ട്വന്റി20യിലും ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയം, പരമ്പര

ട്വന്‍റി20യിൽ രണ്ടാം സെഞ്ചുറി നേടിയ രോഹിത് ശർമ

ഇൻഡോർ ∙ ‌‌‌ശ്രീലങ്കൻ താരങ്ങൾ ഇന്നലെ കൊച്ചുകുട്ടികളായിരുന്നു. വിമാനം പറക്കുമ്പോൾ ആകാശത്തേക്ക് നോക്കുന്ന അതേ കൗതുകത്തോടെ അവർ രോഹിത് ശർമയുടെ ഓരോ സിക്സറും നോക്കി നിന്നു. മൊഹാലിയിലെ ഇരട്ട സെഞ്ചുറിയുടെ തനിയാവർത്തനം പോലെ ഇൻഡോറിലും നിറഞ്ഞാടിയ രോഹിത്തിന്(118) ട്വന്റി20യിലെ അതിവേഗ സെഞ്ചുറി.

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്‍റെ ആഹ്ലാദം

രോഹിത് ശർമയുടെയും ലോകേഷ് രാഹുലിന്റെയും(89) മികവിൽ ട്വന്റി20യിലെ റെക്കോർഡ് സ്കോർ പടുത്തുയർത്തിയ ഇന്ത്യയ്ക്കു മുൻപിൽ ലങ്ക ഒരിക്കൽകൂടി മുട്ടു മടക്കി. ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയവും പരമ്പരയും. സ്കോർ ഇന്ത്യ 20 ഓവറിൽ അഞ്ചിന് 260. ശ്രീലങ്ക 17.2 ഓവറിൽ 172ന് ഓൾഔട്ട്. രോഹിത്താണ് മാൻ ഓഫ് ദ് മാച്ച്.

എട്ടു ദിവസം മുൻപത്തെ ഇരട്ട സെഞ്ചുറിയുടെ ആവേശം അടങ്ങിയിട്ടില്ലെന്നു തെളിയിച്ചു രോഹിത്തിന്റെ ബാറ്റിങ്. സിക്സറുകളും ഫോറുകളും നിറഞ്ഞതോടെ ആദ്യ ട്വന്റി20 മൽസരത്തിനുവേദിയായ ഇൻഡോറിലെ ഗാലറിയ്ക്ക് ടെലിവിഷൻ സ്ക്രീനിൽ ഹൈലൈറ്റ്സ് കാണുന്ന പ്രതീതിയായിരുന്നു. 35 പന്തുകളിൽ സെഞ്ചുറി തികച്ച താരം അതിവേഗ സെഞ്ചുറിയിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പമെത്തി. 43 പന്തുകളിൽ 12 ഫോറും 10 സിക്സറുകൾക്കുശേഷമാണ് രോഹിത് പുറത്താകുന്നത്. 49 പന്തുകളിൽ എട്ടു സിക്സറുകളും അഞ്ചു ഫോറുകളും ഉൾപ്പെടെയായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 165 റൺസ് നേ‍ടി.

അർധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനെ അഭിനന്ദിക്കുന്ന രോഹിത് ശര്‍മ

കൂറ്റനടിക്ക് ശമനം തേടി ലങ്കൻ ക്യാപ്റ്റൻ തിസാര പെരെരയ്ക്ക് ഏഴു ബോളർമാരെ വരെ പരീക്ഷിക്കേണ്ടി വന്നു ‌അഞ്ചാം ഓവറിൽ പന്തെറിയാനെത്തിയ നുവാൻ പ്രദീപ് 17 റൺസ് വഴങ്ങി. ഗുണരത്നയെറിഞ്ഞ ഒൻപതാം ഓവറിൽ ഇന്ത്യൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത് 21 റൺസ്!. 16 റൺ‌സ് നേടിയാണ് സ്പിന്നർ ധനഞ്ജയയെ വരവേറ്റത്. ബാറ്റിങ്ങിൽ പ്രമോഷൻ നേടിയെത്തിയ ധോണിയും സ്കോറിങ്ങിനു വേഗംകൂട്ടി(28). മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയും ടോപ് ഗിയറിലായിരുന്നു. ഉപുൽ തരംഗയും (47) കുശാൽ പെരെരയും (77) രണ്ടാം വിക്കറ്റിൽ 109 റൺസുമായി ഇന്ത്യൻ ബോളർമാരെ പ്രഹരിച്ചു. ഓവറിൽ പത്തു റൺസ് നിരക്കിലായിരുന്നു സ്കോറിങ്. ആദ്യ രണ്ടോവറിൽ നന്നായി തല്ലുവാങ്ങിയ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവുമാണ് പിന്നീട് ഏഴു വിക്കറ്റുകൾ പിഴുത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്. 

∙ സ്കോർബോർഡ്

രോഹിത് ശർമ ബി ധനഞ്ജയ സി ചമേര 118, ലോകേഷ് രാഹുൽ സി ഡിക്‌വെല്ല ബി പ്രദീപ് 89, എം.എസ്. ധോണി ബി തിസാര പെരെര 28, ഹാർദിക് പാണ്ഡ്യ സി സമര വിക്രമ ബി പ്രദീപ് 10, ശ്രേയസ് അയ്യർ എൽബി ബി തിസാര പെരെര 0, മനീഷ് പാണ്ഡെ നോട്ടൗട്ട് 0, ദിനേശ് കാർത്തിക് നോട്ടൗട്ട് 5.എക്സ്ട്രാസ് 9. ആകെ 20 ഓവറിൽ അഞ്ചിന് 260

ബോളിങ്: മാത്യൂസ് 2.2–0–16–0, ചമീര 4–0–45–1, പ്രദീപ് 4–0–61–2, ധനഞ്ജയ 3.4–0–49–0, തിസാര പെരെര 4–0–49–2, ഡിസിൽവ 1–0–16–0, ഗുണരത്ന 1–0–21–0

ശ്രീലങ്ക

ഡിക്‌വെല്ല സി ഹാർദിക് ബി ഉനദ്കട് 25, തരംഗ സി ആൻഡ് ബി ചാഹൽ 47, കുശാൽ പെരെര സി മനീഷ് ബി കുൽദീപ് 0, സദീര സമരവിക്രമ സ്റ്റംപ് ധോണി ബി ചഹാൽ 8, ഡി സിൽവ ബി ചഹാൽ 1, അഖില ധനഞ്ജയ സി മനീഷ് ബി ചഹാൽ 5, ചമീര ബി ഹാർദിക് 3, നുവാൻ പ്രദീപ് നോട്ടൗട്ട് 0, എയ്ഞ്ചലോ മാത്യൂസ് ആബ്സന്റ് ഹർട്ട് 0.

ബോളിങ്: ഉനദ്കട് 3–0–22–1, ബുമ്ര 3–0–21–0, കുൽദീപ് 4–0–52–3, ചാഹൽ 4–0–52–4, ഹാർദിക് 3.2–0–23–1