ശ്രീശാന്തിനെതിരെ അപ്പീൽ; ഓർമിപ്പിച്ച് ബിസിസിഐ

കൊച്ചി ∙ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നു ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വാദിച്ചു. ഒരേ തെളിവിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതികൾക്കും അച്ചടക്ക സമിതികൾക്കും വ്യത്യസ്ത നടപടിയാകാമെന്നു കോടതി നിലപാട് എടുത്തു.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയൽ നിയമപ്രകാരം (മക്കോക്ക) ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പൊലീസിന്റെ അപ്പീൽ നിലവിലുണ്ടെന്നതു വിധിയിൽ ചൂണ്ടിക്കാട്ടി.

 2013 മേയ് ഒൻപതിന് രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന ഐപിഎൽ കളിയിൽ 10 ലക്ഷം രൂപ കോഴയ്ക്ക് ഓരോവറിൽ 14 റൺസ് വഴങ്ങാമെന്നു ശ്രീശാന്ത് സമ്മതിച്ചുവെന്നും ഒത്തുകളിക്കു തെളിവായി പോക്കറ്റിൽ ടവൽ തിരുകിയെന്നുമാണു പൊലീസിന്റെ ആരോപണം. 13 റൺ മാത്രമേ നൽകാനായുള്ളൂ.

ഒരു നോ ബോൾ എറിയാനുള്ള ശ്രമം അംപയറുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ 14 റൺ ആകുമായിരുന്നുവെന്നാണു വാദം. രാജ്യത്തെ പിടിച്ചുലച്ച വിവാദമെന്നു സിംഗിൾ ജഡ്ജി തന്നെ വിധിയിൽ പറയുന്നതു കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് ഏഴിനാണു സിംഗിൾ ജഡ്ജി റദ്ദാക്കിയത്.

ശ്രീശാന്ത്

‘‘എന്റെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരും. ഇതുകൊണ്ട് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ലോധ റിപ്പോർട്ടിലെ 13 പേരുകളെക്കുറിച്ച് എന്തുപറയുന്നു? ആർക്കും അറിയേണ്ടേ? എക്കാലത്തെയും മോശം തീരുമാനമാണിത്. എനിക്കുവേണ്ടി പ്രത്യേക നിയമമോ? മറ്റു കുറ്റക്കാരുടെ കാര്യമോ? ചെന്നൈ സൂപ്പർ കിങ്സ്? രാജസ്ഥാൻ?’’