പിറന്നാള്‍ ദിനത്തിൽ സച്ചിനെ ട്രോളുന്നോ?; ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ആരാധകരുടെ പൊങ്കാല

സച്ചിൻ തെൻഡുൽക്കർ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാഗ്യദിനങ്ങളിലൊന്നാണ് ഏപ്രിൽ 24. എന്തെന്നാല്‍ അന്നാണ് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ പിറന്നാൾ ദിനം. അതായത് ഇന്ന്. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകരും താരങ്ങളും സച്ചിനെ ആശംസകള്‍ കൊണ്ടു മൂടുകയാണ്.

ഇതേദിവസം തന്നെ പിറന്നാൾ ആഘോഷിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരമാണ് ഓസ്ട്രേലിയയുടെ മുൻ ഫാസ്റ്റ് ബോളറായ ഡാമിയൻ ഫ്ലെമിങ്. ഫ്ലെമിങ്ങിനു പിറന്നാൾ ആശംസിക്കവെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒഫീഷ്യൽ വെബ്സൈറ്റായ ക്രിക്കറ്റ് ഡോട് കോം ഒരു കുസൃതി കാട്ടി. പണ്ടെങ്ങാണ്ട് ഫ്ലെമിങ് സച്ചിനെ ബൗൾ‍‍ഡാക്കുന്ന ഒരു വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഒപ്പം ഹാപ്പി ബർത്ത്ഡേ ഫ്ലെമിങ് എന്നു കുറിപ്പും. സച്ചിനെ അപമാനിക്കുന്ന രീതിയിലുള്ള ഇങ്ങനെയൊരു കുറിപ്പു കണ്ടാൽ ആരാധകർ വെറുതെ വിടുമോ. പിന്നാലെ വന്നു ചറപറാ വിമർശനങ്ങൾ.

2000ൽ പെർത്തിൽ നടന്ന കാള്‍ട്ടൺ ആൻഡ് യുണൈറ്റഡ് സീരീസിലായിരുന്നു ഫ്ലെമിങ് സച്ചിനെ ബൗൾഡാക്കി കൂടാരം കയറ്റിയത്. ഓസ്ട്രേലിയക്കെതിരെയും ഫ്ലെമിങ്ങിനെതിരെയും സച്ചിൻ നേടിയ ബൗണ്ടറികളെടുത്താണു ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകർ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു മറുപടി നൽകിയത്. ഓസ്ട്രേലിയക്കാർക്കു എത്ര വിലക്കു കിട്ടിയാലും നന്നാവില്ലെന്നുവരെ സച്ചിന്റെ പോരാളികൾ തുറന്നടിച്ചു. 

ക്രിക്കറ്റിൽ ടെസ്റ്റിലും ഏകദിനത്തിലും ഫ്ലെമിങ് ഏഴു തവണയാണു സച്ചിനെ പുറത്താക്കിയിട്ടുള്ളത്. സച്ചിന് ഇന്ന് 45, ഫ്ലെമിങ്ങിന് 48 വയസ് തികഞ്ഞു. ഐപിഎല്ലിന്റെ ഭാഗമായി ഫ്ലെമിങ് ഇപ്പോൾ ഇന്ത്യയിലാണുള്ളത്. 1973 ഏപ്രിൽ 24നാണ് സച്ചിൻ ജനിച്ചത്.