സെലക്ടർമാർ വീണ്ടും തഴഞ്ഞു; 2019 ലോകകപ്പ് വരെ ശ്രമം തുടരുമെന്ന് യുവി

മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും, പിന്നാലെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചത്തോടെ ഒരു കാര്യം ഏകദേശം ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവായിരുന്ന സാക്ഷാൽ യുവരാജ് സിങ്ങിന്റെ കാലം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ശാരീരികക്ഷമതയുടെ പേരിൽ മറ്റൊരു പരമ്പരയിൽനിന്നു കൂടി യുവരാജ് അകറ്റിനിർത്തപ്പെടുമ്പോൾ, കയ്പേറിയ ആ സത്യം ആരാധകർ ഒരിക്കൽക്കൂടി അംഗീകരിക്കുന്നു, യുവിക്ക് ഇനിയൊരു മടങ്ങിവരവിന് സാധ്യത തീർത്തും വിരളം.

എന്നാൽ, യുവരാജിന്റെ നിലപാട് വ്യത്യസ്തമാണ്. ഈ പോരാട്ടം ഇപ്പോഴൊന്നും അവസാനിപ്പിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കുറഞ്ഞത് 2019 ലോകകപ്പ് വരെയെങ്കിലും ടീമിലെ സ്ഥാനം നിലനിർത്താൻ താൻ ശ്രമം തുടരുമെന്നാണ് യുവിയുടെ നിലപാട്. യുനിസെഫ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായി നടത്തിയ സംവാദത്തിലാണ് യുവരാജ് മനസ്സു തുറന്നത്. 

2011ലെ ഇന്ത്യൻ ലോകകപ്പ് വിജയത്തിൽ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച താരമാണ് യുവരാജ്. മറ്റൊരു ലോകകപ്പ് പടിവാതിൽക്കലെത്തുമ്പോൾ ഇതേ യുവരാജ് അധികപ്പറ്റാകുന്ന ക്രൂരമായ കാഴ്ചയാകുന്നു വിധി ക്രിക്കറ്റ് ആരാധകർക്കു മുന്നിൽ ബാക്കി വയ്ക്കുന്നത്.

ഇതേക്കുറിച്ച് യുവരാജിന്റെ നിലപാടിങ്ങനെ:

ഞാൻ സ്ഥിരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് സമ്മതിക്കുന്നു. വീണ്ടുമിതാ പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ഫിറ്റ്നസ് ടെസ്റ്റിലും യോഗ്യതാ മാർക്ക് കടക്കാൻ എനിക്കു സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്നസ് ടെസ്റ്റ് ഞാൻ പാസായി. എന്നിട്ടും നീണ്ട 17 വർഷങ്ങൾക്കു ശേഷവും ഞാൻ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു.

തോൽവിയെ ഞാൻ ഭയക്കുന്നില്ല. ഉയർത്ത താഴ്ചകളിലൂടെയാണ് ഇതുവരെ എന്റെ കരിയറും ജീവിതവും കടന്നുവന്നത്. തോൽവിയെ പലകുറി ഞാൻ മുഖാമുഖം കണ്ടു. എന്നാൽ അതാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന് പിന്നീട് മനസ്സിലാക്കുകയും ചെയ്തു. ആത്യന്തികമായി വിജയം നേടണമെങ്കിൽ നിങ്ങൾ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള വ്യക്തിയായിരിക്കണം. പരാജയങ്ങൾക്കു നിങ്ങളെ കരുത്തുള്ള മനുഷ്യനാക്കാൻ സാധിക്കും.

ഇപ്പോഴത്തെ തന്റെ ഫോം വച്ച് എത്രപേർ തന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടെന്ന കാര്യം അറിയില്ലെന്നു പറഞ്ഞ യുവരാജ്, താൻ ഇപ്പോഴും വിശ്വാസം കൈവിട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടേയിരിക്കുന്നു. ഏത് ഫോർമാറ്റിലാണ് ഇനി ഞാൻ പരിഗണിക്കപ്പെടുക എന്ന് ഇപ്പോഴുമറിയില്ല. ഇപ്പോഴും ഞാൻ പഴയതുപോലെ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷേ പ്രായം കൂടുന്ന സ്ഥിതിക്ക് ഇപ്പോൾ ഞാൻ പണ്ടത്തെക്കാൾ കൂടുതൽ ശ്രമിക്കണം. 2019 ലോകകപ്പ് വരെ ക്രിക്കറ്റ് ഞാൻ ക്രിക്കറ്റ് കളിക്കുന്നത് മനസ്സിൽ കാണുന്നുണ്ട് – യുവി പറഞ്ഞു.

ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20കളും കളിച്ചിട്ടുള്ള താരമാണ് യുവരാജ്. ടെസ്റ്റിൽ 1900, ഏകദിനത്തിൽ 8701, ട്വന്റി20യിൽ 1177 റൺസ് എന്നിങ്ങനെയാണ് യുവിയുടെ സമ്പാദ്യം.