സ്വകാര്യ കമ്പനി നാലുകോടി തട്ടിയെടുത്തു; പരാതിയുമായി രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡ്

ബെംഗളൂരു∙ സാമ്പത്തിക തട്ടിപ്പില്‍ ബെംഗളൂരു കമ്പനിക്കെതിരെ പരാതി നല്‍കി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. വിക്രം ഇൻവെസ്റ്റ്മെന്റ് എന്ന നിക്ഷേപ കമ്പനിക്കെതിരെയാണ് ദ്രാവിഡ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ നാലു കോടി രൂപയാണു കമ്പനി തട്ടിയെടുത്തതെന്ന് ഇന്ദിരനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ദ്രാവിഡ് പറയുന്നു.

ഉയർന്ന ലാഭ പ്രതീക്ഷയോടെ 20 കോടി രൂപയാണ് ഈ പോൻസി കമ്പനിക്കായി ദ്രാവിഡ് നിക്ഷേപിച്ചത്. എന്നാൽ 16 കോടി മാത്രമാണ് തിരിച്ചുകിട്ടിയത്. ബാക്കി നാലു കോടി രൂപ കമ്പനി തിരികെ തന്നില്ലെന്നും പൊലീസിനു നൽകിയ പരാതിയിൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി. പരാതി പിന്നീട് ബാണശങ്കരി പൊലീസിനു കൈമാറി. 500 കോടിയോളം രൂപയുടെ തട്ടിപ്പാണ് കമ്പനിക്കെതിരെയുള്ളത്.

എണ്ണൂറോളം പേരിൽനിന്നു പണം തട്ടിച്ചതിനു കമ്പനി ഉടമയായ രാഘവേന്ദ്ര ശ്രീനാഥ്, ഏജന്റുമാരായ സുത്രാം സുരേഷ്, നരസിംഹമൂര്‍ത്തി, കെ.സി. നാഗരാജ്, പ്രഹ്‍ളാദ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവിലെ സ്പോർട്സ് മാധ്യമ പ്രവർത്തകനായ സുരേഷാണ് കായിക താരങ്ങളെ കമ്പനിയിലെത്തിച്ചതെന്നാണു വിവരം. ദ്രാവിഡിനു പുറമെ ബാഡ്മിന്റൻ താരങ്ങളായ സൈന നെഹ്‍വാൾ, പ്രകാശ് പദുകോണ്‍ എന്നിവരും പോൻസി കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

പിടിയിലായവരെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങൾ പൊലീസിനു കൈമാറിയെന്നാണു അറിയുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. നിക്ഷേപിച്ചതിന്റെ 40 ശതമാനത്തിലധികം ലാഭമായി സ്വന്തമാക്കാമെന്ന വാഗ്ദാനമാണ് വന്‍ തുകകള്‍ നിക്ഷേപിക്കാൻ പ്രേരണയാകുന്നത്.