ഔട്ടായി മടങ്ങിയ ധവാനെ ‘റ്റാറ്റാ’ കൊടുത്ത് യാത്രയാക്കിയ റബാഡയ്ക്ക് പിഴശിക്ഷ – വിഡിയോ

കേപ് ടൗൺ ∙ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ പരാജയത്തിന്റെ ഭാരം കൂട്ടി ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബോളർ കഗീസോ റബാദയ്ക്ക് മോശം പെരുമാറ്റത്തിന് പിഴ. ഇന്ത്യയുടെ ഓപ്പണർ ശിഖർ ധവാൻ റബാദയുടെ ബോളിങ്ങിൽ ഷംസിക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ മോശമായി പെരുമാറിയതിന് മാച്ച് റഫറി പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി.

പോർട്ട് എലിസബത്ത് ഏകദിനത്തിൽ ഇന്ത്യ ബാറ്റു ചെയ്യവെ എട്ടാം ഓവറിലായിരുന്നു സംഭവം. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ധവാൻ 21 പന്തിൽ 30 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസോടെയും രോഹിത് 21 പന്തിൽ 13 റൺസോടെയും ക്രീസിൽ. എട്ടാം ഓവർ ബോൾ ചെയ്യാനെത്തിയത് കഗീസോ റബാഡ. നേരിടുന്നത് ധവാൻ. ആദ്യ പന്ത് വൈഡായി. ഇന്ത്യൻ സ്കോർ 44. അടുത്ത പന്ത് ഗള്ളിയിലെ ഫീൽഡറെ കബളിപ്പിച്ച് ബൗണ്ടറി കടന്നു. ധവാൻ 22 പന്തിൽ എട്ടു ബൗണ്ടറികളോടെ 34. ഇന്ത്യൻ സ്കോർ 48.

റബാഡയുടെ അടുത്ത പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ ബൗണ്ടറി കടത്താനുള്ള ധവാന്റെ ശ്രമം പിഴച്ചു. ഉയർന്നു പൊങ്ങിയ പന്ത് ബൗണ്ടറിക്കു മുന്നിൽ ടെബ്രായിസ് ഷംസിയുടെ കൈകളിലൊതുങ്ങി. പുറത്തേക്ക് നടന്ന ധവാനെ നോക്കി കൈവീശിയ റബാഡ, ഡ്രസിങ് റൂമിലേക്കുള്ള വഴിയും കാട്ടിക്കൊടുത്തു. ഈ പെരുമാറ്റമാണ് റബാഡയെ ശിക്ഷയ്ക്കു വിധേയനാക്കിയത്.

ഇപ്പോൾ അഞ്ചു ഡിമെറിറ്റ് പോയിന്റുകളുള്ള റബാദയ്ക്ക് നാലു പോയിന്റുണ്ടായിരുന്നപ്പോൾ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ടു വർഷത്തിനുള്ളിൽ എട്ടു ഡിമെറിറ്റ് പോയിന്റായാൽ രണ്ടു ടെസ്റ്റോ, ഒരു ടെസ്റ്റും രണ്ട് ഏകദിനവുമോ, അല്ലെങ്കിൽ നാല് ഏകദിന മത്സരങ്ങളോ ട്വന്റി20 മത്സരങ്ങളോ നഷ്ടമാകും.