കോഹ്‍ലിക്ക് ആൻഡേഴ്സൻ വെല്ലുവിളിയാകുമെന്ന് മഗ്രാത്ത്

വിരാട് കോഹ്‍ലി, ഗ്ലെൻ മഗ്രാത്ത്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റ്സ്മാനെന്ന നിലയിൽ ഏറ്റവും ഒടുവിൽ പരാജയപ്പെട്ട ടെസ്റ്റ് പരമ്പര ഏതായിരിക്കും? കൃത്യമായ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും ഏറ്റവും ഒടുവിലായി ഇന്ത്യ ഇംഗ്ലണ്ടിൽ നടത്തിയ പര്യടനം അതിലൊന്നാകുമെന്ന് തീർച്ച. അന്നത്തെ കോ‍ഹ്‍ലിയിൽനിന്ന് ഇന്നത്തെ കോഹ്‍ലിയിലേക്ക് ദൂരം ഏറെയുണ്ടെങ്കിലും ഇക്കുറിയും കോഹ്‍ലിക്കു മുന്നിലെ വെല്ലുവിളികൾ കടുത്തതാകുമെന്ന് പ്രവചിച്ച് സാക്ഷാൽ ഗ്ലെൻ മഗ്രാത്ത് രംഗത്ത്. വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

കോഹ്‍ലിക്ക് കാര്യമായ മാറ്റം വന്നുവെന്നത് സത്യം തന്നെ. പ്രതിഭയുടെ കാര്യത്തിലും കോഹ്‍ലിയെ സംശയിക്കാൻ കാരണങ്ങളൊന്നുമില്ല. എങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത്തരം സാഹചര്യങ്ങളുമായി ചിരപരിചിതനും അതു മുതലെടുക്കാൻ മിടുക്കനുമായ ജയിംസ് ആന്‍‍ഡേഴ്സനേപ്പോലുള്ളവർക്ക് കോഹ്‍ലിക്ക് വെല്ലുവിളി ഉയർത്താനാകും. മികവു തെളിയിക്കാൻ കോഹ്‍ലി കഠിനാധ്വാനം ചെയ്യേണ്ടിവരും. സാധാരണപോലെ പോയി തന്റെ സ്വാഭാവികമായ കളി പുറത്തെടുത്തു മടങ്ങാൻ ഇംഗ്ലണ്ടിൽ കോഹ്‍ലിക്കു സാധിക്കുമെന്ന് തോന്നുന്നില്ല. ഏതു സാഹചര്യവുമായും വേഗത്തിൽ പൊരുത്തപ്പെടാൻ കോഹ്‌ലിക്കു സാധിക്കും. എന്തായാലും കോഹ‍്‌ലി–ആൻഡേഴ്സൻ പോരാട്ടം കാണാൻ ഞാനും കാത്തിരിക്കുകയാണ് – മഗ്രാത്ത് പറഞ്ഞു.

ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകുമെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു. മികച്ച നിയന്ത്രണത്തോടെ പന്തെറിയുന്നവരാണ് ഇരുവരും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ അതാണ് വേണ്ടതും. സ്ഥിരത പുലർത്താനായാൽ ഇംഗ്ലണ്ടിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇരുവർക്കുമാകുമെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.