മർമം നോക്കി ക്ലാസൻ; ചാഹൽ നാലോവറിൽ വഴങ്ങിയത് 64 റൺസ്!

സെഞ്ചൂറിയൻ‌ ∙ ഇന്ത്യയുടെ മര്‍മം എവിടെയെന്ന ഹെന്‍‌റിച്ച് ക്ലാസനു നന്നായി അറിയാമായിരുന്നു; കൈക്കുഴകൊണ്ടു പന്തും കളിയും തിരിക്കുന്ന യുസ്‍വേന്ദ്ര ചാഹലെന്ന ലെഗ് സ്പിന്നര്‍. ഏകദിനത്തിലും ആദ്യ ട്വന്റി20യിലുമായി ചാഹൽ പിശുക്കി സ്വരൂപിച്ച ഇക്കോണമി നിരക്കിനെ ക്ലാസൻ ഒരൊറ്റ ഇന്നിങ്സിലൂടെ തവിടുപൊടിയാക്കി. 189 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യയ്ക്കെതിരെ രണ്ടാം ട്വന്റി20യിൽ ആറു വിക്കറ്റിന്റെ അനായാസ ജയം നേടിയ ദക്ഷിണാഫ്രിക്ക ചാഹലെറിഞ്ഞ നാലോവറിനുള്ളിൽ നേടിയത് 64 റൺസ്. ട്വന്റി20യിലെ ഏറ്റവും മികച്ച ഇക്കോണമി ബോളറെന്ന പെരുമയിൽനിന്നു ചാഹൽ, ഒരൊറ്റദിവസംകൊണ്ടു മാർക്കറ്റിടിഞ്ഞ സൂപ്പർതാരത്തെപോലെയായി.

ഹെൻറിച്ച് ക്ലാസനും (69) ക്യാപ്റ്റൻ ഡുമിനിയുമായിരുന്നു (64) ദക്ഷിണാഫ്രിക്കയുടെ വിജയശിൽപികൾ. ഇന്ത്യയെ വീഴ്ത്തണമെങ്കിൽ ചാഹലിനെ പറത്തണമെന്നതു ദക്ഷിണാഫ്രിക്കയുടെ വിജയതന്ത്രമാണോ ഇപ്പോൾ? കണക്കുകൾ അതു ശരിവയ്ക്കുന്നു. ഏകദിനത്തിലും ട്വന്റി20യിലുമായി ഇന്ത്യ ജയിച്ച ആറു മൽസരങ്ങളിൽ ചാഹൽ 16 വിക്കറ്റു വീഴ്ത്തി. ഇക്കോണമി നിരക്ക് 4.59. ഇന്ത്യ തോറ്റ രണ്ടു മൽസരങ്ങളിലാകട്ടെ ഓവറിൽ 13.89 ശരാശരിയിൽ റൺസ് വഴങ്ങി. നേടിയത് ഒരേയൊരു വിക്കറ്റും. മഴ കളി നിയന്ത്രിച്ച നാലാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക ചാഹലിനെ കണക്കിനു ശിക്ഷിച്ചിരുന്നു (5.3 ഓവറിൽ 68 റൺസ്). അന്നും ബാറ്റിങ് വെടിക്കെട്ടിനു മുന്നിൽനിന്നതു ക്ലാസൻ തന്നെ.

ആത്മവിശ്വാസമൊട്ടുമില്ലാത്ത, തുടക്കക്കാരന്റെ മനസ്സോടെയാണു രണ്ടാം ട്വന്റി20യിൽ ചാഹൽ പന്തെറിഞ്ഞത്. എതിരാളിക്കു യാതൊരുവിധ പരീക്ഷണവും നൽകാതെ ചാഹലിന്റെ പന്തുകൾ‌ ബാറ്റിലേക്കെത്തി. ബൗണ്ടറികൾ വഴങ്ങിയപ്പോൾ കൂടുതൽ നിരാശനായി കാണപ്പെട്ട താരം ബോളിങ്ങി‍ൽ ശൈലി മാറ്റത്തിനു ശ്രമിച്ചില്ല. സ്വീപ് ഷോട്ടുകൾ, റിവേഴ്സ് ഹിറ്റുകൾ എന്നിങ്ങനെ ചാഹലിനെതിരെ ക്ലാസൻ എല്ലാ ബാറ്റിങ് മുറകളും അനായാസം പ്രയോഗിച്ചു. ചാഹലെറിഞ്ഞ 12 പന്തുകളിൽനിന്നു ക്ലാസൻ നേടിയതു 41 റൺസ്, അഞ്ചു സിക്സറുകൾ. ചാഹലെറിഞ്ഞ 13–ാം ഓവറിൽനിന്നു മാത്രം നേടിയത് 23 റൺസ്.

ജയിക്കാൻ അതുവരെ ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആ ഓവറിനുശേഷം ഓവറിൽ എട്ടു റൺസ് മതിയെന്നായി. ആദ്യ രണ്ടോവറിൽത്തന്നെ കണക്കിലധികം റൺസ് വഴങ്ങിയ താരത്തെ വീണ്ടും പന്തെറിയാനെത്തിച്ച ക്യാപ്റ്റൻ കോഹ്‍ലിയുടെ തന്ത്രങ്ങളും ഇന്ത്യയ്ക്കു തിരിച്ചടിയായി. പാർടൈം ബോളറായി സുരേഷ് റെയ്നയെ ഉപയോഗിക്കുന്നതിനും നായകൻ മടിച്ചു.

പരമ്പരയിലൊരിക്കൽകൂടി നിരാശപ്പെടുത്തിയ രോഹിത് ശർമ ട്വന്റി20യിൽ കൂടുതൽ തവണ പൂജ്യത്തിനു പുറത്താകുന്ന ഇന്ത്യക്കാരൻ (4) എന്ന റെക്കോർഡുമായാണു തിരിച്ചുകയറിയത്. മധ്യനിരയിൽ അർധ സെഞ്ചുറിയുമായി തിളങ്ങിയ മനീഷ് പാണ്ഡെയുടെയും മഹേന്ദ്രസിങ് ധോണിയുടെയും പ്രകടനം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. 

ക്ലാസൻ – ചാഹൽ

12 പന്തുകൾ 

41 റൺസ് 

സ്ട്രൈക്ക് റേറ്റ്: 341.66 

സിക്സറുകൾ: 5