പുരസ്കാരങ്ങളിൽ ക്ലീൻ സ്വീപ്; കോഹ്‌ലി No 1

ദുബായ്∙ ബാറ്റിങ് പ്രതിഭകൊണ്ടു ലോകക്രിക്കറ്റിൽ പുതിയ വീരകഥകൾ രചിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക പുരസ്കാരങ്ങളിൽ ക്ലീൻ സ്വീപ്. ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗർഫീൽഡ് സോബേഴ്സ് ട്രോഫി സ്വന്തമാക്കിയ കോഹ്‌ലി തന്നെയാണ് ഏകദിന ക്രിക്കറ്റിലെയും മികച്ച താരം. കൂടാതെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനം കൂടി കോഹ്‌ലിക്കു സ്വന്തം. ടെസ്റ്റിലെ മികച്ച താരമായി ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായി രണ്ടു പരമ്പരകളിൽ തകർന്നടിഞ്ഞു നായകപദവിക്കു നേരെ ഒട്ടേറെ ചോദ്യചിഹ്നങ്ങളുയരുന്ന സാഹചര്യത്തിലാണ് കോഹ്‌ലിയെ ഈ ലോക അവാർഡുകൾ തേടിയെത്തിയെന്നതു ശ്രദ്ധേയമായി. 

2016 സെപ്റ്റംബർ 21 മുതൽ 2017 അവസാനം വരെയുള്ള കാലമാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഇക്കാലത്ത് ടെസ്റ്റിൽ സെഞ്ചുറി 77.80 റൺസ് ശരാശരിയിൽ 2,203 റൺസ് നേടി. എട്ടു സെഞ്ചുറികളും ഉൾപ്പെടുന്നു. ഏഴു സെഞ്ചുറികളടക്കം 82.63 റൺസ് ശരാശരിയിൽ 1,818 റൺസാണ് ഏകദിനത്തിലെ സമ്പാദ്യം. ട്വന്റി20യിൽ 153 സ്ട്രൈക്ക് റേറ്റിൽ 299 റൺസ് നേടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തുടർച്ചയായി രണ്ടാം വർഷമാണ് മികച്ച ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ വർഷം അശ്വിനായിരുന്നു ഈ അവാർഡ്. കോഹ്‌ലിയെക്കൂടാതെ മറ്റു നാല് ഇന്ത്യൻ താരങ്ങൾ കൂടി ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമിലെത്തി. ചേതേശ്വർ പൂജാരയും രവിചന്ദ്ര അശ്വിനും ടെസ്റ്റ് ടീമിലെത്തിയപ്പോൾ ജസ്പ്രിത് ബുമ്രയും രോഹിത് ശർമയും ഏകദിന ടീമിൽ സ്ഥാനം കണ്ടെത്തി.

ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് ഓസീസ് നായകൻ സ്മിത്തിനെയാണു കോഹ്‌ലി പിന്നിലാക്കിയത്. എങ്കിലും മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരത്തിന്റെ ആശ്വാസം സ്മിത്തിനു സ്വന്തം. 16 മൽസരങ്ങളിൽ നിന്ന് 78.12 റൺസ് ശരാശരിയിൽ 1875 റൺസ് ടെസ്റ്റിൽ നിന്നു സ്മിത്ത് അവാർഡ് കാലയളവിൽ സ്വന്തമാക്കി. എട്ടു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.

2013ന് ശേഷം ഏകദിന താര പുരസ്കാരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളേ എത്തിയിട്ടുള്ളൂ. ക്വിന്റൻ ഡി കോക്ക് 2016ൽ ട്രോഫി നേടിയപ്പോൾ എ.ബി. ഡിവില്ലിയേഴ്സ് 2014ലും 2015ലും ഇതു സ്വന്തമാക്കി. പാക്കിസ്ഥാൻ പേസ് ബോളർ ഹസൻ അലി, അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നർ റാഷിദ് ഖാൻ, ഇന്ത്യൻ താരം രോഹിത് ശർമ എന്നിവരാണ് അവസാന റൗണ്ടിൽ കോഹ്‌ലിക്കൊപ്പം പരിഗണനയിൽ ഉണ്ടായിരുന്നത്. ടെസ്റ്റ് അവാർഡിൽ സ്മിത്ത് പിന്നിലാക്കിയത് അശ്വിൻ, കോഹ്‌ലി, ചേതേശ്വർ പൂജാര, ബെൻ സ്റ്റോക്സ് എന്നിവരെ. അശ്വിൻ 25.87 റൺസ് ശരാശരിയിൽ 111 വിക്കറ്റ് നേടിയപ്പോൾ പൂജാര 1,914 റൺസ് നേടി. ബെൻ സ്റ്റോക്സ് 27.68 റൺസ് ശരാശരിയിൽ 35 വിക്കറ്റെടുത്തു.

ട്വന്റി20യിലെ ഏറ്റവും മികച്ച പ്രകടനമായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിന്റെ ആറു വിക്കറ്റു വേട്ട തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ 25 റൺസിന് ചാഹൽ ആറു വിക്കറ്റ് നേടിയിരുന്നു. ഐസിസി അസോഷ്യേറ്റ് ക്രിക്കറ്റർക്കുള്ള പുരസ്കാരം അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ സ്വന്തമാക്കി. 60 വിക്കറ്റ് കഴിഞ്ഞ വർഷം റാഷിദ് നേടിയിരുന്നു. ഐസിസിയുടെ ടെസ്റ്റ് ടീമിൽ മൂന്ന് ഓസ്ട്രേലിയൻ താരങ്ങളുണ്ട്. സ്മിത്ത്, ഓപ്പണർ ഡേവിഡ് വാർണർ, ഫാസ്റ്റ് ബോളർ മിച്ച സ്റ്റാർക് എന്നിവരാണ് ഇടം പിടിച്ച ഓസ്ട്രേലിയക്കാർ.

ദക്ഷിണാഫ്രിക്കയിൽ നിന്നു മൂന്നു താരങ്ങൾ: ഓപ്പണർ ഡീൻ എൽഗാർ, വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക്, പേസ് ബോളർ കാഗിസോ റബാദ. ഇംഗ്ലണ്ട് താരങ്ങളായ ജയിംസ് ആൻഡേഴ്സൺ, ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവരും ടീമിലെത്തി. വാർണർ, ഡി കോക്ക്, സ്റ്റോക്സ് എന്നിവർ ഏകദിന ടീമിലും എത്തി. ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ്, അഫ്ഗാനിസ്ഥാന്റെ ലെഗ്സ്പിന്നർ റാഷിദ് ഖാൻ, പാക്കിസ്ഥാനിൽ നിന്നുള്ള ഹസൻ അലി, ബാബർ അസം എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.