അതെ, 20 ശതമാനം കൂടി വേണം; കോഹ്‌ലിക്ക് അതറിയാം, ശരിക്കും!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി20 കിരീടംകൂടി ചൂടി കപ്പു വാങ്ങാന്‍ നേരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞതിങ്ങനെ  - ‘ഞങ്ങള്‍ നന്നായി കളിച്ചു. മനോഹരമായൊരു പരമ്പരയുടെ മധുരതരമായ സമാപനം. പക്ഷേ ഇപ്പോഴും 80 ശതമാനമായതേയുള്ളൂ. ലോകചാംപ്യന്‍മാര്‍ എന്നു വിളിക്കണമെങ്കില്‍ 100 ശതമാനവും മികച്ചവരാകണം. വരാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ അത് 100ല്‍ എത്തിക്കണം’.

തന്റെ ടീമിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് വിരാടിന്. പറഞ്ഞതു മുഴുവന്‍ ശരിയാണ്. ദക്ഷിണാഫ്രിക്ക ‘പൂര്‍ണ ആരോഗ്യ’ത്തോടെയാണ് ഏകദിന, ട്വന്റി20 പരമ്പരകൾക്ക് ഇറങ്ങിയിരുന്നതെങ്കിൽ ഒരുപക്ഷേ ഫലം വ്യത്യസ്തമായേനെ. ചരിത്ര നേട്ടം സ്വന്തമാക്കിയെന്ന വസ്തുത അംഗീകരിക്കേണ്ടതു തന്നെ. എങ്കിലും ദുർബലമായ ഒരുപിടി മേഖലകള്‍ തുറന്നുകാട്ടിയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ‘കോഹ്‌ലി ഷോ’യാണ് ഇന്ത്യയെ രക്ഷിച്ചത്. ഈ ഷോയുടെ പ്രഭാവത്തില്‍ ജയിച്ചു കയറിയതിനാല്‍ പരാജയപ്പെട്ട കണ്ണികള്‍ ചര്‍ച്ചയായില്ലെന്നു മാത്രം. 286 റണ്‍സുമായി ടെസ്റ്റിലും 558 റണ്‍സുമായി ഏകദിനത്തിലും കോഹ്‍ലി തന്നെയായിരുന്നു ടോപ് സ്‌കോറര്‍.

ടെസ്റ്റില്‍ കോഹ്‌ലിയെക്കൂടാതെ ഒരൊറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാനും മുപ്പതിനു മുകളില്‍ ശരാശരി ഇല്ല. ഏകദിനത്തിലും പ്രശ്‌നങ്ങള്‍ക്കു കുറവില്ല. ആദ്യ മല്‍സരങ്ങളില്‍ കൈക്കുഴ സ്പിന്നര്‍മാരാണ് രക്ഷയ്‌ക്കെത്തിയത്. ബാറ്റിങ്ങില്‍ കോഹ്‌ലി, ധവാന് എന്നിവരും ഒരു മല്‍സരത്തില്‍ രോഹിത് ശര്‍മയുമാണ് റണ്‍സടിക്കുന്ന ജോലിയേറ്റെടുത്തത്.

ആദ്യം ഒന്നു പിടിച്ചു നിന്ന്, മധ്യനിരയില്‍ ഒന്നു സെറ്റായി, അവസാനത്തേക്ക് ആഞ്ഞടിക്കുന്ന രീതിയുടെ വിപരീതമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടാക്കിയെടുത്ത റണ്‍റേറ്റ് അവസാനത്തേക്ക് കളഞ്ഞു കുളിക്കുന്ന രീതിയായിരുന്നു ടൂര്‍ണമെന്റ് മുഴുവന്‍. ഓള്‍റൗണ്ടര്‍ എന്നു കൊട്ടിഘോഷിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ആകെ നേടിയത് 26 റണ്‍സാണ്. രഹാനെയും മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരുമെല്ലാം കിട്ടിയ അവസരങ്ങള്‍ കാര്യമായി മുതലാക്കിയുമില്ല. എം.എസ്. ധോണി ഇനിയും എല്ലാ കളിയിലും അവസാന ഓവറുകളില്‍ സിക്‌സറുകള്‍ പറത്തുമെന്നു പ്രതീക്ഷിച്ചുകൂടാ. ഈ തുറന്നു കിടക്കുന്ന മധ്യനിരയിലേക്ക് സുരേഷ് റെയ്‌നയെപ്പോലുള്ള തഴക്കം ചെന്ന താരങ്ങൾ തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്ക് റെയ്‌നയ്ക്ക് അവസരം നല്‍കിയത് ഇതുകൂടി കണ്ടുകൊണ്ടാകാം.

ബുംമ്രയും ഭുവനേശ്വര്‍ കുമാറും ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ നന്നായി എറിഞ്ഞെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇവര്‍ മാറിയാല്‍ സ്ഥിതി കഷ്ടമാണ്. ഒരാളുടെ ദിവസം മോശമായാല്‍ താങ്ങി നിര്‍ത്താന്‍ മറുവശത്ത് ആരുമില്ല. ഷാര്‍ദുല്‍ താക്കൂര്‍ അവസാന ഏകദിനത്തില്‍ നാലു വിക്കറ്റ് നേടിയെങ്കിലും അടിവാങ്ങുന്നതിനു കണക്കില്ല. ജയദേവ് ഉനദ്കദ് ഐപിഎല്ലിന്റെ രോമാഞ്ചം തന്നെ. എന്നാല്‍ തുടരെ സെന്റര്‍ പിച്ച് പന്തുകൾ എറിഞ്ഞ്

ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരുടെയും ഇഷ്ടക്കാരനാകുകയായിരുന്നു അദ്ദേഹം. വിക്കറ്റെടുക്കുന്നുണ്ടെങ്കിലും തീരെ സ്ഥിരത പുലര്‍ത്താത്ത ഹാര്‍ദിക് പാണ്ഡ്യയും വിശ്വസിച്ച് പന്തേല്‍പിക്കാവുന്നവരുടെ ഗണത്തില്‍ വരില്ല. ഡുപ്ലെസിയും ഡിവില്ലിയേഴ്‌സും ഡികോക്കും ദക്ഷിണാഫ്രിക്കയ്ക്കായി മുഴുവന്‍ മല്‍സരങ്ങളും കളിച്ചിരുന്നെങ്കില്‍ കോഹ്‍ലിയുടെ പിള്ളേര്‍ ശരിക്കും വെള്ളം കുടിച്ചേനെ. രണ്ടാംനിര ടീമിനെ വിട്ട് ട്വന്റി20 പരമ്പരയില്‍ വിയര്‍പ്പിക്കാൻ അവർക്കു സാധിച്ചു എന്നതും മറന്നുകൂടാ.

അടുത്ത വര്‍ഷത്തെ ലോകകപ്പ് ആകുമ്പോഴേക്കും ഓരോ പൊസിഷനിലും ആരൊക്കെ എന്ന കാര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്താന്‍ കോഹ്‍ലിക്കു കഴിയണം. ഇപ്പോള്‍ നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ പലരും വന്നും പോയുമിരിക്കുകയാണ്. ഭുവിക്കും ബുംമ്രയ്ക്കും പറ്റിയ പേസ് പങ്കാളികളെയും ഒരുക്കി നിര്‍ത്തണം. കോഹ്‍ലി പറയുന്ന 80 ശതമാനത്തില്‍ 50 ഉം കോഹ്‍ലിയുടേതു തന്നെയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നതും നന്നാകും.