ഇന്ത്യ–ലങ്ക ഗോൾ ടെസ്റ്റിൽ പിച്ചിൽ കൃത്രിമം കാട്ടിയെന്ന്; ഐസിസി അന്വേഷണം

ന്യൂഡൽഹി∙ ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം. കഴിഞ്ഞ വർഷം ജൂലൈ 26–29നു ശ്രീലങ്കയിലെ ഗോളിൽ നടന്ന ഇന്ത്യ–ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ വാതുവയ്പുകാരുടെ താൽപര്യമനുസരിച്ചു പിച്ച് തയാറാക്കിയെന്നാണ് ആരോപണം. മുംബൈയിൽനിന്നുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും വാതുവയ്പുകാരനുമായ റോബിൻ മോറിസ് ഇക്കാര്യം സമ്മതിച്ചതായി ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ടു ചെയ്തതിനെത്തുടർന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അന്വേഷണം ആരംഭിച്ചു.

ബാറ്റ്സ്മാൻമാർക്ക് അനുകൂലമായി തയാറാക്കിയ പിച്ചിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ധവാൻ (190), പൂജാര (153) എന്നിവരുടെ സെഞ്ചുറികളോടെ 600 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ കോഹ്‍ലിയുടെ സെഞ്ചുറിക്കരുത്തിൽ മൂന്നിന് 243ഉം. ശ്രീലങ്ക 291നും 245നും പുറത്തായി. ഇന്ത്യയ്ക്കു 304 റൺസ് ജയം. 

കഴിഞ്ഞവർഷം പുണെയിൽ ഇന്ത്യ–ന്യൂസീലൻഡ് ഏകദിന മത്സരം നടന്ന പിച്ചിൽ ‘വേണ്ടതു ചെയ്യാൻ’ ക്യൂറേറ്റർ പാണ്ഡുരംഗ് സാൽഗോക്കർ സമ്മതിച്ചിരുന്നതായി ഒരു ചാനൽ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ആരോപിച്ചിരുന്നു. ഐസിസിയുടെ അഴിമതിനിർമാർജന വിഭാഗം ഇത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എങ്കിലും, കൃത്രിമ നടത്താൻ സമീപിച്ചിരുന്ന വിവരം അറിയിക്കാതിരുന്നതിനു സാൽഗോക്കറെ സസ്പെൻഡ് ചെയ്തിരുന്നു.