കരിയറിന്റെ രണ്ടു കവലകളിൽനിന്ന് ടീം ഇന്ത്യയിലേക്ക് ഒരുമിച്ച്...

കെ.എൽ. രാഹുൽ, അമ്പാട്ടി റായുഡു

ഐപിഎല്ലിലെ കളി മികവിന്റെ പത്രാസിൽ ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയ ആ രണ്ടു താരങ്ങൾ തന്നെയാണ് ഈ ഐപിഎല്ലിലെ ഹീറോകൾ. റൺസു കൊണ്ട് കൊട്ടാരം പണിതതിനൊപ്പം പല വിഷമഘട്ടത്തിലും തങ്ങളുടെ ടീമിനെ ചുമലിലേറ്റേണ്ട കടമകൂടി ഇവർ ഏറ്റെടുത്തു. കെ.എൽ. രാഹുൽ, അമ്പാട്ടി റായുഡു.. കരിയറിന്റെ രണ്ടു കവലകളിൽ നിൽക്കുന്നവർക്ക് ഇത്തവണ ഒരുമിച്ച് ടിക്കറ്റ് കിട്ടി. 

സ്റ്റൈൽ മന്നൻ രാഹുൽ

പ്രതിഭത്തിളക്കവുമായി ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ കെ.എൽ. രാഹുൽ വളരെ പെട്ടന്നാണ് മൂന്നു ഫോർമാറ്റുകളിലും ടീം ബ്ലൂവിന്റെ അവിഭാജ്യ ഘടകമായത്. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി 20 ആയാലും ആ ബാറ്റിൽനിന്നു സെഞ്ചുറികൾ വരുന്നതിൽ പഞ്ഞമുണ്ടായില്ല. ടെസ്റ്റിൽ 199 റൺസിൽ ഔട്ടായപ്പോഴും അടുത്ത ഇന്നിങ്‌സിൽ കാണാമെന്ന മട്ടിൽ കളിച്ചയാൾ.

ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിക്കു പിന്നിൽ നമ്പർ ടു ആയി ഉയരുകയായിരുന്നു നൊടിയിടയിൽ രാഹുൽ. എതിരാളികൾ ആരെന്ന വ്യത്യാസമില്ലാതെ അനായാസമാണ് ആ ബാറ്റ് റൺസിനായി ചലിച്ചത്. കൈ നിറയെ പച്ചകുത്തി, ആഴ്ചയ്ക്കാഴ്ചയ്ക്കു മാറ്റുന്ന ഹെയർസ്റ്റൈലും ഗേൾ ഫ്രൻഡുമായുള്ള കറക്കവുമൊക്കെയായി ഫാഷൻ കാര്യത്തിലും കോഹ്‌ലിക്കൊപ്പം പോരുമായിരുന്നു രാഹുൽ. 

ഏതോ ഘട്ടത്തിൽ കളി രാഹുലിനു രണ്ടാമതായിപ്പോയി. അതോടെ ശ്രദ്ധ കുറഞ്ഞു, ടൈമിങ് പോയി. ക്യാപ്റ്റൻ കോഹ്‌ലി ആകുന്ന പിന്തുണ നൽകി കൂടെ നിർത്തി, പരമാവധി അവസരം നൽകി.പച്ചകുത്തും ഹെയർസ്റ്റൈലും നോക്കിയാണ് കോഹ്‌ലി ടീമിൽ ആളെയെടുക്കുന്നതെന്ന പഴി കേൾക്കേണ്ടിയും വന്നു. പതിയെ കോഹ്‌ലിയുടെ സംരക്ഷണ വലയവും കടന്ന് രാഹുൽ ടീമിനു പുറത്തുപോയി. ഇന്ത്യ അവസാനം കളിച്ച ഏകദിന പരമ്പരകളിലും ട്വന്റി 20 കളിലും ഇടം നേടാനായില്ല.

പലതും തെളിയിക്കാനുണ്ടായിരുന്നു രാഹുലിന് കിങ്‌സ് ഇലവനായി പാഡ് കെട്ടുമ്പോൾ. ആദ്യ മൽസരത്തിൽ തന്നെ 14 പന്തിൽ ഫിഫ്റ്റി അടിച്ച് രാഹുൽ നയം വ്യക്തമാക്കിയ രാഹുലിന്റെ സ്റ്റൈൻ ഷോട്ടുകളുടെ ചാരുത ഒന്നു വേറെ തന്നെ. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ സീസണിലെ 14ാം മൽസരത്തിൽ ഒഴികെ ബാക്കി കളികളിലെല്ലാം 21 റൺസിനു മുകളിലായിരുന്നു രാഹുലിന്റെ സ്‌കോറുകൾ. റൺവേട്ടക്കാരിൽ മുമ്പനായ ഈ കർണാടകക്കാരൻ മിക്കവാറും മൽസരങ്ങളിലും പഞ്ചാബ് ബാറ്റിങ്ങിനെ ഒറ്റയ്ക്ക് നയിച്ചു. രാഹുലിനു പിന്തുണ നൽകാൻ മറുവശത്ത് ആളില്ലാതെ ടീംതോൽക്കുന്നതും കണ്ടു. രാഹുൽ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് കളത്തിൽ തെളിയുന്നത്. ഇനി കൂടുതൽ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ബ്ലൂ അണിയാം. 

‘അമ്പോറ്റി’ റായുഡു 

പലതും തെളിയിക്കാനാണ് രാഹുൽ ഐപിഎല്ലിനിറങ്ങിയതെങ്കിൽ ഇനിയൊന്നും തെളിയിക്കാനില്ലാതെയാണ് അമ്പാട്ടി റായുഡു ചെന്നൈക്കായി ഓപ്പൺ ചെയ്തത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ സച്ചിൻ രണ്ടാമൻ എന്നു പറഞ്ഞുറപ്പിച്ച താരമാണ് റായിഡു. ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റുകൊണ്ട് ഉയർന്ന ഗ്രാഫ് വരച്ചു കാട്ടിയിട്ടും ടീമിലേക്കുള്ള അവസരം മാത്രം തുറന്നില്ല. ചൂടൻ പ്രകൃതം കൂടിയായപ്പോൾ കാര്യങ്ങൾ കുഴപ്പത്തിലായി. രഞ്ജി ട്രോഫിയിൽ പല തവണ ടീം മാറി റായിഡു. അപ്പോളും കളി മോശമായിരുന്നില്ല. ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ വിമത ടി 20 ലീഗായ ഐസിഎല്ലിൽ കളിച്ചതോടെ ബിസിസിഐയുടെ കണ്ണിലെ കരടായി. പിന്നീട് ബിസിസിഐ മാപ്പു നൽകിയതോടെയാണ് 2009 മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായത്. 

പ്രമുഖ കളിക്കാർക്ക് പരുക്കു പറ്റുമ്പോഴാണ് സിലക്ടർമാർ റായുഡുവിനെ ഓർത്തത് 2013ൽ ആണ് ഇന്ത്യൻ ഏകദിന ടീമിലേക്കു കാലെടുത്തു വച്ചത്. ബാറ്റിങ്ങിൽ പല പൊസിഷനിലിട്ട് ഓടിച്ചിട്ടും 34 ഏകദിനങ്ങളിൽനിന്ന് അൻപതിലധികം ശരാശരിയോടെ 1055 റൺസ് നേടി. രണ്ടു സെഞ്ചുറികളും ഉണ്ട്. 50 നു മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഏതെങ്കിലും വേറെ ബാറ്റ്‌സ്മാൻമാർ ടീമിനു പുറത്തുണ്ടോയെന്നു സംശയമാണ്. ആസ്വദിച്ചുള്ള കളിയായിരുന്നു ഐപിഎല്ലിൽ റായുഡുവിന്റേത്. ക്യാപ്റ്റൻ ധോണി ഓപ്പണിങ് സ്ഥാനത്ത് സ്ഥിര നിയമനം നൽകി. എല്ലാ ബാറ്റ്‌സ്മാൻമാരും പരാജയപ്പെടുന്ന മൽസരങ്ങളിൽ പോലും റായുഡു അർധശതകം കണ്ടെത്തി. 

മനോഹരമായി ടൈം ചെയ്യുന്ന ഈ ആന്ധ്രക്കാരൻ സ്‌ട്രോക് പ്ലേയിലൂടെയാണ് റൺസ് മുഴുവൻ കണ്ടെത്തിയത്. റായുഡുവിന് ഒരിക്കൽക്കൂടി അവസരം നൽകാൻ ഇതിലും നല്ല സമയമില്ല. ഏകദിന ലോകകപ്പ് അടുത്ത വർഷമാണ് ആ ടീമിലേക്കു പരിഗണിക്കുമോ അതോ ഇപ്പോൾ ഒരു ചെറിയ ടൂർണമെന്റ് കളിപ്പിച്ചു പറഞ്ഞു വിടുമോയെന്ന് കാത്തിരുന്നു കാണാം.