Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്നി ബംഗാളിനെ തകർത്തു; ഡൽഹി രഞ്ജി ഫൈനലിൽ

navdeep-saini നവ്ദീപ് സെയ്നി

പുണെ ∙ യുവ ഫാസ്റ്റ് ബോളർ നവ്ദീപ് സെയ്നിയുടെ മാരക ബോളിങ് കരുത്തിൽ ബംഗാളിനെ ഇന്നിങ്സിന് തകർത്ത് ഡൽഹി രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. 112 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ബംഗാളിനെ 86 റൺസിനു പുറത്താക്കി ഡൽഹി അഞ്ചു ദിന സെമിഫൈനലിന്റെ മൂന്നാം ദിനം തന്നെ വിജയം സ്വന്തമാക്കി. സെയ്നി 12 ഓവറിൽ 35 റൺസിന് നാലു വിക്കറ്റെടുത്തു. ഇടംകൈയൻ ഫാസ്റ്റ് ബോളർ കുൽവന്ത് കെജ്‍രോലിയ 40 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ സെയ്നിയാണ് കളിയിലെ കേമൻ.

ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തു കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബോളിങ് പ്രകടനമായിരുന്നു സെയ്നിയുടേത്. ഇന്ത്യയുടെ ഭാവിവാഗ്ദാനമായ സെയ്നി വേഗത്തിന്റെയും സ്വിങ്ങിന്റെയും കരുത്തു മുഴുവൻ പുറത്തെടുത്തപ്പോൾ ബംഗാൾ ബാറ്റ്സ്മാൻമാർ വിറച്ചുവീണു. കൃത്യമായി ഓഫ് സ്റ്റംപിനു മുകളിലൂടെ പറന്ന സെയ്നിയുടെ പന്തുകൾക്കു മുന്നിൽ അൽപനേരം പിടിച്ചുനിന്ന സുദീപ് ചാറ്റർജി(21)യാണ് ബംഗാളിന്റെ ടോപ് സ്കോറർ. 26.4 ഓവറിൽ ബംഗാൾ ഇന്നിങ്സ് അവസാനിച്ചു. നേരത്തേ, ടീം ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ ആറു വിക്കറ്റ് പ്രകടനമാണ് ഡൽഹി ഇന്നിങ്സ് 398ൽ അവസാനിപ്പിച്ചത്. സ്കോർ: ബംഗാൾ: 286, 86 (സെയ്നി 35ന് നാല്, കെജ്‍രോലിയ 40ന് നാല്). ഡൽഹി: 398 (ഗൗതം ഗംഭീർ 127, കുനാൽ ചന്ദേല 113, ഹിമ്മത് സിങ് 60, മുഹമ്മദ് ഷമി 123ന് ആറ്).

കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം സെമിയിൽ കർണാടകയ്ക്കെതിരെ വിദർഭ പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ വിദർഭ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ജി. സതീഷ് 71 റൺസുമായും അക്ഷയ് വഡ്കർ 19 റൺസുമായും ബാറ്റ് ചെയ്യുന്നു. 79 റൺസ് ലീഡ്. നേരത്തേ, കർണാടകയുടെ ഒന്നാം ഇന്നിങ്സ് 301ന് അവസാനിച്ചു. 116 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്. കരുൺ നായർ 153 റൺസെടുത്തു. ഇന്നലെ വീണ രണ്ടു വിക്കറ്റും ഉമേഷ് യാദവിനായിരുന്നു. സ്കോർ: വിദർഭ 185, നാലിന് 195 (സതീഷ് 71 നോട്ടൗട്ട്); കർണാടക 301 (കരുൺ നായർ 153, രജനീഷ് ഗുർബനി 94ന് അഞ്ച്, ഉമേഷ് യാദവ് 73ന് നാല്).

Karun Nair കരുൺ നായരെ അഭിനന്ദിക്കുന്ന അഭിമന്യു മിഥുൻ.