അയർലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാനും ഏകദിന ലോകകപ്പിന്

അയർലൻഡ് X അഫ്ഗാനിസ്ഥാൻ മൽസരത്തിൽനിന്ന്

ഹരാരെ∙ അയർലൻഡിനെ അഞ്ചു വിക്കറ്റിനു തകർത്ത് അഫ്ഗാനിസ്ഥാൻ 2019 ഏകദിന ലോകകപ്പിനു യോഗ്യത നേടി. ഹരാരെയിൽ നടന്ന നിർണായക ലോകകപ്പ് യോഗ്യതാ മൽസരത്തിലാണ് അയർലൻഡിനെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ലോകകപ്പിനു ടിക്കറ്റെടുത്തത്. അയർലൻഡ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. വെസ്റ്റ് ഇൻഡീസിനുശേഷം യോഗ്യതാ റൗണ്ടിൽനിന്ന് ലോകകപ്പിനു യോഗ്യത നേടുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ. 2019ൽ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുക.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ഓപ്പണർ സ്റ്റെർലിങ്ങിന്റെ പ്രകടനമാണ് അയർലൻഡ് സ്കോർ 200 കടത്തിയത്. 87 പന്തുകൾ നേരിട്ട സ്റ്റെർലിങ് മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 55 റൺസെടുത്തു. നീൽ ഒബ്രീൻ (36), കെവിൻ ഒബ്രീൻ (41) എന്നിവരും അയർലൻഡിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഫ്ഗാനായി ക്യാപ്റ്റൻ റാഷിദ് ഖാൻ മൂന്നും ദാവ്‌ലത്ത് സദ്രാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

210 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാനിസ്ഥാന് ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദും ഗുൽബാദിൻ നയിബും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 16.3 ഓവറിൽ ഇരുവരും 86 റൺസ് കൂട്ടിച്ചേർത്തു. ഷഹ്സാദ് 50 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 54 റൺസെടുത്തും ഗുൽബാദിൻ 91 പന്തിൽ മൂന്നു ബൗണ്ടറികളോടെ 45 റൺസെടുത്തും പുറത്തായി. ഇരുവരും പുറത്തായതിനു പിന്നാലെ റഹ്മത്ത് ഷാ (12), സമീയുല്ല ഷെൻവാരി (27), മുഹമ്മദ് നബി (12) പെട്ടെന്നു മടങ്ങിയെങ്കിലും ക്യാപ്റ്റൻ അസ്ഗർ സ്റ്റാനിക്സായ് (29 പന്തിൽ പുറത്താകാതെ 39), നജീബുല്ല സദ്രാൻ (15 പന്തിൽ 17) എന്നിവർ ചേർന്ന് അഫ്ഗാനെ വിജയത്തിലെത്തിച്ചു.