കേരള എക്സ്പ്രസ് സീസൺ 2: ‌ശ്രേയസും വിവേകും ഹരികൃഷ്ണനും ജേതാക്കൾ

‘കേരള എക്സ്പ്രസ് സീസൺ 2 ടാലന്റ് ഹണ്ടിലെ വിജയികളായ കെ.വി. ശ്രേയസ്, കെ.എസ്. വിവേക്, ഹരികൃഷ്ണൻ എന്നിവർ ഹീറോ മോട്ടോർ കോർപ് സീനിയർ ടെറിട്ടറി മാനേജർ ശ്രീരാജ് ശശിധരൻ, കേരള ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട്മോർ, എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ ചീഫ് കോച്ച് എം. സെന്തിൽ നാഥൻ , മലബാർ സിമന്റ്സ് മാനേജിംഗ് ഡയരക്ടർ വി.ബി. രാമചന്ദ്രൻ നായർ, കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യ പരിശീലകൻ ശശിധരൻ പണിക്കർ, മുൻ രഞ്ജി ക്രിക്കറ്റ് താരം കെ.എ. സുനിൽ, റേഡിയോ മാംഗോ പ്രോഗ്രാം ഡയരക്ടർ രവി നായർ എന്നിവർക്കൊപ്പം

കൊച്ചി ∙ സംസ്ഥാനത്തെ മികച്ച ഫാസ്റ്റ് ബോളർമാരെ കണ്ടെത്താനായി റേഡിയോ മാംഗോ നടത്തിയ ‘കേരള എക്സ്പ്രസ് സീസൺ 2 ടാലന്റ് ഹണ്ട്’ സമാപിച്ചു. കൊയിലാണ്ടി സ്വദേശി കെ.വി.ശ്രേയസ്, തൃശൂർ കൊടകര സ്വദേശി കെ.എസ്.വിവേക്, കളമശേരി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണു ജേതാക്കളായത്. മൂന്നുപേർക്കും എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനത്തിന് അവസരം ലഭിക്കും. ഹീറോ മാസ്റ്റ്റോ എഡ്ജ് സ്കൂട്ടറും സമ്മാനമായി നൽകി. 

കേരള ക്രിക്കറ്റ് അസോസിയേഷനും എംആർഎഫ് ഫൗണ്ടേഷനും സഹകരിച്ചാണു റേഡിയോ മാംഗോ കേരള എക്സ്പ്രസ് ടാലന്റ് ഹണ്ട് സീസൺ 2 സംഘടിപ്പിച്ചത്. കേരളത്തിലെ 60 കോളജുകളിലായി നടത്തിയ പ്രാഥമികഘട്ട തിരഞ്ഞെടുപ്പിൽനിന്നു 45 പേർ അവസാനഘട്ടത്തിലെത്തി. കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽസിൽ കേരള ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട്മോറും എംആർഎഫ് പേസ് ഫൗണ്ടേഷൻ ചീഫ് കോച്ച് എം.സെന്തിൽ നാഥനും ചേർന്നാണു ജേതാക്കളെ നിശ്ചയിച്ചത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 

കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യ പരിശീലകൻ ശശിധരൻ പണിക്കർ, മുൻ കേരള രഞ്ജി ക്രിക്കറ്റ് താരം കെ.എ.സുനിൽ, ഹീറോ മോട്ടോർ കോർപ് സീനിയർ ടെറിട്ടറി മാനേജർ ശ്രീരാജ് ശശിധരൻ, മലബാർ സിമന്റ്സ് മാനേജിങ് ഡയറക്ടർ വി.ബി.രാമചന്ദ്രൻ നായർ, റേഡിയോ മാംഗോ പ്രോഗ്രാം ഡയറക്ടർ രവി നായർ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.