ധോണി എങ്ങും പോകുന്നില്ല, ഉടനെ വിരമിക്കുന്നുമില്ല: ശാസ്ത്രിയുടെ മറുപടി

അംപയറില്‍ നിന്ന് പന്ത് ചോദിച്ചു വാങ്ങുന്ന ധോണി

ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യം സഹിതമാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്. സാധാരണ മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴോ ടീം വിജയം നേടുമ്പോഴോ ആണ് അതിന്റെ ഓർമയ്ക്കായി താരങ്ങൾ സ്റ്റംപോ ബെയ്‌ലോ പന്തോ സ്വന്തമാക്കി സൂക്ഷിക്കാറ്. എന്നാൽ, ഇന്ത്യ തോൽക്കുകയും പരമ്പര കൈവിടുകയും ചെയ്ത മൽസരത്തിനൊടുവിൽ ധോണി പന്തു ചോദിച്ചുവാങ്ങിയതോടെ താരം വിരമിക്കുമെന്ന അഭ്യൂഹം പരക്കുകയായിരുന്നു.

എന്നാൽ എല്ലാ സംശയങ്ങൾക്കും കൃത്യമായ ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അംപയറിൽനിന്ന് ചോദിച്ചുവാങ്ങിയ പന്ത് ബോളിങ് പരിശീലകൻ ഭരത് അരുണിനെ കാണിച്ച് അതിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യമത്രേ.

ആ പന്ത് ചോദിച്ചു വാങ്ങിയത് ഭരത് അരുണിനെ കാണിക്കാനായിരുന്നു. പന്തിൽ വന്ന മാറ്റങ്ങൾ അപഗ്രഥിച്ച് പിച്ചിനെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യം – രവി ശാസ്ത്രി പറഞ്ഞു. ധോണി കുറേക്കാലത്തേക്കു കൂടി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ധോണി എവിടേക്കും പോകുന്നില്ല. ഉടൻ വിരമിക്കുന്നില്ല – രവി ശാസ്ത്രി വ്യക്തമാക്കി. 

നേരത്തെ, മൽസരശേഷം കോഹ്‌ലിക്കു പിന്നിലായി അംപയർമാർക്കൊപ്പം നടന്നെത്തിയ ധോണി പന്ത് ചോദിച്ചുവാങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്. പതിവായി കളി കഴിഞ്ഞ് സ്റ്റംപുകളിലൊന്ന് ഊരിയെടുക്കാറുള്ള ധോണി ഇത്തവണ പന്ത് ചോദിച്ചുവാങ്ങിയത് വിരമിക്കലിന്റെ സൂചനയാണെന്നായി ഊഹാപോഹങ്ങൾ. ചർച്ച സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ധോണി വിരമിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളും ഇതിന് അകമ്പടിയായി.

2014ലെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയ്ക്കു വച്ച് അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ധോണി, ഇപ്പോഴത്തെ മങ്ങിയ ഫോമിന്റെ പശ്ചാത്തലത്തിൽ വെടിപൊട്ടിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു നല്ലൊരുപങ്ക് ക്രിക്കറ്റ് ആരാധകരും. ഐപിഎൽ ക്രിക്കറ്റിൽ ധോണി തുടരുമെന്ന തരത്തിലും പ്രചാരണമുണ്ടായി.