ഭുവിയുടെ പരുക്ക് ‘കളിപ്പിച്ച്’ വഷളാക്കിയതോ? ബിസിസിഐയ്ക്ക് അതൃപ്തി

ലണ്ടൻ∙ പേസ് ബോളർ ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കളിപ്പിച്ചത് പരുക്കുമാറാതെ? ഐപിഎൽ കാലം മുതൽ പുറംവേദന നിമിത്തം ബുദ്ധിമുട്ടുന്ന ഭുവനേശ്വർ കുമാർ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പരുക്കുമൂലം കളിച്ചിരുന്നില്ല. നിർണായകമായ മൂന്നാം ഏകദിനത്തിൽ കളിക്കുകയും ചെയ്തു.

എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച സിലക്ഷൻ കമ്മിറ്റി, ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. പരുക്കുമൂലം താരം ബുദ്ധിമുട്ടുകയാണെന്നും പൂർണ സൗഖ്യം പ്രാപിക്കാതെ താരത്തെ കളിപ്പിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു.

ഇതോടെയാണ് മൂന്നാം ഏകദിനത്തിൽ ഭുവിയെ കളിപ്പിച്ചത് പരുക്കോടെയാണെന്ന് വ്യക്തമായത്. മൂന്നാം ഏകദിനത്തിനു പിന്നാലെ ഭുവനേശ്വർ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഐപിഎൽ സീസണിൽ ബാധിച്ച പുറംവേദന മൂലം അന്നുതന്നെ ചില മൽസരങ്ങൾ ഭുവനേശ്വർ കുമാറിനു നഷ്ടമായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മൽസരത്തിൽനിന്ന് ഭുവിക്ക് സിലക്ടർമാർ വിശ്രമം അനുവദിച്ചു. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള മുന്നൊരുക്കമെന്ന നിലയിലായിരുന്നു ഇത്.

പരുക്കുമാറാതെ വന്നതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ താരത്തിന് വിശ്രമം അനുവദിക്കുമെന്ന കരുതിയെങ്കിലും താരത്തെ ടീമിലെടുത്തു. മറ്റൊരു പ്രധാന ബോളറായ ജസ്പ്രീത് ബുംമ്ര കൂടി പരുക്കുമൂലം പുറത്തായ സാഹചര്യത്തിലായിരുന്നു ഇത്. ആദ്യ ഏകദിനത്തിനു പിന്നാലെ പരുക്കിന്റെ കാഠിന്യം വർധിച്ചതോടെ രണ്ടാം ഏകദിനത്തിൽ വീണ്ടും വിശ്രമം അനുവദിച്ചു. എന്നാൽ, മൂന്നാം ഏകദിനത്തിൽ താരത്തെ കളിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ടീമിന്റെ ഫിസിയോ പാട്രിക് ഫർഹാർട്ടും ട്രെയിനർ ശങ്കർ ബസുവും സംശയനിഴലിലായി. നേരത്തെ തന്നെ ഇവരോട് ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്ന പരസ്യമായ രഹസ്യമാണ്.

ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഇവർ കൊണ്ടുവന്ന ‘യോ യോ ടെസ്റ്റ്’ മാനദണ്ഡത്തിന്റെ പേരിലാണ് ബിസിസിഐയിലെ ഒരുവിഭാഗത്തിന് ഇവരോട് എതിർപ്പുള്ളത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന് യോ യോ ടെസ്റ്റ് എങ്ങനെയാണ് മാനദണ്ഡമാക്കുക എന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിന് യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, പരുക്കുള്ള ഭുവനേശ്വർ കുമാർ എങ്ങനെ യോ യോ ടെസ്റ്റ് പാസായെന്നും ഇവർ ചോദിക്കുന്നു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ എ ടീമിൽ കളിക്കാനുള്ള അവസരം നഷ്ടമായിരുന്നു.