Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ‘നോട്ടപ്പുള്ളി’യായി രോഹിത് ശർമ; കാരണം?

Rohit Sharma

ക്ലാസ് ബാറ്റ്സ്മാനെന്ന് പേരെടുത്തിട്ടും, കളത്തിൽ കനപ്പെട്ട സംഭാവനകൾ നൽകിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീം സ്ഥാനം രോഹിത് ശർമയോളം അകലമിട്ടു നിന്ന മറ്റൊരു താരമുണ്ടാകില്ല. നിർഭാഗ്യത്തിനൊപ്പം പരുക്കു കൂടി ചേർന്നതോടെ അടുത്തിടെ ഒരു വർഷത്തിലധികമാണ് രോഹിത് ടെസ്റ്റ് ടീമിനു പുറത്തുനിന്നത്. ഒടുവിൽ അഞ്ഞൂറോളം ദിവസങ്ങൾക്കു ശേഷം വീണ്ടും അവസരം ലഭിച്ചപ്പോൾ ശ്രദ്ധേയമായ ഇന്നിങ്സുകളിലൂടെ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഈ മുംബൈ ടീമംഗം.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് പുറത്താകാതെ നേടിയ 102 റൺസും ഡൽഹിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ നേടിയ അർധസെഞ്ചുറിയും ഒരു സൂചനയാണ്. ഏകദിനത്തിന് പുറമെ ടെസ്റ്റിലും ടീമിന് തന്നിൽ പ്രതീക്ഷയർപ്പിക്കാം എന്ന സൂചന. ഏകദിനത്തിൽ മികച്ച പ്രകടനങ്ങള്‍ തു‌ടരുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ താളം കണ്ടെത്താനാകാത്ത പതിവ് അവസാനിപ്പിക്കാനുള്ള അവസരമാണ് രോഹിതിനിത്.

ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചിലും മികച്ച ഫോം തുടരാനായാൽ അതിനുശേഷം വരുന്ന ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് ടീമിനു മുതൽക്കൂട്ടാകും. ഇപ്പോഴത്തെ അവസ്ഥയിൽ രോഹിത് ഇന്ത്യൻ ടെസ്റ്റ് ടീമിന് അനിവാര്യനാകുന്നതിന് കാരണങ്ങൾ പലതുണ്ട്. അവയിലൂടെ ഒരു സഞ്ചാരം:

∙ മധ്യനിരയിലെ പോരാളി

വിദേശമണ്ണില്‍ ടെസ്റ്റ് കളിക്കുമ്പോൾ സ്ഥിരതയുള്ള മധ്യനിര ടീമിന് അത്യാവശ്യമാണ്. ടെസ്റ്റിൽ സ്വപ്ന തുല്യമായ പ്രകടനവുമായി കയ്യടി നേടുമ്പോഴും ഫോമിലുള്ള മുൻനിര കഴിഞ്ഞാൽ മധ്യനിരയ്ക്ക് കാര്യമായി ശോഭിക്കാനാകാത്ത ഒരു അവസ്ഥ ടീം ഇന്ത്യയെ അല‌ട്ടുന്നുണ്ട്. വിദേശ പിച്ചുകളിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്്സ്മാൻമാരിലൊരാളായ അജിങ്ക്യ രഹാനെയുടെ അവസ്ഥ പോലും നിലവിൽ പരിതാപകരമാണ്. ശ്രീലങ്കയ്ക്കെതിരെ അവസാനം നടന്ന നാലു ടെസ്റ്റുകളിൽ 17, 4, 2, 1 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്കോർ. ഇതിൽ അവസാന മൂന്നെണ്ണവും ഇന്ത്യയിൽ നടന്നിട്ടുപോലും പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല രഹാനെയുടേത്.

ആറാം നമ്പരിൽ പരീക്ഷിക്കാൻ നല്ലൊരു താരം ഇല്ലെന്നതാണ് നിലവിൽ ടീം നേരിടുന്ന പ്രധാന പ്രശ്നം. ആ സ്ഥാനത്തേക്ക് രോഹിത് ശർമയെ പോലൊരു താരമെത്തിയാൽ അത് വാലറ്റത്തിനും ഗുണം ചെയ്യും. മുൻനിരയ്ക്ക് കാര്യമായി ശോഭിക്കാനാകാതെ പോയാലും റൺനിരക്കുയർത്താൻ രോഹിതിന് സാധിക്കും. വൃദ്ധിമാൻ സാഹയെപ്പോലുള്ളവരുടെ സഹായവും രോഹിതിനു ലഭിക്കും.

∙ വമ്പൻ സ്കോറുകൾ കണ്ടെത്തുന്നതിൽ മുമ്പൻ

സെഞ്ചുറികള്‍ നേടാനും അതിനെ മികച്ച സ്കോറാക്കി പരിവർത്തനപ്പെടുത്താനുമുള്ള കഴിവ് രോഹിതിനോളമുള്ളവർ നിലവിൽ ടീം ഇന്ത്യയിൽ കോഹ്‍ലി മാത്രമേയുള്ളൂ. ഏകദിനത്തില്‍ 15 സെഞ്ചുറികൾ നേടിയിട്ടുള്ള രോഹിത് ശർമ മിക്ക അവസരങ്ങളിലും സ്കോർ 125ന് മുകളിലെത്തിച്ചിട്ടുണ്ട്. ഏകദിനത്തിൽ രണ്ട് ഇരട്ട സെഞ്ചുറികൾ നേടിയ ഏകതാരവുമാണ് രോഹിത്. ഇത്തരത്തിൽ കൂറ്റൻ സ്കോറുകൾ പടുത്തുയർത്താനുള്ള താരത്തിന്റെ ശേഷി ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ മുതൽക്കൂട്ടാകും.

∙ മികച്ച ഫോമും നേതൃപാടവവും

മികച്ച ഫോമിലാണ് രോഹിത് ശര്‍മ ഈ വർഷം കളിക്കുന്നത്. ഇതുവരെ കളിച്ച 18 മത്സരങ്ങളിൽ നിന്ന് 67.25 റൺസ് ശരാശരിയിൽ 1076 റൺസാണ് ഇതിനകം അടിച്ചുകൂട്ടിയിട്ടുള്ളത്. ഏകദിനത്തിൽ ഈ വർഷം അഞ്ചു സെഞ്ചുറിയെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാ‌ട് കോഹ്‍ലിയുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ രോഹിതിന്റെയും സ്ഥാനം. ടെസ്റ്റിൽ ഈ വർഷം ലഭിച്ച രണ്ട് അവസരത്തിലും താരം തന്റെ കഴിവ് പുറത്തെടുക്കുകയും ചെയ്തു

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്‍ലിക്ക് പകരം ടീമിനെ നയിക്കാനുള്ള അവസരവും താരത്തിന് ലഭിക്കും. തുടർന്നുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിന്റെ നായകനായും രോഹിതിനെ പ്രഖ്യാപിച്ചു കഴി‍ഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കാനായാൽ വിദേശ ടെസ്റ്റു പരമ്പരകളിൽ സെലക്ടർമാർക്കും രോഹിതിനെ തഴയാനാവില്ല. ഇന്ത്യൻ കാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ളവർ നിർണായക നിമിഷങ്ങളിെല ശർമയുടെ ഇടപെടലുകളെ പ്രശംസിച്ചിട്ടുമുണ്ട്.

∙ കളിയിലെ സാങ്കേതികത്തികവ്

താളം കണ്ടെത്തിക്കഴിഞ്ഞാൽ സബ്‍ലൈൻ ടെക്നിക്കിലും അസാമാന്യമായ ഷോട്ടുകളിലും കൃത്യത പുലർത്തുന്ന താരങ്ങൾ ഇന്ത്യൻ നിരയിൽ വിരളമാണ്. ബൗൾസുള്ള പിച്ചുകൾക്ക് പേരുകേട്ട ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മൈതാനങ്ങളിൽ രോഹിതിന് മികച്ച പ്രകടനം ന‌ടത്താനാകും. ബാക്ഫൂട്ടിലും സ്പിന്നർമാരെ നേരുന്നതിനുള്ള കഴിവും നിർണായകമാണ്. ഇതിന് പുറമെ ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ടെസ്റ്റു കളിച്ച് പരിചയമുള്ളതും താരത്തിന് മുതൽക്കൂട്ടാകും.

∙ രോഹിതിന്റെ ടെസ്റ്റ് റെക്കോർഡ്

22 മൽസരങ്ങളിൽനിന്ന് 1286 റൺസാണ് ടെസ്റ്റിൽ രോഹിതിന്റെ ഇതുവരെയുള്ള സമ്പാദ്യം (ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ഉൾപ്പെടുത്തിയിട്ടില്ല). മൂന്ന് സെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളും ഇതിനിടെ താരം നേടി. 177 ആണ് രോഹിതിന്റെ ടെസ്റ്റ് കരിയറിലെ മികച്ച സ്കോർ. 2013ൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയിൽ നടന്ന ടെസ്റ്റിൽ നേടിയ രണ്ടു സെഞ്ചുറികളാണ് രോഹിത് ശർമയുടെ ഏറ്റവും മികച്ച രണ്ടു ഇന്നിങ്സുകൾ. അതിന് ശേഷം ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാസം നടന്ന ടെസ്റ്റിലാണ് രോഹിത് മൂന്നാമതൊരു സെഞ്ചുറി നേടുന്നത്. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും മികവു തുടർന്നതോടെ രോഹിതിനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് കൂടുതൽ ആലോചിക്കേണ്ടിയും വന്നിരിക്കില്ല.

related stories