ഉഗ്രം, ഉജ്വലം; കരീബിയൻ പ്രീമിയർ ലീഗിലെ ഈ ‘മഹേഷിന്റെ പ്രതികാരം’!

വാള്‍ട്ടനും വില്യംസനും

ആന്റിഗ്വ ∙ കരീബിയൻ പ്രീമിയർ ലീഗിൽ താരങ്ങൾ തമ്മിലുള്ള വാശിക്കളിയുടെ ഭാഗമായുള്ള വ്യത്യസ്തമായൊരു പകരം വീട്ടലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രീമിയർ ലീഗ് ടീമുകളായ ഗയാന ആമസോൺ വാരിയേഴ്സും ജമൈക്ക ടാലവാസും തമ്മിലുള്ള മൽസരത്തിനിടെയാണ് സംഭവം.

ഗയാന വാരിയേഴ്സ് താരമായ ഷാഡ്‌വിക് വാൾട്ടനും ജമൈക്ക ടാലവാസിന്റെ താരമായ കെസ്‍‌റിക് വില്യംസുമാണ് ഈ പ്രതികാരകഥയിലെ നായകൻമാർ. ഇരുവരും വെസ്റ്റ് ഇൻഡീസുകാർ. കളത്തിലെ നേട്ടങ്ങൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന കാര്യത്തിൽ വിൻഡീസ് താരങ്ങളോളം വിരുതുള്ളവർ അധികമില്ലല്ലോ. വിക്കറ്റ് നേട്ടം ആഘോഷിക്കാൻ നോട്ട്ബുക്ക് സെലബ്രേഷൻ തിരഞ്ഞെടുത്ത വില്യംസിന്റെയും അതിന് ‘മഹേഷിന്റെ പ്രതികാര’ത്തിലെ മഹേഷിനെപ്പോലെ പ്രതികാരം ചെയ്ത വാൾട്ടന്റെയും കഥ ഇങ്ങനെ:

സീൻ 1 – മാച്ച് നമ്പർ 15

2017 ഓഗസ്റ്റ് 17നു നടന്ന ഈ മൽസരത്തിൽ ഏറ്റുമുട്ടുന്നത് കുമാർ സംഗക്കാര, ലെൻഡ്ൽ സിമ്മൺസ് തുടങ്ങിയ വമ്പൻമാർ അണിനിരക്കുന്ന ജമൈക്ക ടാലവാസും മാർട്ടൻ ഗപ്റ്റിൽ, ബാബർ അസം, റാഷിദ് ഖാൻ തുടങ്ങിയവരുടെ ഗയാന ആമസോൺ വാരിയേഴ്സും. ടോസ് നേടിയ ഗയാന ആമസോൺ വാരിയേഴ്സ് എതിരാളികളെ ബാറ്റിങ്ങിന് അയച്ചു. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ അവർ നേടിയത് 128 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗയാനയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് മാർട്ടൻ ഗപ്റ്റിലും കഥാനായകരിലൊരാളായ വാൾട്ടനും.

താരതമ്യേന ദുർബലമായ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗയാന, ഓപ്പണർമാരുടെ മികവിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുമ്പോഴാണ് രസകരമായ ആ നിമിഷമെത്തുന്നത്. 11.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 67 റൺസെടുത്ത ഗയാനയെ ഞെട്ടിച്ച് കെസ്റി‍ക് വില്യംസിന്റെ പന്തിൽ വാൾട്ടൻ പുറത്ത്. 33 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 37 റൺെസടുത്ത വാൾട്ടനെ വില്യംസ് സബ്സ്റ്റിറ്റ്യൂട്ടായ ഗ്രിഫിത്തിന്റെ കൈകളിലെത്തിച്ചു. വിക്കറ്റ് നേട്ടം നോട്ട്ബുക്കിൽ കോറിയിടുന്ന രീതിയിൽ ആഘോഷിക്കുന്ന പതിവുള്ള വില്യംസ്, ‍ഡ്രസിങ് റൂമിലേക്കു നടക്കുകയായിരുന്ന വാൾട്ടന്റെ പക്കൽചെന്ന് അതേ ആക്ഷൻ കാണിച്ചു.

പ്രതികരിക്കാൻ നിൽക്കാതെ വാൾട്ടൻ മൈതാനം വിട്ടെങ്കിലും, ഇതിനോടുള്ള വാൾട്ടന്റെ പ്രതിക(രണം)ാരം വന്നത് ഇരു ടീമുകളും വീണ്ടും കണ്ടുമുട്ടിയ ടൂർണമെന്റിലെ 28–ാം മൽസരത്തിൽ. (വാൾട്ടനെ പുറത്താക്കിയ വില്യംസ് വീണ്ടും രണ്ടു വിക്കറ്റു കൂടിയെടുത്തതോടെ പ്രസ്തുത മൽസരം ഗയാന വാരിയേഴ്സ് രണ്ടു റൺസിനു തോറ്റു. മൽസരത്തിലാകെ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വില്യംസ് കളിയിലെ കേമനുമായി).

സീൻ 2 – മാച്ച് നമ്പർ 28

സെപ്റ്റംബർ ഒന്നിനു നടന്ന ഈ മൽസരത്തിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചത് ജമൈക്കയെ. ബാറ്റിങ് തിരഞ്ഞെടുത്ത അവർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ഇതിനുശേഷം ഗയാന വാരിയേഴ്സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു ആ മനോഹരമായ ക്രിക്കറ്റ് പ്രതികാര കഥ ഇതൾവിരിഞ്ഞത്. ഇത്തവണയും ഗയാനയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെതത്തിയത് ഷാഡ്‌വിക് വാൾട്ടൻ തന്നെ. ഒപ്പമെത്തിയത് പാക്ക് താരം സൊഹൈൽ തൻവീർ.

ജമൈക്കയുടെ ഒഷെയ്‍ൻ തോമസ് എറിഞ്ഞ ഒന്നാം ഓവറിന്റെ ആദ്യ അഞ്ചു പന്തിൽ 15 റൺസെടുത്ത വാൾട്ടന്‍‌ വരാനിരിക്കുന്ന ‘വൻവിപത്തിന്റെ’ സൂചന നൽകി. അ‍ഞ്ചാം പന്തിൽ തൻവീറിനു സ്ട്രൈക്ക് കൈമാറിയ വാൾട്ടന് പിഴച്ചു. നേരിട്ട ആദ്യ പന്തിൽ തൻവീർ പുറത്ത്. ഗയാന ഇന്നിങ്സിൽ ജമൈക്കക്ക് സന്തോഷിക്കാനുണ്ടായിരുന്ന ഏക നിമിഷം. തുടർന്നങ്ങോട്ട് വാൾട്ടനും മൂന്നാമനായിറങ്ങിയ ലൂക്ക് റോഞ്ചിയും ചേർന്ന് ജമൈക്കയെ ‘തീർത്തു കളഞ്ഞു’. 

തോമസ് എറിഞ്ഞ ആദ്യ ഓവറിൽ രണ്ടു സിക്സ് ഉൾപ്പെടെ 15 റൺസെടുത്ത വാൾട്ടൻ സാൻടോകി എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ അടിച്ചെടുത്തത് 13 റൺസ്. മൂന്നാം ഓവർ എറിയാനെത്തിയ തോമസിനെ ലൂക്ക് റോഞ്ചിയും കൈകാര്യം ചെയ്തതോടെ ഗയാന സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി. ഈ ഓവറിൽ രണ്ടു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ റോഞ്ചി അടിച്ചെടുത്തത് 17 റൺസ്.

ടീമിന്റെ നില പരുങ്ങലിലായതോടെയാണ് സാക്ഷാൽ കെസ്റിക് വില്യംസ് ബോൾ ചെയ്യാനെത്തുന്നത്. പിന്നീട് കളത്തിൽ കണ്ടതെല്ലാം ഒരു തട്ടുപൊളിപ്പൻ ഹിന്ദി സിനിമയ്ക്കു സമാനമായ രംഗങ്ങൾ. അന്നത്തെ നോട്ട്ബുക്ക് ആഘോഷത്തിനുശേഷം ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന ഓവറായിരുന്നു ഇത്. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയ വാൾട്ടൻ ബാറ്റിൽ എന്തോ കുത്തിക്കുറിക്കുന്നതായി കാണിച്ച് വില്യംസന്റെ നോട്ട്ബുക്ക് സെലബ്രേഷൻ അനുകരിച്ചു. അടുത്ത പന്ത് നോബോളായിരുന്നെങ്കിലും പന്ത് വേലിക്കെട്ടു കടത്തിയ വാൾട്ടൻ സാങ്കൽപ്പിക നോട്ട്ബുക്കിൽ ഒരു പേജ് മറിച്ച് വീണ്ടും എന്തോ കുത്തിക്കുറിക്കുന്നതായി അഭിനയിച്ചു. നോട്ട്ബുക്ക് സെലബ്രേഷന്റെ രണ്ടാം ഭാഗം. 

ഇതൊരു തുടക്കം മാത്രമായിരുന്നു. നോബോളിന് പകരമായി ലഭിച്ച മൂന്നാം പന്ത് നിലം തൊടീക്കാതെ ഗാലറിയിലെത്തിച്ച വാൾട്ടന്റെ വക വീണ്ടും നോട്ട്ബുക്ക് സെലബ്രേഷൻ. അടുത്ത പന്തും വേലിക്കെട്ടു കടത്തിയ വാൾട്ടൻ നോട്ട്ബുക്ക് സെലബ്രേഷൻ നിര്‍ബാധം തുടർന്നു. അവസാന പന്ത് ലൂക്ക് റോഞ്ചിയും ഗാലറിയലെത്തിച്ചതോടെ തന്റെ ആദ്യ ഓവറിൽ വില്യംസ് വഴങ്ങിയത് 26 റൺസ്. വാൾട്ടൻ–റോഞ്ചി കൂട്ടുകെട്ടിന്റെ കളികണ്ട് വിരണ്ട ജമൈക്ക ക്യാപ്റ്റൻ കുമാർ സംഗക്കാര വില്യംസിനെ വീണ്ടും പന്തേൽപ്പിക്കുന്നത് 10–ാം ഓവറിൽ. ഈ ഓവറിൽ വാൾട്ടൻ–റോഞ്ചി സഖ്യം 21 റൺസ് അടിച്ചെടുത്തതോടെ കളി ഏതാണ്ട് തീരുമാനമായി. ഈ ഓവറിലും വില്യംസിനെ തച്ചുതകർത്ത വാൾട്ടന്റെ സാങ്കൽപ്പിക നോട്ട്ബുക്കിൽ പേജുകൾ മറിഞ്ഞുകൊണ്ടേയിരുന്നു!

അടുത്ത ഓവറിലെ ആദ്യ മൂന്നു പന്തിൽ കളിയും തീർന്നു. ഗയാന താരങ്ങൾ വിജയാവേശത്തിൽ തുള്ളിച്ചാടുമ്പോൾ അവരുടെ  ഇന്നിങ്സിൽ അപ്പോഴും 57 പന്തുകൾ ബാക്കിയായിരുന്നു.

സീൻ മൂന്ന് – അവാർഡ് ദാന ചടങ്ങ്

കഴിഞ്ഞ മൽസരത്തിൽ കളിയിലെ കേമൻ പട്ടം നേടിയ വില്യംസ് ഇത്തവണ വെറും രണ്ട് ഓവറിൽ വഴങ്ങിയത് 46 റൺസ്! ഒരു വിക്കറ്റ് പോലും ലഭിച്ചുമില്ല. ആദ്യ മൽസരത്തിൽ വില്യംസിന്റെ നോട്ട്ബുക്ക് സെലബ്രേഷന് ഇരയായ വാൾട്ടൻ ഈ മൽസരത്തിലെ കേമനുമായി. 40 പന്തിൽ എട്ടു ബൗണ്ടറിയും ആറു സിക്സും ഉൾപ്പെടെ 84 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചതിനുള്ള പ്രതിഫലം. 

മാൻ ഓഫ് ദ് മാച്ച് പുരസ്കാരം വാൾട്ടൻ ഏറ്റുവാങ്ങുമ്പോൾ, അത്യാവേശം ആപത്ത് എന്ന ദുഃഖസത്യം തിരിച്ചറിഞ്ഞ വില്യംസ് ഒരറ്റത്ത് നഖം കടിച്ചു നിൽക്കുന്നുണ്ടായിരുന്നു.