കോ‍ഹ്‍ലിയെ ഇംഗ്ലിഷുകാർക്ക് ശരിക്ക് മനസ്സിലാകും: ശാസ്ത്രി

ബർമിങ്ഹാം∙ കഴിഞ്ഞ നാലു വർഷ കാലയളവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വളരെയധികം മാറിക്കഴിഞ്ഞതായി പരിശീലകൻ രവി ശാസ്ത്രി. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കോഹ്‍ലി എണ്ണപ്പെടാനുള്ള കാരണം ബ്രിട്ടിഷുകാർക്ക് ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ മനസ്സിലാകുമെന്നും ശാസ്ത്രി മുന്നറിയിപ്പു നൽകി. പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഓഗസ്റ്റ് ഒന്നിന് തുടക്കമാകാനിരിക്കെയാണ് മുന്നറിയിപ്പുമായി ശാസ്ത്രിയുടെ രംഗപ്രവേശം.

ഇന്ത്യയുടെ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ വിരാട് കോഹ്‍ലി തീർത്തും മോശം ഫോമിലായിരുന്നു. കോഹ്‍ലിയുടെ കരിയറിലെ തന്നെ ഏറ്റവും ‘ദുരന്ത’മായി മാറിയ പരമ്പരയായിരുന്നു അത്. അഞ്ച് ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളിലായി 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു കോഹ്‍ലിയുടെ സ്കോറുകൾ. 10 ഇന്നിങ്സിലെ ആകെ ശരാശരി 13.50 റൺസും!

അതുകൊണ്ടുതന്നെ, അന്നത്തെ സമ്പൂർണ പരാജയത്തിന് നായകനായുള്ള ആദ്യ വരവിൽ കോഹ്‍ലി എങ്ങനെ ‘പ്രതികാരം’ ചെയ്യുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിൽനിന്ന് ബാറ്റ്സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കോഹ്‍ലി ഏറെ വളരുകയും െചയ്തിരിക്കുന്നു.

കോഹ്‍ലിയുടെ റെക്കോർഡുകളിലൂടെ കണ്ണോടിക്കൂ. കഴിഞ്ഞ നാലു വർഷ കാലളയളവിൽ കോഹ്‍ലി സ്വന്തമാക്കിയ നേട്ടങ്ങൾ ഞാൻ വിവരിക്കേണ്ടതില്ല. ഇത്തരം ഫോമിൽ കളിക്കുമ്പോൾ ഒരാളുടെ മാനസിക നില തന്നെ വേറെ തലത്തിൽ ആയിരിക്കും. ഏതു ടെസ്റ്റ് മൽസരമായാലും വരുന്നതുപോലെ കാണാനും അപ്പോൾ നമുക്കാകും – ശാസ്ത്രി ചൂണ്ടിക്കാട്ടി.

ശരിയാണ്, നാലു വർഷങ്ങൾക്കു മുൻപ് ഇവിടേക്ക് വന്നപ്പോൾ മോശം പ്രകടനമായിരുന്നിരിക്കാം കോഹ്‍ലിയുടേത്. എങ്കിലും, ഈ നാലു വർഷ കാലയളവുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കോഹ്‍ലി വളർന്നു കഴിഞ്ഞു. എന്തുകൊണ്ടാണ് താൻ ലോകത്തെ മികച്ച താരമായതെന്ന് ഇംഗ്ലിഷുകാർക്കു മുന്നിൽ തെളിയിക്കാൻ കോഹ്‍ലിക്കും താൽപര്യം കാണുമല്ലോ – ശാസ്ത്രി പറഞ്ഞു.

എക്കാലവും ആക്രമണോത്സുകതയോടെ ക്രിക്കറ്റിനെ സമീപിക്കാനാണ് തനിക്കിഷ്ടമെന്നും ശാസ്ത്രി വെളിപ്പെടുത്തി. ഭയരഹിതമായ സമീപനമാണ് എക്കാലവും താൽപര്യം. നമ്മുടെ തോന്നലുകളിൽ വിശ്വസിക്കുക. സ്വാഭാവികമായി കളി പുറത്തെടുക്കുക. ഫലം താനെ വന്നോളും. ജയിക്കാനായി കളിക്കുക മാത്രം ചെയ്‍താൽ മതി – ശാസ്ത്രി പറഞ്ഞു.

മൽസരങ്ങളുടെ എണ്ണം തികയ്ക്കാനോ, ഇംഗ്ലണ്ടിനെ സമനിലയിൽ പിടിക്കാനോ അല്ല നമ്മൾ ഇവിടെ വന്നിരിക്കുന്നത്. മൽസരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ്. ജയിക്കാനായി കളിക്കുമ്പോൾ ഒരു മൽസരം തോറ്റാലും നിർഭാഗ്യം എന്നു മാത്രമേയുള്ളൂ. തോൽക്കുന്നതിനേക്കാൾ മൽസരങ്ങൾ ജയിക്കുന്നിടത്തോളം നമ്മൾ സന്തോഷവാൻമാർ തന്നെ – ശാസ്ത്രി ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ടീമാണ് ഇന്ത്യയെന്നും ശാസ്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽപ്പോലും ശ്രദ്ധേയമായ പ്രകടനമായിരുന്നു നമ്മുടേത്. അതേ മികവ് ഇവിടെയും തുടരുകയാണ് വേണ്ടത്. വിദേശ പിച്ചുകളിലും സ്ഥിരത പുലർത്തുകയെന്നതാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി.

വിദേശമണ്ണിൽ മികച്ച റെക്കോർഡുള്ള ടീമാകാനുള്ള എല്ലാ യോഗ്യതയും നമുക്കുണ്ട്. ഇത്രയേറെ മികച്ച റെക്കോർഡുള്ള ടീം ഇപ്പോഴത്തെ സാഹചര്യത്തിൽ വേറെയില്ല. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് ഇപ്പോൾ സംഭവിക്കുന്നത് നാം കാണുന്നുണ്ട്. ഇതിനു മുൻപി ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ നമുക്കുതന്നെ സംഭവിച്ചതും എന്താണെന്ന് അറിയാം. അതിലും മികച്ച പ്രകടനം തന്നെ ലക്ഷ്യം.

മൂന്നാം നമ്പറിൽ എക്കാലവും വിശ്വാസമർപ്പിക്കാവുന്ന താരം തന്നെയാണ് ചേതേശ്വർ പൂജാരയെന്നും ശാസ്ത്രി പറഞ്ഞു. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് പൂജാര. എന്റെ അഭിപ്രായത്തിൽ മികച്ചൊരു പ്രകടനത്തിന് ഒരേയൊരു ഇന്നിങ്സ് മാത്രം അകലെയാണ് പൂജാര. ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ് പ്രധാനം. ഒരു ഇന്നിങ്സിൽ 60–70 റൺസ് കടക്കാനായാൽ പൂജാരയ്ക്ക് തീർച്ചയായും വേറൊരു തലത്തിലേക്ക് മാറാൻ സാധിക്കും. ഈ രീതിയിൽ ചിന്തിക്കാൻ പൂജാരയ്ക്ക് സാധിക്കുന്നു എന്നുറപ്പാക്കുക മാത്രമാണ് എന്റെ ജോലി – ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്സിന് നങ്കൂരമിടേണ്ട ചുമതലയും പൂജാരയ്ക്കാണ്. ഇന്ത്യയെ എത്രയോ മൽസരങ്ങളിൽ പൂജാര തോളേറ്റിയിരിക്കുന്നു. ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം അതു നന്നായി ചെയ്താൽ മാത്രം മതി.

ഈ ടെസ്റ്റ് പരമ്പരയിൽ ലോകേഷ് രാഹുലി‍ൽനിന്ന് ‘അപ്രതീക്ഷിതമായ’ ചിലത് പ്രതീക്ഷിക്കാമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. ടീമിനെ മൂന്നാം ഓപ്പണറുടെ സ്ഥാനത്തേക്കാണ് രാഹുലിനെ ഉൾപ്പെടുത്തിയത്. എങ്കിലും നമ്മുടെ ബാറ്റിങ് ഓർഡറിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം. മൂന്നാം ഓപ്പണർക്ക് ആദ്യ നാലു സ്ഥാനങ്ങളിൽ എവിടെയും കളിക്കാം. ഇക്കാര്യത്തിൽ എന്തു പരീക്ഷണങ്ങൾക്കും സാധ്യതയുണ്ട്. എന്തായാലും ചില സർപ്രൈസുകൾ പ്രതീക്ഷിക്കാം – ശാസ്ത്രി പറഞ്ഞു.

ഒരു മൽസരത്തിലെ രണ്ട് ഇന്നിങ്സിലുമായി 20 വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്ന ബോളിങ് നിരയാണ് ഇന്ത്യയ്ക്കുള്ളതെന്നും ശാസ്ത്രി അവകാശപ്പെട്ടു. 20 വിക്കറ്റ് അനായാസം സ്വന്തമാക്കാവുന്ന ബോളിങ് ആക്രമണമാണ് നമ്മുടേത്. ഏകദിന പരമ്പരയിൽ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംമ്രയും പൂർണ കായികക്ഷമതയുള്ളവരായിരുന്നെങ്കിൽ ഫലം തന്നെ മറ്റൊന്നായേനെ. അവർ ടെസ്റ്റ് പരമ്പരയ്ക്കുണ്ടായിരുന്നെങ്കിൽ ടീമിനെ തിരഞ്ഞെടുക്കുന്നത് തീർച്ചയായും എനിക്കൊരു തലവേദനയായേനെ – ശാസ്ത്രി പറഞ്ഞു.