sections
MORE

ഇതിലും വലിയ തെറ്റു ചെയ്തിട്ടും ഇപ്പോഴും കളിക്കുന്നവരുണ്ട്: തുറന്നടിച്ച് ശ്രീശാന്ത്

sreesanth-pandya
SHARE

പനജി∙ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്പെൻഷൻ നേരിടുന്ന ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവരേക്കാൾ വലിയ തെറ്റു വരുത്തിയിട്ടും ഇപ്പോഴും കളത്തിൽ തുടരുന്നവരുണ്ടെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ഇത്തരക്കാർ ക്രിക്കറ്റിൽ മാത്രമല്ല, മറ്റു മേഖലകളിലുമുണ്ടെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. പാണ്ഡ്യ, രാഹുൽ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് ശ്രീശാന്തിന്റെ പ്രതികരണം. മാച്ച് വിന്നേഴ്സായ ഇരുവരും ഉടൻ ടീമിലേക്കു മടങ്ങിയെത്തുമെന്നും ശ്രീശാന്ത് പറഞ്ഞു.

‘സംഭവിച്ചതെല്ലാം തെറ്റു തന്നെയാണ്. പാണ്ഡ്യയും രാഹുലും മോശമായ പരാമർശങ്ങളാണ് നടത്തിയത്. എങ്കിലും ഇതിലും വലിയ തെറ്റുകൾ വരുത്തിയിട്ടും ഇപ്പോഴും കളത്തിൽ തുടരുന്നവരുണ്ട്. ക്രിക്കറ്റിൽ മാത്രമല്ല, മറ്റു മേഖലകളിലുമുണ്ട് ഇത്തരക്കാർ’ – ശ്രീശാന്ത്  ഗോവയിൽ പറഞ്ഞു.

‘ഇതുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം തീരെ മോശമായിപ്പോയി. ഏകദിന ലോകകപ്പ് അടുത്തുനിൽക്കുകയാണെന്ന് ഓർക്കണം. രാഹുലും പാണ്ഡ്യയും മികച്ച താരങ്ങളാണ്. മാച്ച് വിന്നേഴ്സായ ഇരുവരും ഉടൻ ടീമിലേക്കു തിരിച്ചെത്തും’ – ശ്രീശാന്ത് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തനിക്കേർപ്പെടുത്തിയിരിക്കുന്ന വിലക്ക് ബിസിസിഐ ഉടൻ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘ഈ മാസമോ അടുത്ത മാസമോ വിലക്കു നീക്കിയാൽ അതിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും. അങ്ങനെ വന്നാൽ ആഭ്യന്തര മൽസരങ്ങളിൽ മികവു തെളിയിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ശ്രമം. അതേസമയം, പ്രകടനം മോശമായാൽ ടീമിൽ കടിച്ചുതൂങ്ങി തുടരില്ലെന്നും എത്രയും വേഗം കളം വിടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന ടിവി ഷോയിൽ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് വെളിപ്പെടുത്തിയത്. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. തുടർന്ന് ഇരുവരും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയും അംഗമായ ഡയാന എഡുൽജിയും ഇരുവർക്കും വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA