കോഹ്‍ലിയേപ്പോലാകാൻ തനിക്കും പറ്റുമെന്ന് സാബിർ; പിന്നെ സംഭവിച്ചത്...

ചിറ്റഗോങ് ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയേപ്പോലെയാകാൻ തനിക്കു സാധിക്കുമെന്ന ബംഗ്ലദേശ് താരം സാബിർ റഹ്മാന്റെ പ്രസ്താവനയെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകർ. തന്നെ കോഹ്‍ലിയുമായി താരതമ്യപ്പെടുത്തിയ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിന്റെ വാക്കുകളിൽ ആവേശഭരിതനായാണ് തനിക്കതു സാധിക്കുമെന്ന് സാബിർ വ്യക്തമാക്കിയത്. 

ഓസ്ട്രേലിയ–ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർച്ച നേരിട്ട ബംഗ്ലദേശിനെ സാബിർ റഹ്മാൻ അർധസെഞ്ചുറിയുമായി രക്ഷപ്പെടുത്തിയപ്പോഴാണ് ലിയോൺ കോഹ്‍ലിയേയും സാബിറിനേയും താരതമ്യം ചെയ്തത്. ഒരു ഘട്ടത്തിൽ അഞ്ചിന് 117 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലദേശിനെ സാബിർ, മുഷ്ഫിഖുർ റഹിം എന്നിവരുടെ അർധസെഞ്ചുറികളാണ് കരകയറ്റിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലിയോണിന്റെ പന്തുകളെ ഫലപ്രദമായി പ്രതിരോധിച്ച ഇരുവരും ആറാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു (105) തീർത്താണ് ബംഗ്ലദേശിനെ കരകയറ്റിയത്. 13 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 66 റൺസെടുത്ത സാബിറിനെ ഒടുവിൽ ലിയോൺ തന്നെയാണ് പുറത്താക്കിയത്. 

മൽസരത്തിനുശേഷം ലിയോൺ പറഞ്ഞതിങ്ങനെ: ‘അദ്ദേഹം (സാബിർ റഹ്മാൻ) നല്ല കളിക്കാരനാണ്. അദ്ദേഹത്തിന്റെ കളി കണ്ടപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാതൃകാപുരുഷനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെയാണ് എനിക്ക് ഓർമ വന്നത്. സാബിർ ക്രീസ് ഉപയോഗിക്കുന്ന രീതിയും കളിക്കുന്ന ഷോട്ടുകളും കോഹ്‍ലിയുടേതിന് സമാനമാണ്. പ്രതിരോധത്തിലേക്കു വലിയുന്നതിനേക്കാൾ മുൻപിലേക്കു വന്ന് വെല്ലുവിളി ഏറ്റെടുക്കാനാണ് സാബിറിന് ഇഷ്ടം. അതാണ് ധൈര്യശാലികളുടെ ലക്ഷണം.’

ഇതിനോടു ഇരുപത്തഞ്ചുകാരനായ സാബിറിന്റെ പ്രതികരണം ഇങ്ങനെ: വിരാട് കോഹ്‍ലിയെപ്പോലെ ഒരു ബാറ്റ്സ്മാനാകാൻ എനിക്കു കഴിയും. അസാധ്യമായി ഒന്നുമില്ല’ 

സാബിറിന്റെ ഈ പരാമർശത്തെ പരിഹാസത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തത്. പകൽക്കിനാവു കാണുന്നത് നിർത്തൂവെന്നായിരുന്നു ഇതിനോടുള്ള ചില ആരാധകരുടെ പ്രതികരണം.

അസാധ്യമായി ഒന്നുമില്ലെന്ന സാബിറിന്റെ പരാമർശത്തോട് മറ്റൊരു ആരാധകന്റെ പ്രതികരണം ഇങ്ങനെ: ‘ശരിയാണ്, ഫോട്ടോഷോപ്പിൽ അസാധ്യമായി ഒന്നുമില്ല’!!! വിരാട് കോഹ്‍ലിയുടെ പേര് മാതൃകയായി മറ്റു താരങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച കട്ട കോഹ്‍ലി ഫാൻസും രംഗത്തെത്തി.

കുറച്ചുകൂടി കടുപ്പമേറിയ പ്രതികരണവുമായി രംഗത്തെത്തിയ ആരാധകൻ പറഞ്ഞതിങ്ങനെ: ‘ സാബിറിനെ മാറ്റിനിർത്തൂ. ബംഗ്ലദേശ് ടീമിലെ മുഴുവൻ അംഗങ്ങളും ചേർന്നു ശ്രമിച്ചാലും 10 വർഷത്തിനുള്ളിൽ 30 സെഞ്ചുറികൾ നേടാനാവില്ല’!!! രസകരമായ മറ്റൊരു പ്രതികരണം ഇങ്ങനെ: താങ്കൾക്ക് വലിയ സ്വപ്നങ്ങളുണ്ട് എന്നത് അഭിനന്ദനാർഹമാണ്. പക്ഷേ അതിങ്ങനെ ഔദ്യോഗികമായി പ്രഖ്യാപിക്കരുത്. കോഹ്‍‌ലിയാകാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്, സാബിർ തന്നെ ആയിരിക്കുന്നതല്ലേ?’

‘കോഹ്‍ലിയെപ്പോലൊരു പ്രതിഭ ഭൂമിയിൽ അവതരിക്കുന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. ഏഴു ജന്മം ജനിച്ചാലും തനിക്ക് കോഹ്‍ലിയെപ്പോലെയാകാൻ സാധിക്കില്ലെന്നായിരുന്ന മറ്റൊരു ആരാധകന്റെ പക്ഷം.

മറ്റു ചില കമന്റുകൾ:

∙ തലച്ചോറു കൂടാതെ ഒരാൾക്ക് എത്രകാലം ഭൂമിയിൽ ജീവിക്കാമെന്നോർത്ത് ശാസ്ത്രജ്ഞർ പോലും അന്തിച്ചുകാണും.

∙ ഇതു പറഞ്ഞവൻ പരലോകം പൂകേണ്ട സമയമായിരിക്കുന്നു...

∙ സാബിർ റഹ്മാന്റെ പ്രസ്താവന വായിച്ചു കഴിഞ്ഞതോടെ ഈ ലോകം ജീവിക്കാൻ കൊള്ളാവുന്ന ഇടമല്ലെന്ന തോന്നൽ ശക്തമായി

∙ വാചകമടിയുടെ കാര്യത്തിൽ കാട്ടുന്ന സ്ഥിരത സാബിർ ബാറ്റിങ്ങിലും കാട്ടിയിരുന്നെങ്കിൽ എപ്പോഴേ അതു സാധ്യമായേനെ...

∙ ഉറക്കത്തിൽ നിന്നും ഉണരൂ സാബിർ. നേരം വെളുത്തു...

കോഹ്‍ലിയേപ്പോലെയാകാൻ സാബിർ അഞ്ചു ജൻമം ജനിക്കണമെന്നു പറഞ്ഞവരും കുറവല്ല. അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശ, വാചകമടി നിർത്തി ബാറ്റെടുക്കൂ, ഇതു കേട്ടാൽ കോഹ്‍ലി ചിരിച്ചു ചാകും തുടങ്ങിയ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്.