ത്രിരാഷ്ട്ര ട്വന്റി20യിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം; ലങ്കയെ ആറു വിക്കറ്റിന് തകർത്തു

ശ്രീലങ്കയ്ക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. (ട്വിറ്റർ ചിത്രം)

കൊളംബോ ∙ ത്രിരാഷ്ട്ര ട്വന്റി20യിലെ ആദ്യ മൽസരത്തിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടി. ശാർദൂൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ ശ്രീലങ്കയെ പിടിച്ചു കെട്ടിയ ഇന്ത്യയ്ക്ക് മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിന്റെ ജയം. കുശാൽ മെൻഡിസിന്റെ അർധസെഞ്ചുറിയുടെ (55) അരികുപറ്റി കുശാലായി വലിയ സ്കോറിലേക്കു പന്തടിച്ചു പറക്കാമായിരുന്ന ലങ്കയെ ഠാക്കൂറിന്റെ മികവിലാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങിൽ ഓപ്പണർമാരെ പെട്ടെന്നു നഷ്ടമായെങ്കിലും മനീഷ് പാണ്ഡെയും (42*) ദിനേഷ് കാർത്തികും (39) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

മഴമൂലം ഒരു ഓവർ കുറച്ച കളിയിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 19 ഓവറിൽ ഒൻപതിന് 152 റൺസാണ് കുറിച്ചത്. 38 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സറുകളും നേടിയ മെൻഡിസ് വീണതോടെ ലങ്കയും വീണു. കരിയറിലെ മികച്ച പ്രകടനവുമായി 27 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഠാക്കൂറും 21 റൺസിനു രണ്ടു വിക്കറ്റ് വീഴ്ത്തിയ യുവ ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദറും ചേർന്ന് ലങ്കയെ ഒരറ്റത്തുനിന്ന് അരിഞ്ഞുവീഴ്ത്തി. വിജയ് ശങ്കർ, ചാഹൽ, ഉനദ്കട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഒന്നരമണിക്കൂർ വൈകിത്തുടങ്ങിയ കളിയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നെയും മഴ പെയ്തേക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. എന്നാൽ, ആദ്യ രണ്ട് ഓവറിൽ 24 റൺസ് നേടി ലങ്ക, രോഹിതിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. ഉനദ്കട് ആദ്യ ഓവറിൽ വഴങ്ങിയത് 15 റൺസാണ്. മൂന്നാം വിക്കറ്റിൽ ഉപുൽ തരംഗയ്ക്കൊപ്പം (22) 62 റൺസ് കൂട്ടിച്ചേർത്ത കുശാൽ മെൻഡിസ് 10 ഓവറിൽ ലങ്കയെ രണ്ടിനു 94 എന്ന ഭേദപ്പെട്ട അവസ്ഥയിലെത്തിച്ചു.

എന്നാൽ, മെൻഡിസ് പുറത്തായതോടെ ലങ്കയുടെ താളവും തെറ്റി. ജയത്തിലേക്കു കണ്ണു നട്ടിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങിൽ തുടക്കം പിഴച്ചു. നാലാം ഓവറായപ്പോഴേക്കും രോഹിത് ശർമയും (11) ശിഖർ ധവാനും (എട്ട്) പവിലിയനിൽ മടങ്ങിയെത്തി. കെ.എൽ രാഹുലും (18) സുരഷ് റെയ്നയും (27) ചേർന്നാണ് പിന്നീട് ഇന്നിങ്സിന് ഭദ്രത നൽകിയത്. പാണ്ഡെയും കാർത്തികും ചേർന്ന് വിജയപൂർണത നൽകുകയും ചെയ്തു.