തനിസ്വരൂപം കാട്ടി രാഹുലും കുൽദീപും; പകച്ചുപോയി ഇംഗ്ലണ്ട്

ലോകേഷ് രാഹുൽ, കുൽദീപ് യാദവ്

ഇംഗ്ലണ്ടിനെതിരായ പര്യടനം ടീം ഇന്ത്യ വിജയത്തോടെ തന്നെ തുടങ്ങി. ഒന്നാം ട്വന്റി20 മൽസരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയ്ക്ക് 1–0ന്റെ ലീഡും ലഭിച്ചു. ചൊവ്വാഴ്ചത്തെ ഇന്ത്യൻ ജയം സത്യത്തിൽ രണ്ട് പേർക്ക് അവകാശപ്പെട്ടതാണ് ലോകേഷ് രാഹുലിനും ചൈനാമാൻ ബൗളർ കുൽദീപ് യാദവിനും. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇരുവരും കാട്ടിയ ഇന്ദ്രജാലം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഒരു പക്ഷേ ഇത്രയും മികച്ചൊരു ജയം മാഞ്ചസ്റ്ററിൽ സ്വന്തമാക്കാനാകില്ലായിരുന്നു.

ഇരുവരെയും വാനോളം പുകഴ്ത്താന്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും മറന്നില്ല. ഐപിഎല്‍ മുതൽ രാഹുല്‍ മികച്ച ബാറ്റിങ്ങാണ് കാഴ്ച വയ്ക്കുന്നതെന്ന് കോഹ്‍ലി പറഞ്ഞു. ഇന്ത്യയ്ക്കു മുന്നോട്ടുപോകുന്നതിന് ഇതുപോലുള്ള താരങ്ങളെയാണ് ആവശ്യം. ഒരു സ്ഥാനത്ത് കളിക്കുന്ന താരത്തെയല്ല. എല്ലാ സ്ഥാനങ്ങളിലും തിളങ്ങുന്നവരെയാണ് ടീം ഇന്ത്യയ്ക്ക് ആവശ്യം. ലോകേഷിന്റെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ നാഴികക്കല്ലാണെന്നും കോഹ്‍ലി പ്രതികരിച്ചു. 

ഈ ജയം ലോകേഷ് രാഹുലിന്റേത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായത് ലോകേഷ് രാഹുലാണ്. വെറും 54 പന്തുകൾ മാത്രം നേരിട്ട താരം അടിച്ചുകൂട്ടിയത് 101 റൺസായിരുന്നു. അഞ്ചു സിക്സറുകളും അതിന്റെ ഇരട്ടി ഫോറുകളും പിറന്നു രാഹുലിന്റെ ബാറ്റിൽ നിന്ന്. ട്വന്റി20യിലെ രാഹുലിന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണ് മാഞ്ചസ്റ്ററിൽ‌ ചൊവ്വാഴ്ച പിറന്നത്.

ട്വന്റി20യിൽ 17 മൽസരങ്ങൾ മാത്രമാണ് രാഹുൽ ഇതുവരെ കളിച്ചിട്ടുള്ളത്. 15 ഇന്നിങ്സുകളിൽ നിന്നായി 671 റൺസ് രാജ്യാന്തര മൽസരങ്ങളിൽ നിന്ന് നേടി. ഉയർന്ന സ്കോർ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 110 റൺസ്. 51 പന്തുകളിൽ നിന്നായിരുന്നു രാഹുലിന്റെ സെഞ്ചുറി പ്രകടനം. ഇതിനു പുറമെ നാല് അർധസെഞ്ചുറി പ്രകടനവും ട്വന്റി20 മല്‍സരങ്ങളില്‍ രാഹുൽ സ്വന്തമാക്കി. 

ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ രാഹുലിന്റെ മികച്ച പ്രകടനങ്ങൾ

∙ 51 പന്തിൽ 110 ( വെസ്റ്റ് ഇൻഡീസിനെതിരെ)

∙ 49 പന്തിൽ 89 (ശ്രീലങ്കയ്ക്കെതിരെ)

∙ 36 പന്തിൽ 70 (അയർലൻഡിനെതിരെ )

∙ 54 പന്തിൽ 101 (ഇംഗ്ലണ്ടിനെതിരെ)

ചൈനാമാൻ സൂപ്പർമാൻ

ബാറ്റിങ്ങിൽ രാഹുൽ കസറിയപ്പോഴും കാണാതെ പോകരുത് ഇംഗ്ലണ്ട് ടീമിനെ തകർത്തുവിട്ട ഇന്ത്യയുടെ സ്വന്തം ചൈനാമാനെ. അതെ കുൽദീപ് യാദവെന്ന സ്പിൻ ബൗളർ ചൊവ്വാഴ്ചത്തെ മല്‍സരത്തിൽ ഒരു പക്ഷേ തിളങ്ങിയിരുന്നില്ലെങ്കിൽ മൽസരത്തിന്റെ ഫലം തന്നെ മറ്റൊന്നായേനെ. നാല് ഓവറുകളെറിഞ്ഞ കുൽദീപ് വിട്ടുകൊടുത്ത റൺസ് വെറും 24 മാത്രം. ബൗണ്ടറികളുടെ എണ്ണം നോക്കുക, ഒരു ഫോർ, ഒരു സിക്സ്. ഒപ്പം അഞ്ച് വിക്കറ്റ് പ്രകടനവും.

ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നട്ടെല്ലായ ജോസ് ബട്‍ലർ, അലക്സ് ഹെയ്ൽസ്, ഇയാൻ മോർഗൻ, ബെയർസ്റ്റോ,ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് മൽസരത്തിൽ കുല്‍ദീപ് വീഴ്ത്തിയത്. 14–ാം ഓവറിൽ താരം വീഴ്ത്തിയ മൂന്നു വിക്കറ്റുകൾ മൽസരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.  

കുൽദീപ് യാദവിന്റെ 14–ാം ഓവർ‌

13.1– ഇയാൻ മോർഗൻ കോഹ്‍ലിക്ക് ക്യാച്ച് നൽകി പുറത്താകുന്നു

13.2– ഒരു റൺ

13.3– ബെയര്‍സ്റ്റോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുന്നു

13.4– ജോറൂട്ടിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുന്നു

13.5– ഒരു റൺ

13.6– ഒരു റൺ

14–ാം ഓവറിലെ മൂന്നു വിക്കറ്റുകളുള്‍പ്പെടെ അഞ്ച് വിക്കറ്റുകൾ കുൽദീപ് മൽസരത്തിൽ സ്വന്തമാക്കി. ഈ ഓവറിൽ ആകെ വിട്ടുനൽകിയതും മൂന്നു റണ്‍സ് മാത്രം. ഫലം രണ്ടിന് 106 എന്ന നിലയിൽ നിന്ന് അഞ്ചിന് 109 എന്ന അവസ്ഥയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.