Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്കായി സഞ്ജുവിന്റെ സെഞ്ചുറി; കേരളം 219ന് പുറത്ത്

Sanju-Samson ജമ്മു കശ്മീരിനെതിരെ സെഞ്ചുരി നേടിയ സഞ്ജു സാംസന്റെ ആഹ്ലാദം. (കെസിഎ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് സെഞ്ചുറിത്തിളക്കമുള്ള സുവര്‍ണ സമ്മാനവുമായി യുവതാരം സഞ്ജു സാംസണ്‍. കേരളപ്പിറവി ദിനത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ആരംഭിച്ച രഞ്ജി ട്രോഫി മല്‍സരത്തിലാണ് കേരളത്തിനായി സഞ്ജു സെഞ്ചുറി നേടിയത്. അതേസമയം, സഞ്ജുവിനൊഴിക മറ്റാർക്കും തിളങ്ങാനാകാതെ പോയതോടെ കേരളം ഒന്നാം ഇന്നിങ്സിൽ 219 റൺസിനു പുറത്തായി. 26 ഓവറിൽ 70 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പർവേസ് റസൂലാണ് കേരളത്തെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ ആദ്യദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 16 റൺസെടുത്തിട്ടുണ്ട്.

സഹതാരങ്ങളെല്ലാം ജമ്മു കശ്മീര്‍ ബോളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയപ്പോൾ, സഞ്ജു പൊരുതി നേടിയ സെഞ്ചുറിയാണ് കേരളത്തിന്റെ സ്കോർ 200 കടത്തിയത്. 187 പന്തുകൾ നേരിട്ട സഞ്ജു 14 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 112 റൺസെടുത്തു പുറത്തായി. സഞ്ജുവിനു പുറമെ ജലജ് സക്സേന (54 പന്തിൽ 22), സച്ചിൻ ബേബി(56 പന്തിൽ 19), അരുൺ കാർത്തിക് (48 പന്തിൽ 35) എന്നിവർക്കു മാത്രമേ കേരള നിരയിൽ തിളങ്ങാനായുള്ളൂ.

ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ വിഷ്ണു വിനോദ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും രണ്ടക്കം കാണാനാകാതെ പുറത്താകുന്നതു കണ്ടുകൊണ്ടാണ് മല്‍സരം തുടങ്ങിയത്. 28 പന്തില്‍ അഞ്ചു റണ്‍സെടുത്ത വിഷ്ണുവിനെ മുഹമ്മദ് മുദാസിര്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഇന്‍ഫോം ബാറ്റ്‌സ്മാന്‍ രോഹന്‍ പ്രേമും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ രോഹന്‍ പ്രേമിനെ ആമിര്‍ അസീസ് പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ജലജ് സക്‌സേന-സഞ്ജു സാംസന്‍ സഖ്യം 25 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സക്‌സേനയെ മടക്കി ആമിര്‍ അസീസ് വീണ്ടും ആഞ്ഞടിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സഞ്ജുവിനൊപ്പം കേരളത്തെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങുകയായിരുന്ന സഖ്യം പൊളിച്ച ജമ്മു ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ സച്ചിന്‍ ബേബിയെ മടക്കി. 56 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത സച്ചിനെ റസൂല്‍ എല്‍ബിയില്‍ കുരുക്കി. അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജു-അരുണ്‍ കാര്‍ത്തിക് സഖ്യം കേരളത്തിന്റെ സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ആദ്യദിനത്തില്‍ കേരള ഇന്നിങ്‌സിനു കരുത്തായത്. 48 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിനെയും ആമിര്‍ അസീസ് മടക്കിയതോടെ കേരളം വീണ്ടും തകര്‍ന്നു.

തൊട്ടുപിന്നാലെ സല്‍മാന്‍ നിസാറിനെ പര്‍വേസ് റസൂല്‍ പൂജ്യത്തിനു പുറത്താക്കി. തുടര്‍ന്നെത്തിയ സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് സഞ്ജു ടീമിന്റെ സ്‌കോര്‍ 200 കടത്തി. അതിനിടെ യുവതാരം സെഞ്ചുറിയും കടന്നു. സഞ്ജു 112 റൺസോടെയും സിജോമോൻ എട്ടു റൺസിനും പുറത്തായതോടെ കേരളത്തിന്റെ പോരാട്ടം അവസാനിച്ചു. അക്ഷയ് ചന്ദ്രൻ (0), ബേസിൽ തമ്പി (4), എം.ഡി. നിധീഷ് (0) തുടങ്ങിയവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല.
തുടർന്ന് ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ വിക്കറ്റു കളയാതെ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്. 12 ഓവർ പൂർത്തിയാകുമ്പോൾ 16 റൺസ് മാത്രമേ അവർ നേടിയിട്ടുള്ളൂ. ഒന്നാം ദിനം കളി നിർത്തുമ്പോൾ അഹമ്മദ് ഒമർ (7), ശുഭം ഖജൂരിയ (7) എന്നിവരാണ് ക്രീസിൽ.

നേരത്തെ, ജമ്മുവില്‍ നടക്കാനിരുന്ന കളി തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഇതോടെ, കേരളത്തിന് അധികം ലഭിച്ചത് ഒരു ഹോംമാച്ച്. കേരളം രാജസ്ഥാനെ കീഴടക്കിയതു തുമ്പ മൈതാനത്താണ്.

ബാറ്റ്‌സ്മാന്‍മാരെയും സ്പിന്നര്‍മാരെയും തുണക്കുന്ന പിച്ചാണിവിടെ. മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണു കേരളം. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അതേസമയം, മൂന്നു കളികളില്‍ നിന്ന് മൂന്നു പോയിന്റോടെ ഗ്രൂപ്പില്‍ ആറാംസ്ഥാനത്താണ് ജമ്മു കശ്മീര്‍.