സെഞ്ചൂറിയൻ ടെസ്റ്റിൽ സ്പിന്നറെ ആവശ്യമുണ്ടോ? മാറിച്ചിന്തിക്കാൻ ഇന്ത്യ

സെഞ്ചൂറിയൻ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് സ്പിന്നർമാരെന്നത് കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്ന കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളിലെല്ലാം അവഗണിക്കാനാകാത്ത ശക്തികളായി സ്പിന്നർമാരുണ്ടായിരുന്നു. രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് സ്പിൻ ഡിപ്പാർട്മെന്റിനെ ഇന്ത്യയോളം ഉപയോഗിച്ചിട്ടുള്ള ടീമുകളുമില്ല എന്നതാണ് വസ്തുത.

എന്തായാലും ഇത്തവണത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഈ ചിത്രം മാറുമെന്ന സൂചനകളാണ് ടീം ക്യാംപിൽനിന്ന് ഉയരുന്നതത്രേ. ആദ്യ ടെസ്റ്റിലെ തോൽവിയോടെ ടീം സെലക്ഷൻ ചോദ്യചിഹ്നമായി മാറിയ സാഹചര്യത്തിൽ ഇന്ത്യൻ മാനേജ്മെന്റ് മാറിച്ചിന്തിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധ മതം. ദക്ഷിണാഫ്രിക്കൻ പിച്ചുകളുടെ പൊതു സ്വഭാവവും ആദ്യ ടെസ്റ്റിൽ ബോളർമാർ നടത്തിയ പ്രകടനവും പരിഗണിച്ചാൽ ഇതിനെ കേവലമൊരു സാധ്യത മാത്രമായി തള്ളിക്കളയാനുമാകില്ല.

ആദ്യ ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിനായിരുന്നു ഇത്യൻ നിരയിലെ ഏക സ്പിൻ ബോളർ. ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജും ആ സ്ഥാനം കയ്യടക്കി. എന്നാൽ, മൽസരത്തിലെ അശ്വിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഒരു സ്പിന്നറെ കളിപ്പിക്കുന്നതിൽ കാര്യമുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം.

കേപ്ടൗൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റുകൊണ്ട് ശ്രദ്ധേയമായ പ്രകടനം നടത്തി ടോപ് സ്കോററായ അശ്വിന് പക്ഷേ, പന്തുകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഒന്നാം ഇന്നിങ്സിൽ 7.1 ഓവർ ബോൾ ചെയ്ത അശ്വിൻ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതേസമയം, പേസ് ബോളർമാർ നിറഞ്ഞാടിയ രണ്ടാം മൽസരത്തിൽ ഒരു ഓവർ മാത്രം ബോൾ ചെയ്ത അശ്വിന് ഒരും ഇംപാക്ടും സൃഷ്ടിക്കാനായില്ല.

കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലെ പിച്ചിനു സമാനമായ സ്വഭാവം തന്നെയാണ് സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിലെ പിച്ചിനുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അശ്വിനെ കളിപ്പിക്കണോ പകരം രഹാനെയേപ്പോലുള്ള ഒരു ബാറ്റ്സ്മാനെ ഇറക്കണോ എന്ന ചോദ്യമാണ് ഉയരുന്നത്. ആദ്യ ടെസ്റ്റിൽ ബാറ്റ്സ്മാൻമാർ മികച്ച രീതിയിൽ പന്തെറിയുകയും ബാറ്റ്സ്മാൻമാർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇതൊരു അർഥപൂർണമായ തീരുമാനമായിക്കൂടെന്നില്ലെന്ന് ക്രിക്കറ്റ് ആരാധകരും ചൂണ്ടിക്കാട്ടുന്നു.