ഇന്ത്യൻ ക്രിക്കറ്റിൽ ദലിതരെവിടെ? ലേഖനത്തെച്ചൊല്ലി വിവാദം

ദലിത്, ആദിവാസി വിഭാഗക്കാർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ‘ദ് വയർ ഡോട്ട് കോമി’ല്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെച്ചൊല്ലി വിവാദം. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച പിന്നാക്ക വിഭാഗത്തിൽപ്പെട്ട താരങ്ങളുടെ കണക്കുകൾ ഉദ്ധരിച്ചാണ് ദ് വയർ ഡോട്ട് കോം കഴിഞ്ഞ ദിവസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ടിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഞായറാഴ്ച രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്.

ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽനിന്ന് അടുത്തിടെ പഠിച്ചിറങ്ങിയ ശുഭം ജയിൻ, ഗൗരവ് ഭാവ്‍നാനി എന്നിവരാണ് ലേഖനം എഴുതിയിരിക്കുന്നത്. ടെസ്റ്റ് പദവി ലഭിച്ചശേഷമുള്ള കഴിഞ്ഞ 86 വർഷങ്ങൾക്കിടെ ആകെ 290 താരങ്ങളാണ് ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ലേഖനം ആരംഭിക്കുന്നത്. ഇതിൽ എസ്‌സി, എസ്ടി വിഭാഗത്തിൽനിന്ന് ആകെ നാലുപേർ മാത്രം. ജനസംഖ്യാനുപാദം അനുസരിച്ച് ഇക്കാലയളവിൽ പിന്നാക്കവിഭാഗത്തിൽ നിന്ന് ചുരുങ്ങിയത് 70 പേരെങ്കിലും ടീമിൽ ഇടം പിടിക്കേണ്ടതായിരുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണാഫ്രിക്കയിലേതുപോലെ സംവരണ സംവിധാനം ഏർപ്പെടുത്തിയാൽ പിന്നാക്ക വിഭാഗക്കാർക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കി ടീമിന് വൈവിധ്യം സമ്മാനിക്കുന്ന തരത്തിൽ നിലവിലെ പോരായ്മകളെ മറികടക്കാനാകുമെന്നും റിപ്പോർട്ടിലുണ്ട്. നിസാരമെന്നു തോന്നാമെങ്കിലും അതീവശ്രദ്ധ പതിയേണ്ട വിഷയമാണ് ഇതെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും മുൻപ് പിന്നാക്ക വിഭാഗക്കാർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കൈഫിന്റെ ട്വീറ്റ് ഇങ്ങനെ

'പിന്നാക്കവിഭാഗത്തിൽപ്പെട്ട എത്ര മുതിർന്ന മാധ്യമപ്രവർത്തകരുണ്ട് നിങ്ങളുടെ മേഖലയിൽ? എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട എത്ര സീനിയർ എഡിറ്റർമാരുണ്ട്? ജാതി, മത സമവാക്യങ്ങൾ പൊളിച്ചെഴുതിയ മേഖലയാണ് കായികം. പക്ഷേ വിദ്വേഷം പരത്തുന്ന മാധ്യമപ്രവർത്തകരുള്ളപ്പോൾ എന്തുപറയാനാണ്'

ദ് വയർ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

കറുത്ത വർഗക്കാരായ താരങ്ങൾക്ക് ദേശീയ ടീമിൽ അവഗണന നേരിട്ടപ്പോഴാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ എല്ലാ തലങ്ങളിലും ആദ്യ ഇലവനിൽ സംവരണം കൊണ്ടുവന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ആറ് കറുത്ത വർഗ്ഗക്കാരായ താരങ്ങളെയെങ്കിലും ദേശീയ ടീമിലുൾപ്പെടുത്തണമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ നിയമം. ന്യൂനപക്ഷപ്രാതിനിധ്യം വർധിപ്പിക്കാനാണ് ഈ നീക്കം. അതേസമയം, ഇന്ത്യക്കാർ ഏറ്റവും ആവേശത്തോടെ പിന്തുടരുന്ന കായികയിനമാണെങ്കിലും അതിലെ കളിക്കാരുടെ സാമൂഹിക–സാമ്പത്തിക പശ്ചാത്തലങ്ങൾ വളരെ അപൂർവമായി മാത്രമാണ് പരിശോധിക്കപ്പെട്ടിട്ടുള്ളതെന്നും ലേഖനത്തിലുണ്ട്.

ചരിത്രത്തിലെ ‘പിന്നോക്കാവസ്ഥ’

പിന്നാക്ക വിഭാഗങ്ങളുടെ ഇന്ത്യൻ ക്രിക്കറ്റിലെ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങളും ഈ വിഷയത്തിൽ നടന്നിട്ടുള്ള സംവാദങ്ങളുടെ ചരിത്രപശ്ചാത്തലവും റിപ്പോർട്ട് പരിശോധിക്കുന്നു. 1970കളിലും 80കളിലും ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഉദയം കൊണ്ടത് പ്രധാനമായും ആറു നഗരങ്ങളിൽനിന്നാണെന്നും ലേഖനം പറഞ്ഞുവയ്ക്കുന്നു. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നിവയാണ് ആ നഗരങ്ങൾ. അതേസമയം, പിന്നീട് ഈ നഗരങ്ങളിൽനിന്നുള്ള താരങ്ങളുടെ പ്രാതിനിധ്യം 40 ശതമാനത്തിലേക്ക് താഴ്ന്നതായും ലേഖനം വിലയിരുത്തുന്നു.

ഈ ആറു നഗരങ്ങൾക്കു പുറമേ ചെറുകിട നഗരങ്ങളിൽനിന്നും ക്രിക്കറ്റ് താരങ്ങൾ ഉദയം ചെയ്യാനാരംഭിച്ച കാലത്തുതന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുസ്‍ലിം പ്രാതിനിധ്യം വർധിച്ചതെന്നും ലേഖനം പറയുന്നു. 1950കളിൽ വെറും നാലു ശതമാനമായിരുന്നു ടീമിലെ മുസ്‍ലിം പ്രാതിനിധ്യമെങ്കിൽ ഇപ്പോളിത് 12.5 ശതമാനമാണ്.

ഈ നൂറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ എട്ട് മുസ്‍ലിം താരങ്ങളിൽ രണ്ടു പേർ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ മേൽപ്പറഞ്ഞ ആറു നഗരങ്ങളിൽനിന്ന് വന്നിട്ടുള്ളത്. സാമ്പത്തികമായി താഴേത്തട്ടിലുള്ള മുസ്‍ലിം കുടുംബങ്ങളിൽനിന്നാണ് കൂടുതൽ മുസ്‍ലിം താരങ്ങളും ഉയർന്നു വന്നിട്ടുള്ളതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

പിന്നാക്ക വിഭാഗക്കാർക്ക് ബോളിങ് മാത്രം?

വിവിധ ടീമുകളിലുള്ള പിന്നാക്ക വിഭാഗക്കാരിൽ കൂടുതലും ബോളർമാരോ ഓൾ‌റൗണ്ടർമാരോ ആണെന്ന ‘കണ്ടെത്തലും’ റിപ്പോർട്ടിലുണ്ട്. കറുത്ത വർഗ്ഗക്കാർക്ക് സംവരണമുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ പോലും ടെസ്റ്റിൽ കളിച്ചിട്ടുള്ള ഏക ബാറ്റ്സ്മാൻ ടെംബ ബവുമയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയൻ ജഴ്സിയണിഞ്ഞിട്ടുള്ള ആദിവാസി വിഭാഗക്കാരിൽ ഡാർസി ഷോർട്ട് മാത്രമാണ് ബാറ്റ്സ്മാൻ.

ഇന്ത്യൻ ടീമിലും സമാനമാണ് അവസ്ഥ. ദലിത് വിഭാഗത്തിൽപ്പെട്ട നാല് ടെസ്റ്റ് താരങ്ങളിൽ മൂന്നു പേരും പേസ് ബോളിങ് ഓൾറൗണ്ടർമാരാണ്. ഈ നൂറ്റാണ്ടിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച എട്ടു മുസ്‍ലിം താരങ്ങളിൽ അഞ്ചു പേരും പേസ് ബോളർമാരാണ്. ഐപിഎല്ലിൽ കളിച്ച 27 മുസ്‍ലിം താരങ്ങൾ ബോളർമാരായിരുന്നു. എട്ടു പേർ ഓൾറൗണ്ടർമാരും. അതേസമയം, ഐപിഎല്ലിൽ കളിച്ച മുസ്‍ലിം ബാറ്റ്സ്മാന്മാർ എട്ടു പേർ മാത്രം.

ബാറ്റ്സ്മാൻക്ക് പരിശീലനത്തിന് വിലകൂടിയ സംവിധാനങ്ങൾ ആവശ്യമായതിനാലാകാം പിന്നാക്ക വിഭാഗക്കാർ കൂടുതലും ബോളർമാരാകാൻ കാരണമെന്നും ലേഖനം അഭിപ്രായപ്പെടുന്നു. ബാറ്റിങ് പരിശീലനത്തിനും അതിനാവശ്യമായ സാധനസാമഗ്രികൾക്കും ചെലവു കൂടുതലായതിനാലാണ് താൻ ബോളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ ബോളിങ് വിസ്മയം ലുങ്കി എൻഗിഡിയുടെ പ്രസ്താവനയും ലേഖനം എടുത്തുകാട്ടുന്നു.

ദലിതരുടെ കാര്യം കൂടുതൽ കഷ്ടം

മുസ്‍ലിം, ദലിത് വിഭാഗക്കാർ ഇന്ത്യൻ ക്രിക്കറ്റിൽ കടുത്ത അവഗണനയാണ് നേരിടുന്നതെങ്കിലും അതിൽത്തന്നെ ദലിതരുടെ കാര്യം കൂടുതൽ പരിതാപകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‍ലിം താരങ്ങൾക്ക് താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചതു തന്നെ കാരണം. 19–ാം നൂറ്റാണ്ടു മുതൽ നിരവധി ടൂർണമെന്റുകളിൽ മുസ്‍ലിം ടീമുകൾ പങ്കെടുത്തിരുന്നു. വിവിധ മു‍സ്‍ലിം കോളജുകൾക്കും സ്വന്തമായി ടീമുണ്ടായിരുന്നു. ഇത് മു‍സ്‍ലിംകൾക്കിടയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി.

അതേസമയം, ദലിത് വിഭാഗക്കാർ ഹിന്ദു ടീമുകളിൽ അംഗത്വം നേടുന്നത് വിരളമായിരുന്നു. അന്നുമുതലേ ഇവർക്ക് പ്രാതിനിധ്യം കിട്ടിയിരുന്നില്ലെന്ന് അർഥം. മുസ്‍ലിം സമൂഹത്തിൽ മാതൃകയാക്കാവുന്ന ഒരുപിടി താരങ്ങളും ആദ്യം മുതൽക്കേ ഉയർന്നുവന്നു. മൻസൂർ അലിഖാൻ പട്ടൗഡി, സയ്യിദ് മുഷ്താഖ് അലി തുടങ്ങിയവർ തന്നെ ഉദാഹരണം. ഇവരുടെ പേരിലാണ് ഇന്ത്യയിലെ പ്രശസ്തമായ ടൂർണമെന്റുകൾ പോലും.

സമീപകാലത്തും ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഒരുപിടി താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സഹീർ ഖാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, ഇർഫാൻ പഠാൻ എന്നിവർ തന്നെ ഉദാഹരണം. രാഷ്ട്രീയ മേഖലയിൽ പോലും തങ്ങളുടെ മുസ്‍ലിം സ്വത്വത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളവരാണ് അസ്ഹറുദ്ദീനും പഠാനും. എന്നാൽ, ദലിത് വിഭാഗക്കാർക്ക് മാതൃകയാക്കാവുന്ന താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സംവരണം തന്നെ പരിഹാരമാർഗം

ദക്ഷിണാഫ്രിക്കയ്ക്ക് സമാനമായി ഇന്ത്യൻ ടീമിൽ പിന്നാക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുകയാണ് ഈ അസമത്വം പരിഹരിക്കാനുള്ള മാർഗമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. സംവരണം ഉറപ്പാക്കിയതുകൊണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. കണക്കുകൾ നോക്കി മാത്രം ടീമിനെ തിരഞ്ഞെടുക്കാതെ പ്രതിഭയുടെ മിന്നലാട്ടങ്ങളും മാനദണ്ഡമാക്കണമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ട് താരം മാർക്കസ് ട്രെസ്കോത്തിക്കിനെ ഇക്കാര്യത്തിൽ അവർ ഉദാഹരണമായും എടുത്തുകാട്ടുന്നു. ആഭ്യന്തര തലത്തിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ട്രെസ്കോത്തിക്കിന്റേത്. എന്നിട്ടും താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ഇംഗ്ലിഷ് സെലക്ടർമാർ അദ്ദേഹത്തെ ടീമിലെടുത്തു. പിന്നീട് ഇംഗ്ലിഷ് ക്രിക്കറ്റിലെ സൂപ്പർതാരങ്ങളിൽ ഒരാളായി ട്രെസ്കോത്തിക് മാറിയെന്നും ലേഖനം വ്യക്തമാക്കുന്നു.

പ്രതിഭ മാനദണ്ഡമാക്കി ഒരു ദലിത് വിഭാഗക്കാരൻ ടീമിലെത്തുകയും അദ്ദേഹം ദേശീയ ടീമിനായി സെഞ്ചുറികൾ (കുറഞ്ഞപക്ഷം ഒരു സെഞ്ചുറിയെങ്കിലും) നേടുകയും ചെയ്താൽ, അത് ആയിരങ്ങൾക്ക് പ്രചോദനമാകുമെന്നും ലേഖനം അവകാശപ്പെടുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീമിലെ കറുത്ത വംശജനായ ഏക ബാറ്റ്സ്മാനായിരുന്ന ടെംബ ബവുമയുടെ ഏക സെഞ്ചുറി കറുത്ത വർഗക്കാരായ താരങ്ങളെ പ്രചോദിപ്പിച്ചതു പോലെതന്നെ – ലേഖനം പറയുന്നു.