ധവാന്റെ ഇന്നിങ്സ് പാഴായി; ലങ്കയ്ക്ക് വിജയം കുശാൽ !

ധവാൻ ബാറ്റിങ്ങിനിടെ

കൊളംബോ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആതിഥേയരായ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഒൻപതു പന്തു ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 66 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഇതോടെ 49 പന്തിൽ 90 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്സ് പാഴായി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമമനുവദിച്ച് യുവതാരങ്ങളുമായാണ് ഇന്ത്യ ഇവിടെ ത്രിരാഷ്ട്ര പരമ്പരയ്ക്ക് എത്തിയത്. ഇന്ത്യയ്ക്കായി തമിഴ്നാട് താരം വിജയ് ശങ്കർ ഈ മൽസരത്തിലൂടെ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചു. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുെട അടുത്ത മൽസരം.

175 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർ 12ൽ നിൽക്കെ ഓപ്പണർ കുശാൽ മെന്‍ഡിസിനെ നഷ്ടമായി. ആറു പന്തിൽ രണ്ടു ബൗണ്ടറികളോടെ 11 റൺസെടുത്ത മെൻഡിസിനെ വാഷിങ്ടൻ സുന്ദറാണ് പുറത്താക്കിയത്. മെൻഡിസിനു പകരക്കാരനായി ക്രീസിലെത്തിയ കുശാൽ പെരേര ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചതോടെ കളി മാറി. ശാർദുൽ താക്കൂർ എറിഞ്ഞ മൂന്നാം ഓവറിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത പെരേര ഇന്ത്യയെ പതുക്കെ ചിത്രത്തിൽനിന്ന് മായിച്ചുകളഞ്ഞു.

12 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 19 റൺസുമായി ഗുണതിലക മടങ്ങിയെങ്കിലും പെരേര ആക്രമണം തുടർന്നു. ഒടുവിൽ 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 66 റൺസെടുത്ത പെരേരയെ വാഷിങ്ടൻ സുന്ദറിന്റെ പന്തിൽ ദിനേഷ് കാർത്തിക് സ്റ്റംപു ചെയ്തു പുറത്താക്കിയെങ്കിലും അപ്പോഴേക്കും ശ്രീലങ്ക സുരക്ഷിതമായ സ്കോറിൽ എത്തിയിരുന്നു. ദിനേഷ് ചണ്ഡിമൽ (11 പന്തിൽ 14), ഉപുൽ തരംഗ (18 പന്തിൽ 17), എന്നിവർ ഇടയ്ക്കു പുറത്തായെങ്കിലും ഷാനക (18 പന്തിൽ 15), തിസാര പെരേര (10 പന്തിൽ 22) എന്നിവർ ചേർന്ന് ലങ്കയെ വിജയതീരമണച്ചു. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തകർത്തടിച്ച് ധവാൻ (മാത്രം)

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. കന്നി ട്വന്റി20 സെഞ്ചുറിക്ക് 10 റൺസകലെ പുറത്തായെങ്കിലും തന്റെ ഉയർന്ന സ്കോർ കണ്ടെത്തിയ ഓപ്പണർ ശിഖർ ധവാന്റെ പ്രകടനമാണ് ഇന്ത്യൻ‌ ഇന്നിങ്സിന്റെ ഹൈലൈറ്റ്. ഒൻപതു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പം ധവാൻ കൂട്ടിച്ചേർത്ത 95 റൺസാണ് രക്ഷിച്ചത്. ക്യാപ്റ്റൻ‌ രോഹിത് ശർമ നേരിട്ട നാലാം പന്തിൽ സംപൂജ്യനായും സുരേഷ് റെയ്ന മൂന്നാം പന്തിൽ ഒരു റണ്ണോടെയും പുറത്തായ ശേഷമായിരുന്നു ഇരുവരുടെയും രക്ഷാപ്രവർത്തനം. പാണ്ഡെ 35 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 37 റൺസെടുത്തു. 49 പന്തുകൾ നേരിട്ട ധവാനാകട്ടെ ആറു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് 90 റൺസെടുത്തത്.

മനീഷ് പാണ്ഡെയെ ജീവൻ മെൻഡിസ് പുറത്താക്കിയശേഷമെത്തിയ റിഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ധവാനൊപ്പം സ്കോർ 170 കടത്തിയത്. പതിവു ഫോമിലേക്കുയരാൻ സാധിച്ചില്ലെങ്കിലും 23 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 23 റൺസെടുത്ത പന്ത്, ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായി. ദിനേഷ് കാർത്തിക് ആറു പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ 13 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ചമീര രണ്ടും ഫെർണാണ്ടോ, ഗുണതിലക, ജീവൻ മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

വിജയ് ശങ്കറിന് അരങ്ങേറ്റം

ബംഗ്ലദേശ് കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചു.

രോഹിത് ശർമ, വിജയ് ശങ്കർ എന്നിവർക്കു പുറമെ ശിഖർ ധവാൻ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത്, വാഷിങ്ടൻ സുന്ദർ, ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്ഘട്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരായിരുന്നു ഇന്ത്യൻ നിരയിൽ. അതേസമയം, ഏഴു ബാറ്റ്സ്മാൻമാരും നാലു ബോളർമാരുമായിട്ടായിരുന്നു ശ്രീലങ്കുടെ പടയൊരുക്കം.