്ചി പ്രായം: 36 വയസ്സ് ഏകദിന അരങ്ങേറ്റം: 2004 ഡിസംബർ 23, ബംഗ്ലദേശിനെതിരെ, ചിറ്റഗോങ്

ഏകദിനത്തിലെ റെക്കോർഡുകൾ

∙ ഏറ്റവും കൂടുതൽ വിക്കറ്റ് കീപ്പറായിരുന്ന ഇന്ത്യക്കാരൻ

∙ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയതിൽ നാലാം സ്ഥാനം

∙ ഏറ്റവും കൂടുതൽ സ്റ്റംപിങ്ങുകൾ നടത്തിയതിൽ ഒന്നാം സ്ഥാനം.

∙ ഒരു മൽസരത്തിൽ കൂടുതൽ പുറത്താക്കലുകൾ, കൂടുതൽ സ്റ്റംപിങ്ങുകൾ എന്നിവ നടത്തിയതിൽ ഒന്നാം സ്ഥാനം പങ്കിടുന്നു

∙ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ക്യാപ്റ്റൻ പദവി വഹിച്ച വിക്കറ്റ് കീപ്പർ

∙ ഐസിസി നേരിട്ടു നടത്തുന്ന മൂന്ന് ടൂർണമെന്റുകളിലും ട്രോഫി ഏറ്റുവാങ്ങിയ ഏക നായകൻ. (2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യൻസ് ട്രോഫി)

∙ ലോകകപ്പ് ഏറ്റുവാങ്ങിയ ഏക വിക്കറ്റ് കീപ്പർ (2011)