ഒാ, സ്മിത്ത് ! ഓസ്ട്രേലിയ വിലപിക്കുന്നു

വാർത്തയുമായി ഇറങ്ങിയ ഓസ്ട്രേലിയൻ പത്രങ്ങൾ.

സിഡ്നി ∙ ഓസ്ട്രേലിയയുടെ ദേശീയ കായിക ഇനമാണു ക്രിക്കറ്റ്. രാജ്യത്ത് ക്രിക്കറ്റിന്റെ പ്രചാരം കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിക്കു ശേഷമുള്ള രണ്ടാമത്തെ പ്രശസ്തമായ പദവിയാണത്. ഈ പദവിക്കും പേരിനുമാണ് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും സംഘവും കളങ്കം ചാർത്തിയത്. പന്തിൽ കൃത്രിമം കാണിച്ചുവെന്ന ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ കുറ്റസമ്മതം രാജ്യം അവിശ്വസനീയതോടെയാണു വീക്ഷിച്ചത്. ഇരുനൂറുവർഷം പിന്നിട്ട ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ചരിത്രത്തിനും ബ്രാഡ്മാൻ മുതൽ ബോർഡർ വരെ നീണ്ട മഹാരഥൻമാർ വിയർപ്പൊഴുക്കി വലുതാക്കിയ വിജയചരിത്രത്തിനും മേലാണു സ്മിത്തും കൂട്ടരും കരിവാരിത്തേച്ചത്.

മാന്യൻമാരുടെ കളിയെന്നറിയപ്പെടുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു ദേശീയ ഐക്യത്തിന്റെ പ്രതീകമാണ്. ബ്രിട്ടിഷുകാർ പഠിപ്പിച്ച കളി പോരടിച്ചുനിന്ന വിവിധ സംസ്ഥാനങ്ങളിൽ ദേശസ്നേഹത്തിന്റെ നൂലിഴകൾ പാകിയെടുത്തുവെന്നാണു ചരിത്രം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ഓസ്ട്രേലിയ എന്ന ഫെഡറേഷനിൽ ചേരാൻ വിമുഖത കാണിച്ചു നിൽക്കുമ്പോഴാണ് ഡേവ് ഗ്രിഗറി 1877ൽ രാജ്യത്തിന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. പിന്നെയും 24 വർഷത്തിനു ശേഷമാണ് എഡ്മണ്ട് ബാർട്ടൻ ഓസ്ട്രേലിയയുടെ ആദ്യ പ്രധാനമന്ത്രിയാകുന്നത്. ക്രിക്കറ്റ് ഫസ്റ്റ് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ ?

ഡോൺ ബ്രാഡ്മാൻ എന്ന പേര് കമ്പനികളുടെയോ കോർപറേഷന്റെയോ പേരിനൊപ്പം ഉപയോഗിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണമെന്ന നിയമവ്യവസ്ഥയുള്ള രാജ്യമാണ് ഓസ്ട്രേലിയ. ആ ബഹുമതി രാജ്യത്ത് പിന്നെയുള്ളത് കത്തോലിക്കാ സഭയിലെ വിശുദ്ധപദവിലെത്തിയ മേരിമക്കിലോപ്പിനു മാത്രമാണ്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ പച്ചത്തൊപ്പി അണിയുക എന്നത് അഭിമാനകരമായ മുഹൂർത്തമായാണ് ഓരോ താരവും കരുതുന്നത്. ഇതുവരെ 450 പേർക്ക് മാത്രമാണ് ഈ അപൂർവഭാഗ്യം ഉണ്ടായത്. ആ തൊപ്പികളാണ് വിവാദത്തിന്റെ കാറ്റിൽ പറന്നുപോയത്.

ക്രിക്കറ്റിന്റെ വിശ്വാസ്യതയെ നശിപ്പിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ചാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പുറത്തിറങ്ങിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് നേതൃത്വം കളങ്കിതരാണെന്നും മാധ്യമങ്ങൾ ആരോപിച്ചു. മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ അറ്റകൈ പ്രയോഗം നടത്തിയതാണെന്ന ഓസിസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബോളർ കാമൺ ബാൻക്രോഫ്റ്റ് എന്നിവരുടെ കുറ്റസമ്മതത്തെ കടുത്ത വിമർശനത്തോടെയാണു മാധ്യമങ്ങൾ സ്വീകരിച്ചത്.

സ്മിത്ത് അപമാനം – എന്നാണ് ഓസ്ട്രേലിയയിലെ പ്രമുഖ പത്രങ്ങളെല്ലാം തലക്കെട്ടിട്ടത്. ഹെൽമെറ്റ് മുതൽ ബൂട്ട് വരെ ചതിയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ജയിംസ് സതർലാൻഡ് സ്ഥാനമൊഴിയണമെന്നും പത്രം ആവശ്യപ്പെട്ടു. രണ്ടു ദശകമായി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ജയിംസ് ക്രിക്കറ്റിനെ ജീർണിപ്പിച്ചുവെന്നും പത്രം വിമർശിച്ചു. സ്മിത്തിന്റെ തീരുമാനം ക്ഷണികമായിരുന്നില്ലെന്നും പിന്നിൽ ആസൂത്രണമുണ്ടെന്നും സിഡ്നി ഡെയ്‌ലി ടെലിഗ്രാഫ് ചൂണ്ടിക്കാട്ടി. 

വാർണറുടെ കാര്യത്തിൽ തീരുമാനം പിന്നീട്

ഹൈദരാബാദ് ∙ ഐപിഎല്ലിൽ ഡേവിഡ് വാർണർ സൺറൈസേഴ്സിൽ കളിക്കുമോയെന്നത് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് ടീം മെന്റർ വി.വി.എസ്.ലക്ഷ്മൺ. പന്തിൽ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം വാർണർ രാജിവച്ചിരുന്നു. വാർണർക്കെതിരെ നടപടിയെടുത്താൽ പകരം ആര് എന്ന ചോദ്യത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ടീം തീരുമാനമെന്നു ലക്ഷ്മൺ പറഞ്ഞു.