വിക്കറ്റിന് പിന്നിൽ ധോണിയോട് കളി വേണ്ട; പാക്ക് താരത്തെയും മറികടന്നു

മാഞ്ചസ്റ്റർ∙ സ്റ്റംപിങ്ങുകളുടെ കാര്യത്തിൽ പാക്ക് താരം കമ്രാൻ അക്മലിനെയും മറികടന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ സ്റ്റംപിങ്ങുകളുടെ എണ്ണത്തിലാണ് ധോണി പാക്ക് താരത്തെയും മറികടന്ന് ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിനു മുൻപ്‍ 31 സ്റ്റംപിങ്ങുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ധോണി. എന്നാൽ ഇംഗ്ലണ്ടിനെതിരെ രണ്ട് സ്റ്റംപിങ്ങുകൾ കൂടി പൂർത്തിയാക്കി ധോണി കമ്രാൻ അക്മലിനെ മറികടക്കുകയായിരുന്നു.

33 സ്റ്റംപിങ്ങുകളുമായി ധോണിയാണ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. 91 മൽസരങ്ങളിൽ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ രണ്ടാമതുള്ള കമ്രാന്‍ അക്മലിന് നിലവിൽ 32 സ്റ്റംപിങ്ങുകളുണ്ട്. മൂന്നാമതുള്ളത് അഫ്ഗാൻ താരം മുഹമ്മദ് ഷഹ്സാദാണ്. 

ട്വന്റി20 രാജ്യാന്തര മൽസരങ്ങളില്‍ ക്യാച്ചുകളുടെ കാര്യത്തിലും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ തന്നെയാണ് മുന്നിലുള്ളത്. കുട്ടിക്രിക്കറ്റിലെ 49 ക്യാച്ചുകൾ ധോണി സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാമതുള്ള വെസ്റ്റ് ഇൻഡീസ് കീപ്പർ ദിനേഷ് രാംദിന് 34 ക്യാച്ചുകൾ മാത്രമാണുള്ളത്. പക്ഷേ ഏകദിന ക്രിക്കറ്റിൽ ക്യാച്ചുകളുടെ കാര്യത്തിൽ ധോണി നാലാം സ്ഥാനത്താണ്. ആദം ഗിൽക്രിസ്റ്റ് (417), മാർക് ബൗച്ചർ (402), കുമാർ സംഗക്കാര (383) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാർ. ഏകദിനത്തിൽ ധോണി 297 തവണ ക്യാച്ചെടുത്തിട്ടുണ്ട്. ഏകദിന സ്റ്റംപിങ്ങിലും ധോണി തന്നെയാണ് ഒന്നാമത്. 

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മൽസരങ്ങളിൽനിന്ന് 2000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മൽസരത്തിൽ കോഹ്‌ലിയും സ്വന്തമാക്കി. 56 ഇന്നിങ്സുകളിൽനിന്നാണു കോഹ്‌ലി 2000 റൺസ് തികച്ചത്. 66 ഇന്നിങ്സുകളിൽനിന്ന് 2000 റൺസ് തികച്ച മുൻ ന്യൂസീലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 49.07 റൺസാണു ട്വന്റി20യിൽ കോഹ്‌ലിയുടെ ശരാശരി.